ബ്രാഹ്മണനാകാൻ തുനിഞ്ഞ വിശ്വാമിത്രൻ

മഹർഷിയായി മാറുന്നതിനുമുമ്പ് ഒരിക്കൽ വിശ്വാമിത്രൻ വസിഷ്ഠന്റെ ആശ്രമത്തിലെത്തി. വസിഷ്ഠൻ, രാജാവായ വിശ്വാമിത്രന് വിശിഷ്ട പശുവായ കാമധേനുവിനാൽ വിഭവസമൃദ്ധമായ സൽക്കാരം നൽകി. കാമധേനുവിനെ തനിക്ക് നൽകണമെന്ന വിശ്വാമി​ത്രന്റെ അപേക്ഷ വസിഷ്ഠൻ നിരസിച്ചു. തുടർന്ന് കാമധേനു നിമിത്തം വിശ്വാമിത്രനും വസിഷ്ഠനും തമ്മിൽ ഘോരയുദ്ധം അരങ്ങേറി. വിശ്വാമിത്രൻ സാക്ഷാൽ മഹാദേവനിൽനിന്ന് വരബലത്താൽ നേടിയ ആയുധം കൊണ്ട് പോരാടിയിട്ടും വസിഷ്ഠനോട് ജയിക്കാൻ കഴിഞ്ഞില്ല.

വസിഷ്ഠൻ പറഞ്ഞു :‘‘നിന്റെ ക്ഷത്രിയ ബലമെവിടെ, മഹത്തായ ബ്രഹ്മബലം എന്തെന്ന് കണ്ടുകൊൾക’’ (ക്വ ച തേ ക്ഷത്രിയ ബലം ക്വ ച ബ്രഹ്മബലം മഹത്/പശ്യ ബ്രഹ്മബലം ദിവ്യം മമ ക്ഷത്രിയ പാംസന, വാ. രാ. ബാലകാണ്ഡം, 56. 4.). ക്ഷത്രിയന്റെ ബലത്തിനും മുകളിലാണ് ബ്രാഹ്മണന്റെ ബലം എന്ന് ഈ കഥ സ്ഥാപിക്കുന്നു. വിശ്വാമിത്രന്റെ ഉഗ്രമായ ബ്രഹ്മാസ്ത്രംപോലും വസിഷ്ഠന് മുന്നിൽ നിർവീര്യമായി. ബ്രാഹ്മണ്യം ആർജിക്കാനായി വിശ്വാമിത്രൻ ശ്രമിച്ചുവെങ്കിലും രാജർഷി പദവി മാത്രമേ ലഭിക്കുന്നുള്ളു. പിന്നീട് ഉഗ്രതപസ്സുകൊണ്ട് ബ്രാഹ്മണ്യം ആർജിക്കാൻ വിശ്വാമിത്രൻ ശ്രമിക്കുന്നുണ്ട്.

അതേസമയം ഇത്തരം തപസ്സുകളല്ല വസിഷ്ഠന്റെ ബ്രാഹ്മണ്യ പദവിയുടെ നിദാനം. വസിഷ്ഠന് ജന്മംകൊണ്ടാണ് ബ്രാഹ്മണ്യം ലഭിക്കുന്നത്. വിശ്വാമിത്രൻ ബ്രാഹ്മണനാവാൻ ശ്രമിച്ചതിനെപറ്റി നാരായണഗുരു പറഞ്ഞത്, ബ്രാഹ്മണനായ വസിഷ്ഠനും ക്ഷത്രിയനായ വിശ്വാമിത്രനും തമ്മിൽ ഒരംഗുലത്തിന്റെ വ്യത്യാസമേയുള്ളൂ. അത്ര അടുത്തുനിൽക്കുന്ന ക്ഷത്രിയൻ ബ്രാഹ്മണനാവാൻ ശ്രമിച്ചിട്ട് ഇത്രയധികം കഷ്ടപ്പാടാണെങ്കിൽ മറ്റ് ജാതിക്കാർ ബ്രാഹ്മണ്യത്തിന് ശ്രമിച്ചാലുള്ള കഥയെന്തായിരിക്കും എന്നാണ്.

Tags:    
News Summary - ramayanamasam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.