സംസ്കൃത ഭാഷയിൽ രചിക്കപ്പെട്ട അധ്യാത്മ രാമായണത്തിൽ സൂതനാണ് കഥ പറയുന്നത്. ഇതിൽനിന്നും വ്യത്യസ്തമായ കഥാവതരണ ശൈലിയാണ് എഴുത്തച്ഛൻ സ്വീകരിച്ചിട്ടുള്ളത്. കിളിയെ കൊണ്ട് പാടിക്കുന്നു എന്നത് അതിന്റെ സവിശേഷതയാണെങ്കിലും പരമശിവൻ പാർവതിക്ക് രാമകഥ ഉപദേശിക്കുന്ന രീതിയിലാണ് അധ്യാത്മ രാമായണം കിളിപ്പാട്ടിന്റെ അവതരണ ശൈലി. കൈലാസവാസിയായ പരമേശ്വരനോട് രാമന്റെ തത്ത്വങ്ങൾ ഉപദേശിച്ച് നൽകാനായി പാർവതി പ്രാർഥിക്കുകയാണ് (കാരുണ്യമെന്നെക്കുറിച്ചുണ്ടെങ്കിലെനിക്കിപ്പോൾ / ശ്രീരാമദേവ തത്ത്വമുപദേശിച്ചിടേണം). വാല്മീകി രാമായണത്തിൽ നിന്നു ഭിന്നമായി രാമൻ അവതാരമൂർത്തിയായും പരബ്രഹ്മമായും കൽപിക്കപ്പെടുന്നു എന്നതും രാമായണം കിളിപ്പാട്ടിനെ വ്യതിരിക്തമാക്കുന്നു. എന്തുകൊണ്ട് രാമായണം ഉമാമഹേശ്വര സംവാദമായി മാറിത്തീരുന്നു എന്നത് അന്വേഷിക്കേണ്ട വിഷയമാണ്. ശൈവ വൈഷ്ണവ സംഘർഷത്തിന്റെ രാഷ്ട്രീയവുമായി ഇതിന് അഭേദ്യ ബന്ധമുണ്ട്. വൈഷ്ണവ - രാമ ഭക്തി പ്രസ്ഥാനത്തിന്റെ വ്യാപനത്തിന്റെ പ്രത്യേക ഘട്ടത്തിലാവാം രാമകഥ ഉമാമഹേശ്വര സംവാദമായി അവതരിപ്പിക്കപ്പെടുന്നത്. ഇതുവഴി ശൈവന്മാർക്കിടയിലും വൈഷ്ണവഭക്തിയുടെ സാന്നിധ്യം ഉറപ്പു വരുത്തപ്പെട്ടു. ദക്ഷിണേന്ത്യയിൽ വിശേഷിച്ചും അതിശക്തമായ ശൈവാരാധന പാരമ്പര്യവും നിലനിന്നിരുന്നു. ഇത്ര പ്രബലമായ ശൈവ പാരമ്പര്യത്തിന്റെ സാന്നിധ്യം രാമകഥയുടെ ആഖ്യാതാക്കളായി ഉമാമഹേശ്വരന്മാരെ സ്ഥാനപ്പെടുത്താൻ കിളിപ്പാട്ട് രാമായണകർത്താവിനെ പ്രേരിപ്പിച്ചിരിക്കാം. പൊതുവെ ആഗമങ്ങളും തന്ത്രഗ്രന്ഥങ്ങളും ശിവൻ പാർവതിക്ക് ഉപദേശിച്ച രീതിയിലാണ് എഴുതപ്പെട്ടിട്ടുള്ളത്. ഇത്തരമൊരു ആഗമ പാരമ്പര്യത്തെ സംബന്ധിച്ച അറിവാകാം എഴുത്തച്ഛനെ രാമകഥ ഉമാമഹേശ്വര സംവാദമായി ചിത്രീകരിക്കുന്നതിലേക്ക് നയിച്ചത്. കൂടാതെ, ശൈവ പാരമ്പര്യ വിശ്വാസങ്ങളിലൂടെ ജനമനസ്സുകളിൽ ഉറച്ച ശിവബിംബത്തെ രാമകഥയുടെ ഉപദേഷ്ടാവായി സ്ഥാനപ്പെടുത്തുന്നതുവഴി രാമായണ കഥയുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനും എഴുത്തച്ഛനെ സഹായിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.