കാവിവർണത്തിലുള്ള വസ്ത്രം ധരിച്ച് വനവാസം അനുഷ്ഠിക്കുന്ന സീതാരാമന്മാരുടെ ചിത്രത്തിന് വലിയ പ്രചാരം ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇത്തരത്തിൽ കാവിവസ്ത്രം ധരിച്ച സീതാ രാമന്മാരുടെ ഒരു വാങ്‌മയ ചിത്രമല്ല വാല്മീകി അവതരിപ്പിക്കുന്നത്. വനവാസത്തിന് തയാറാവുന്ന വേളയിൽ രാമൻ സീതയെ മരവുരി ധരിപ്പിക്കുന്നതു കണ്ട് അന്തഃപുര സ്ത്രീകൾ കണ്ണീരൊഴുക്കി എന്ന് വാല്മീകി വർണിക്കുന്നു (രാമം പ്രേക്ഷ്യ തു സീതായാഃ ബധ്നന്തം ചീരമുത്തമം / അന്തഃപുരചര നാര്യോ മുമുചുർ വാരി നേത്രജം, വാ .രാ. അയോധ്യ കാണ്ഡം, 37.15). എന്നാൽ, വസിഷ്ഠ മഹർഷി സീത മരവുരി ധരിക്കുന്നത് വിലക്കി.
സീതക്ക് ഉത്തമാഭരണങ്ങൾ നൽകാനും അദ്ദേഹം നിർദേശിച്ചു ("അഥോത്തമാന്യാഭരണാനി ദേവി / ദേഹി സ്നുഷായൈ വ്യപനീയ ചീരം / ന ചീരമസ്യാഃ പ്രവിധീയതേതി / ന്യവാരത് തദ്വസനം വസിഷ്ഠ: " വാ. രാ. അയോധ്യ കാണ്ഡം, 37. 34). അവസാനം ദശരഥൻ ഭണ്ഡരാധ്യക്ഷനെ വരുത്തി മഹാർഹങ്ങളായ ഭൂഷണങ്ങളും വസ്ത്രങ്ങളും സീതക്ക് നൽകാൻ ആജ്ഞാപിച്ചു.
സീത ഈ ആഭരണങ്ങൾ അണിഞ്ഞാണ് വനത്തിലേക്ക് പുറപ്പെട്ടതെന്നും വാല്മീകി എഴുതുന്നു (സാ സുജാതാ സുജാതാനി വൈദേഹീ പ്രസ്ഥിതാ വനം ഭൂഷയാമാസ ഗാത്രാണി തൈർ വിചിത്രൈർ വിഭൂഷണൈ, വാ .രാ. അയോധ്യ കാണ്ഡം, 39. 17 ). ഈ ആഭരണങ്ങളാണ് പിന്നീട് സീതയെ രാവണൻ അപഹരിച്ചു കൊണ്ടുപോകുന്ന വഴിയിൽനിന്ന് സുഗ്രീവന് ലഭിക്കുന്നതും.
വനവാസവേളയിൽ സുവിഭൂഷിതയായ സീതയുടെയും മരവുരി ധരിച്ച രാമലക്ഷ്മണന്മാരുടെയും ഒരു വാങ്മയ ചിത്രമാണ് ഇതിലൂടെ വാല്മീകി നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.