ശംബൂകവധം

അക്കാലത്ത് അയോധ്യയുടെ ഉൾപ്രദേശത്ത് വസിക്കുന്ന ഒരു ബ്രാഹ്മണന്റെ പന്ത്രണ്ട് വയസ്സായ മകൻ അകാലമരണമടയുകയുണ്ടായി. മകന്റെ മൃതശരീരമെടുത്ത് നിലവിളിച്ചുകൊണ്ട് അദ്ദേഹം കൊട്ടാരവാതിൽക്കലെത്തി. രാമരാജ്യത്ത് ഇത്തരമൊരു അനിഷ്​ടസംഭവം മുമ്പെങ്ങും ഉണ്ടായിട്ടില്ലെന്നും രാമന് എന്തോ പാപം വന്നുചേർന്നിരിക്കുന്നുവെന്നും പുത്രന് ജീവൻ തിരിച്ചുകിട്ടിയില്ലെങ്കിൽ അനാഥരായ തങ്ങൾ പ്രവേശനകവാടത്തിൽ കിടന്ന് മരിക്കുമെന്നും തുടർന്ന് ശ്രീരാമനത് ബ്രഹ്മഹത്യാപാപമുണ്ടാക്കുമെന്നും വിലാപത്തിനിടയിൽ അദ്ദേഹം വിളിച്ചുപറഞ്ഞു.

ഇതുകേട്ട ശ്രീരാമൻ മന്ത്രിമാരെയും പൗരപ്രമുഖരെയും വസിഷ്ഠൻ, നാരദൻ, മാർക്കണ്ഡേയൻ, വാമദേവൻ തുടങ്ങിയ മുനിമാരെയും കൂടിയാലോചനക്ക് ക്ഷണിച്ചു. കൃതയുഗത്തിൽ സമുന്നത ​ശ്രേണിയിലുള്ള ബ്രാഹ്മണരല്ലാതെ മറ്റാരും തപസ്സ് ചെയ്തിരുന്നില്ലെന്നും േത്രതായുഗമായപ്പോഴേക്ക് ക്ഷത്രിയരും തപസ്സനുഷ്ഠിക്കുന്നതിന് അധികാരികളായെന്നും വൈശ്യശൂദ്രന്മാർ അവരെ ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നുവെന്നും ദ്വാപരയുഗത്തിൽ ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യവിഭാഗങ്ങൾക്ക് മാത്രമേ തപസ്സിന് വിധിയുള്ളൂവെന്നും നാരദമുനി അറിയിച്ചു.

നിലവിലെ ദ്വാപരയുഗത്തിൽ രാമന്റെ വിസ്​തൃതമായ രാജ്യാതിർത്തിയിൽ ദുഷ്​ടനായൊരു ശൂദ്രൻ തപസ്സുചെയ്യുന്നുണ്ട്. തപസ്സ്, വേദാധ്യയനം, സൽക്കർമം എന്നിവയുടെ ആറിലൊന്ന് പുണ്യം ഏറ്റുവാങ്ങുന്ന രാജാവിന് ഇതിൽ ഇടപെടാതിരിക്കാനാകില്ല. അങ്ങനെ ചെയ്താൽ നരന് ആയുർവൃദ്ധിയും ധർമസ്ഥിരതയും ഉണ്ടാകും; ബ്രാഹ്മണകുമാരന് ജീവനും ലഭിക്കും -നാരദൻ ഉപദേശിച്ചു. മൃതദേഹം എണ്ണത്തോണിയിൽ സൂക്ഷിക്കാൻ ലക്ഷ്മണനെ നിയോഗിച്ച് തപസ്സുചെയ്യുന്ന ശൂദ്രനെ തേടി ശ്രീരാമൻ യാത്രയായി.

ശൈലപർവതത്തിന്റെ വടക്കേഭാഗത്തുള്ള ഒരു വൃക്ഷത്തിന് സമീപമുള്ള പൊയ്കയിലേക്ക് തലകീഴായി തൂങ്ങിനിന്നുകൊണ്ട് തപസ്സുചെയ്യുന്നൊരാളെ ശ്രീരാമൻ കണ്ടു. അദ്ദേഹത്തിന്റെ വർണത്തെക്കുറിച്ചും തപസ്സിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചും അദ്ദേഹം അന്വേഷിച്ചു. ശൂദ്രവർണത്തിൽപെട്ട താൻ യശസ്വിയായി ശരീരത്തോടെ സ്വർഗംപൂകാനാണ് തപസ്സ് ചെയ്യുന്നതെന്ന് ശംബൂകൻ അറിയിച്ചു.

ഇതുകേട്ട ശ്രീരാമൻ ഉറയിൽനിന്നൂരിയ വാളുകൊണ്ട് അദ്ദേഹത്തിന്റെ തല വെട്ടി. അതുകണ്ട ഇന്ദ്രനും അഗ്നിയും മറ്റും രാമനെ അനുമോദിച്ചു. ബ്രാഹ്മണപുത്രനെ ജീവിപ്പിക്കണമെന്ന രാമന്റെ ആവശ്യം നിറവേറ്റുകയും ചെയ്തു.ശൂദ്രന്റെ തപസ്സുമായി തന്റെ പുത്രന്റെ മരണത്തെ ബന്ധപ്പെടുത്തിയ ബ്രാഹ്മണന്റെ സംപ്രീതിക്കാണ് ശ്രീരാമൻ ഇവിടെ പ്രവർത്തിച്ചത്. തപസ്സ് ചെയ്യുന്നതിന് ശൂദ്രന് അധികാരമില്ലെന്ന ഒരൊറ്റക്കാരണംകൊണ്ടാണ് അദ്ദേഹം മറ്റൊന്നും പരിഗണിക്കാതെ ശംബൂകനെ നിഷ്ഠുരമായി കൊന്നത്.

സ്വർഗപ്രവേശനത്തിന് ഉടൽ ഒരു പ്രതിബന്ധമല്ലെന്നാണ് പുരാണേതിഹാസങ്ങളിലൂടെ കടന്നുപോകുമ്പോൾ നമുക്ക് വ്യക്തമാകുക. ഉദ്ദിഷ്​ടലക്ഷ്യം നേടിയെടുത്തു എന്നതിന് ഇതിഹാസത്തിൽ തെളിവുകളൊന്നുമില്ല. മാത്രമല്ല, തപസ്വിയായ ശൂദ്രന്റെ ജീവനെക്കാളും ഇവിടെ മൂല്യമേകുന്നത് ബ്രാഹ്മണകുമാരന്റെ ജീവനാണ്. ശ്രീരാമന്റെ കാലത്തുകൂടി ശൂദ്രാദികൾക്ക് സന്യസിക്കാൻ പാടില്ലെന്നല്ലേ പറയുന്നത്?

Tags:    
News Summary - Shambuka died at the hands of Rama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.