രാമഭക്തിയുടെ ഉദാത്ത ചരിതത്തെ സാക്ഷ്യപ്പെടുത്താനായി സേതുബന്ധനത്തെ ചൂണ്ടിക്കാട്ടാറുണ്ട്. രാമൻ എന്നെഴുതിയ ശിലാപാളികൾ സാഗരത്തിന്റെ ഉപരിതലത്തിൽ ജലത്തിലേക്ക് ആഴ്ന്നുപോവാതെ ഒരു പാലമായി ഭവിച്ചതായി രാമഭക്തി പരമ്പരകളുടെ സ്രഷ്ടാക്കൾ ദൃശ്യവത്കരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇത്തരമൊരു കാര്യം വാല്മീകി പങ്കുവെക്കുന്നില്ല. സമുദ്രത്തെ പ്രീതിപ്പെടുത്തുന്നതിനായി രാമൻ ഉപവസിക്കുന്നു. എന്നാൽ, സമുദ്ര ദേവൻ രാമന് മുന്നിൽ പ്രത്യക്ഷനായില്ല. തുടർന്ന് ബ്രഹ്മദണ്ഡം പോലെയുള്ള ബാണം ബ്രഹ്മാസ്ത്രത്തോടു ചേർത്ത് സാഗരത്തിലേക്ക് തൊടുത്തപ്പോഴാണ് സാഗരദേവൻ രാമന് പ്രത്യക്ഷീകൃതനായത്. തുടർന്ന് സാഗരം രാഘവന് അണകെട്ടാനായി ആഴം കുറഞ്ഞ സ്ഥലം നൽകിയതായി വാല്മീകി രാമായണം വർണിക്കുന്നു (അയം ഹി സാഗരോ ഭീമ: സേതുകർമ ദിദൃക്ഷയാ / ദദൗ ദണ്ഡഭയാദ് ഗാധം രാഘവായ മഹോദധി: , യുദ്ധകാണ്ഡം, 22. 50). വിശ്വകർമാവിന്റെ പുത്രനായ, വാനര ശ്രേഷ്ഠനായ നളനാണ് കരിമരുത്, ഞമ, മുളകൾ, കുടകപ്പാല, നീർമരുത്, തൊടുകാര, ഏഴിലം പാലകൾ, മാവുകൾ, അശോകങ്ങൾ, തെങ്ങുകൾ തുടങ്ങിയ മരങ്ങൾകൊണ്ടും വലിയ പാറകളും കുന്നുകളും കൊണ്ടും നിറച്ച് സമുദ്രത്തിൽ വാനരന്മാരുടെ സഹായത്തോടെ മഹാസേതു കെട്ടിപ്പൊക്കിയതെന്ന് വാല്മീകി വിവരിക്കുന്നു (യുദ്ധകാണ്ഡം, 22. 55 - 70). ഇവിടെ ഭക്തി പരമ്പരകളിൽ ദൃശ്യവത്കരിച്ചതുപോലെ രാമശിലകളല്ല സേതു നിർമാണത്തിൽ നിർണായകമായത്. ഡോ. സങ്കാലിയ നിരീക്ഷതുപോലെ തടിയും പാറകളുംകൊണ്ട് സേതു നിർമിക്കത്തക്കവിധം സമുദ്രത്തിന്റെ ആഴം പരിമിതമല്ലെന്ന വസ്തുതയും ഓർക്കേണ്ടതുണ്ട്. ആഴം കുറഞ്ഞ സ്ഥലത്താണ് സേതു നിർമിച്ചതെന്ന വാല്മീകി രാമായണത്തിലെ പരാമർശവും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.