രാമായണത്തെ സംബന്ധിച്ച് പൊതുവായുള്ള ഒരാഖ്യാനം അത് ഋഷിയായ വാല്മീകിയുടെ "ദിവ്യ ദൃഷ്ടിയിൽ " തെളിഞ്ഞതാണ് എന്നാണ്. അതിലൂടെ സൂചിപ്പിക്കപ്പെടുന്നത് രാമായണം എന്ന മഹാകാവ്യം ഒരൊറ്റ കവിയുടെ രചനയാണെന്നാണ്. എന്നാൽ, ഇത്തരമൊരു ആഖ്യാനത്തെ രാമായണം പിന്തുണക്കുന്നില്ല. രാമായണ കഥ ആദ്യം വാമൊഴിയായി ജനപദങ്ങളിൽ സഞ്ചരിക്കുകയും പിന്നീട് വരമൊഴിയായി രൂപം പ്രാപിക്കുകയും ചെയ്യുകയായിരുന്നു. വാല്മീകി രാമായണത്തിന്റെ പാഠഭേദങ്ങൾ തന്നെ അതിന്റെ ബഹുസ്വരതയുടെ സാക്ഷ്യമാണ്.
വാല്മീകി, മുനിയായ നാരദനിൽ നിന്ന് കേട്ടറിഞ്ഞതാണ് രാമായണ കഥയെന്ന് വാല്മീകി രാമായണം പ്രസ്താവിക്കുന്നു (തപ: സ്വാധ്യായ നിരതം തപസ്വീ വാഗ്വിദാം വരം / നാരദം പരിപപ്രച്ഛ വാല്മീകിർ മുനിപുംഗവം , വാ .രാ. ബാലകാണ്ഡം, 1.1 ) . ധർമാർത്ഥ സഹിതവും ഹിതവുമായ ഇതിവൃത്തം മുഴുവൻ നാരദനിൽ നിന്ന് കേട്ടിട്ട് രാമന്റെ ചരിത്രം വ്യക്തമായി ആലോചിച്ചന്വേഷിക്കാൻ വാല്മീകി ഒരുങ്ങി (ശ്രുത്വാ വസ്തു സമഗ്രം തദ് ധർമാർത്ഥ
സഹിതം ഹിതം / വ്യക്തമന്വേഷ തേ ഭൂയോ യദ്വൃത്തം തസ്യ ധീമത: , വാ . രാ. ബാലകാണ്ഡം, 3.1.) . ഇവിടെ വാല്മീകി രാമകഥ കേട്ടു (ശ്രുത്വാ) എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. പിന്നീട് വാല്മീകി താൻ രചിച്ച രാമായണം മുനിവേഷ ധാരികളായ ലവ കുശന്മാർക്ക് ഉപദേശിച്ചു കൊടുത്തു(വാ. രാ. ബാലകാണ്ഡം, 4. 5 - 7). ലവകുശന്മാർ ഇക്കഥ ഋഷിമാരുടെയും സജ്ജനങ്ങളുടെയും സദസ്സിൽ മനോഹരമായി പാടി അവതരിപ്പിച്ചു. ഇങ്ങനെ നോക്കിയാൽ രാമായണം ഒരു തുടർച്ചയാണെന്ന് കാണാം. ജനപദങ്ങളിൽ വാമൊഴിയായി പ്രചരിച്ച കഥ പിന്നീട് വരമൊഴിയായും, തുടർന്ന് പാട്ടായി ജനസഹസ്രങ്ങളിലേക്കും ഒഴുകിയതിന്റെ ചരിത്രം വാല്മീകി തന്നെ പങ്കുവെക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.