ഖരദൂഷണാദികളെയും അവരുടെ സൈന്യത്തെയും മൂന്നേമുക്കാൽ നാഴികകൊണ്ട് ചുട്ടുചാമ്പലാക്കിയ രാമലക്ഷ്മണന്മാരുടെ പരാക്രമം ശൂർപ്പണഖ രാവണനെ കേൾപിച്ചു. അതിനിടയിൽ സീതയുടെ സൗന്ദര്യാതിരേകവും വർണനക്ക് വിഷയമായി. രാമലക്ഷ്മണന്മാരുടെ മികവിനെല്ലാം കാരണമായ സീതയെ പട്ടമഹിഷിയാക്കുകയാണെങ്കിൽ രാവണന് ജന്മസാഫല്യം കൈവരുമെന്നും സൂചിപ്പിച്ചു. ഇതാണ് രാവണന്റെ ശ്രദ്ധ സീതയിലേക്ക് തിരിയാൻ ഇടയാക്കിയത്.
അടുത്ത ദിവസം തന്നെ രാവണൻ മാരീചാശ്രമത്തിലേക്ക് പുറപ്പെട്ടു. തന്റെ സഹോദരിയായ ശൂർപ്പണഖക്കുണ്ടായ അപമാനവും മറ്റും അദ്ദേഹത്തെ ധരിപ്പിച്ചു. ഖരദൂഷണാദികളെയും സൈന്യങ്ങളെയും മുടിച്ച വിവരവും അറിയിച്ചു. രാമലക്ഷ്മണന്മാരെ ദൂരേക്കകറ്റി സീതയെ തട്ടിയെടുക്കുന്നതിനുള്ള സഹായം ചെയ്തുതരണമെന്നും അപേക്ഷിച്ചു.
വംശവേരറുക്കുന്ന ഇക്കാര്യം ഉപദേശിച്ചത് ആരായാലും അയാൾ കൊടിയ ശത്രുവാണെന്ന് അറിയിച്ച മാരീചൻ, സാക്ഷാൽ നാരായണനായ ശ്രീരാമനെ ഭജിച്ച് ജീവിക്കാനാണ് ആവശ്യപ്പെട്ടത്. മറുത്ത് എന്തെങ്കിലും പറഞ്ഞാൽ തന്റെ വാളിന് ഇരയാക്കുമെന്ന് രാവണൻ ഭീഷണി മുഴക്കി. രാവണന്റെ കൈകൊണ്ട് മരിക്കുന്നതിലും പുണ്യം രാമബാണമേറ്റ് മുക്തിനേടുന്നതാണെന്ന് മാരീചൻ തീരുമാനിച്ചു.
മാരീചൻ, മനോഹരമായ പുള്ളികളുള്ള നീലക്കല്ലുകൾ പതിച്ച കൺകളോടൊത്ത സ്വർണനിറമുള്ള വളരെ ഇണക്കമുള്ള പുള്ളിമാനായി ഒരു പേടിയും കൂടാതെ രാമാശ്രമത്തിനുചുറ്റും തുള്ളിച്ചാടി നടന്നു. ആ മാനിനെക്കണ്ടപ്പോൾ സീതയിൽ കൗതുകമുണർന്നു. അതിലൊരാശ തോന്നി. തന്റെ ആഗ്രഹം രാമനെ അറിയിച്ചു. രാക്ഷസന്മാർ നിറഞ്ഞ കാട്ടിൽ ലക്ഷ്മണനെ സീതയെ നോക്കാനേൽപിച്ച് അമ്പും വില്ലുമെടുത്ത് ശ്രീരാമൻ ആ മാനിനെ പിടിക്കാനിറങ്ങി.
പലവട്ടം കബളിപ്പിച്ചോടിയ മാനിനെ പിന്തുടർന്ന രാമൻ തന്റെ ആശ്രമത്തിൽനിന്നും വളരെയകലെ എത്തിച്ചേർന്നു. പിടിക്കാമെന്ന ആശ കൈവിട്ട അദ്ദേഹം മാനിനുനേരെ ശരം തൊടുത്തു. അമ്പേറ്റു വീണപ്പോൾ മാരീചൻ സ്വരൂപമെടുത്ത് പ്രാണവേദനയോടെ രാമന്റെ ശബ്ദത്തിൽ ലക്ഷ്മണനെയും സീതയെയും വിളിച്ച് ഉറക്കെ കരഞ്ഞു. അപ്പോളാണ് മാരീചന്റെ മായയെക്കുറിച്ച് ലക്ഷ്മണൻ നേരത്തെ പറഞ്ഞത് രാമനോർത്തത്. ആർത്തനാദം കേട്ട സീത ലക്ഷ്മണനോട് രാമനെ അന്വേഷിച്ചുചെല്ലാൻ ആവശ്യപ്പെട്ടു.
അജയ്യനായ തന്റെ ജ്യേഷ്ഠന് ആപത്തൊന്നും പിണയുകയില്ലെന്നും രാക്ഷസന്മാരുടെ മായാജാലമാണിതെന്നും പറഞ്ഞ ലക്ഷ്മണനെ, തന്റെ ഭർതൃനാശം കാംക്ഷിക്കുന്ന ദുരാത്മാവെന്നും മറ്റും അധിക്ഷേപിച്ചു. രാമനെയല്ലാതെ മറ്റൊരു പുരുഷനെ താൻ സ്വീകരിക്കുന്നതല്ലെന്ന് ആേക്രാശിച്ചു. ആക്ഷേപങ്ങളുടെ കൂരമ്പുകളേറ്റ ലക്ഷ്മണൻ നിസ്സഹായനായി ശ്രീരാമനെ തേടിയിറങ്ങി. പ്രസ്തുത സമയത്താണ് സന്യാസിയുടെ വേഷത്തിൽ രാവണൻ വരുന്നതും സീതയെ തട്ടിക്കൊണ്ടുപോകുന്നതും.
മാനിനോടുള്ള തന്റെ ആസക്തി സീത, രാമനെ അറിയിച്ചപ്പോൾത്തന്നെ ലക്ഷ്മണൻ അത് മാരീചനെന്ന് പറഞ്ഞതാണ്. എന്നിട്ടും സീതയുടെ മുന്നനുഭവങ്ങൾ മറന്ന ദുശ്ശാഠ്യംകൊണ്ടാണ് മാനിനെ പിടിക്കാൻ രാമൻ നേരിട്ടിറങ്ങിയത്. അമ്പേറ്റുവീണ മാരീചൻ രാമശബ്ദത്തിൽ നിലവിളിച്ചപ്പോൾ കൊള്ളിവാക്കുകളോതി ലക്ഷ്മണനെ രാമനരികിലേക്ക് അയക്കുകയാണ് സീത ചെയ്തത്.
വൈകാരികതയിൽനിന്നെല്ലാം ഉയർന്ന് യാഥാർഥ്യബോധത്തോടെ നിഷ്പക്ഷമായി, സമചിത്തതയോടെ ഈ ലോകാനുഭവങ്ങളെ ഉൾക്കൊള്ളുകയും അതനുസരിച്ച് ജാഗ്രതയോടെ സമയോചിതമായി പ്രവർത്തിക്കുകയും ചെയ്യേണ്ടുന്ന അനിവാര്യതയിലേക്കാണ് ഈ ആഖ്യാനം വിരൽചൂണ്ടുന്നത്. ഏത് കാര്യവും ആര് പറഞ്ഞു എന്നതിലുപരി എന്ത്, എന്തുകൊണ്ട്, എപ്പോൾ, എങ്ങനെ, എവിടെവെച്ച് പറഞ്ഞു എന്നെല്ലാം പരിശോധിക്കേണ്ടതുണ്ട്. വ്യക്തിയുടെയും സമൂഹത്തിന്റെയും സുസ്ഥിതിക്കും ഭദ്രതക്കും ഉന്നതിക്കും അത് അത്യന്താപേക്ഷിതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.