ദൃശ്യപരമ്പരകളിലും ചലച്ചിത്രങ്ങളിലും രാജകൊട്ടാരത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന വിധത്തിലാണ് സുഗ്രീവന്റെയും ബാലിയുടെയും കിഷ്കിന്ധ ആവിഷ്കരിക്കപ്പെടാറ്. അയോധ്യ പോലെ കിഷ്കിന്ധ ഒരു നാട്ടുരാജ്യമല്ലെന്ന് തന്നെയാണ് വാല്മീകി രാമായണ പഠനം വ്യക്തമാക്കുന്നത്.
പുലിയുടെയും മാനിന്റെയും ശബ്ദങ്ങളുള്ളതും ഗർജിക്കുന്ന സിംഹങ്ങളോടു കൂടിയതും പൊന്തക്കാടുകളും വള്ളികളും നിറഞ്ഞതും ധാരാളം വൃക്ഷങ്ങൾ തിങ്ങിവളരുന്നതും ശുദ്ധജലം ലഭിക്കുന്ന ജലാശയങ്ങളോടു കൂടിയതുമായ വിശാലമായ വമ്പിച്ച ഗുഹയിലാണ് രാമൻ ലക്ഷ്മണനോടൊപ്പം കിഷ്കിന്ധയിൽ വസിച്ചതെന്ന് വാല്മീകി രാമായണം വർണിക്കുന്നു (കിഷ്കിന്ധാ കാണ്ഡം, 27. 2-5). മലകളുടെ ഇടുക്കിലുള്ളതും വാനരസേനകൾ ഏറെയുള്ളതും കടന്നുചെല്ലാൻ പ്രയാസമുള്ളതുമാണ് കിഷ്കിന്ധാ പുരിയെന്നും വാല്മീകി വിവരിക്കുന്നു (കിഷ്കിന്ധാ കാണ്ഡം, 31. 16). കിഷ്കിന്ധ ഒരു ഗുഹാനഗരിയാണെന്ന് വാല്മീകി മറയില്ലാതെ പ്രസ്താവിക്കുന്നുമുണ്ട്.
കിഷ്കിന്ധയെന്ന മനോഹരമായ ഗുഹയിലേക്ക് ലക്ഷ്മണനെ ക്ഷണിച്ചുകൊണ്ടുപോയി എന്ന് വാല്മീകി രാമായണം പറയുന്നു (പ്രവിവേശ ഗുഹാം രമ്യാം കിഷ്കിന്ധാം രാമശാസനാത്, കിഷ്കിന്ധാ കാണ്ഡം, 33.1). ഈ കിഷ്കിന്ധയാവട്ടെ രത്നങ്ങൾ നിറഞ്ഞതും പുഷ്പിതമായ കാനനം നിറഞ്ഞതും മണിമാളികകൾ അണിനിരക്കുന്നതുമാണെന്നും വാല്മീകി രാമായണം വിശദീകരിക്കുന്നു (സ താം രത്നമയീം ദിവ്യാം ശ്രീമാൻ പുഷ്പിത കാനനാം/രമ്യാം രത്ന സമാകീർ ണാം ദദർശ മഹതീം ഗുഹാം, കിഷ്കിന്ധാ കാണ്ഡം, 33. 4-5). ആപണങ്ങൾ (കച്ചവട സ്ഥലികൾ) നിറഞ്ഞ ഒരിടം കൂടിയാണ് കിഷ്കിന്ധയെന്ന് പാഠഭേദവും കാണാം (നാനാ പണ്യോപശോഭിതാ).
ഇങ്ങനെ നോക്കിയാൽ വനാന്തർ ഭാഗത്തുള്ള ഗുഹാനഗരിയാണ് കിഷ്കിന്ധയെന്ന് അറിയാൻ കഴിയും. തനിക്ക് അപരിചിതമായ മനുഷ്യരെയും സംസ്കാരത്തെയും ആവിഷ്കരിക്കുമ്പോൾ അത് അപരമായി മാറുന്ന പ്രവണത കൂടി ആദികവിയിൽ നിഴലിക്കുന്നുണ്ട് എന്നതും ഇതിനോട് ചേർത്തുവായിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.