ശബരിമല: മകരവിളക്ക് ഉത്സവശേഷവും ശബരിമല സന്നിധാനത്തേക്ക് തീർഥാടക പ്രവാഹം തുടരുന്നു. തിരുവാഭരണം ചാർത്തിയുള്ള അയ്യപ്പനെ കണ്ടു തൊഴാൻ വേണ്ടി വലിയ വിഭാഗം തീർഥാടകർ സന്നിധാനത്ത് തങ്ങിയിരുന്നു. മകരവിളക്ക് ദിനത്തിൽ അടക്കം അരവണ ലഭിക്കുന്നതിൽ അനുഭവപ്പെട്ട കാലതാമസവും തീർഥാടകരുടെ മലയിറക്കം താമസിപ്പിക്കാൻ ഇടയാക്കി.
തീർഥാടകരുടെ തിരക്ക് തിങ്കളാഴ്ചയും തുടരും എന്നാണ് പ്രതീക്ഷിക്കുന്നത്. പന്തളത്തുനിന്നും കൊണ്ടുവന്ന തിരുവാഭരണങ്ങൾ ചാർത്തിയുള്ള ദർശനം ജനുവരി 19 വരെ ഉണ്ടാവും. 20ന് പുലർച്ചയാണ് നട അടക്കുന്നത്. അന്നേ ദിവസം ദർശനം ഉണ്ടാകില്ല. ഇന്നലെ വൈകീട്ട് മാളികപ്പുറത്തുനിന്നും പതിനെട്ടാംപടിയിലേക്ക് അമ്പലപ്പുഴ, ആലങ്ങാട്ട് സംഘത്തിന്റെ ആചാരപരമായ എഴുന്നള്ളത്ത് നടന്നു.
താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടന്ന എഴുന്നള്ളത്ത് ഭക്തിസാന്ദ്രമായി. തുടർന്ന് അത്താഴ പൂജക്കുശേഷം രാത്രി 10ന് മാളികപ്പുറം മണിമണ്ഡപത്തിൽനിന്നും പതിനെട്ടാം പടിയിലേക്ക് വിളക്കിനെഴുന്നള്ളത്തും വേട്ടക്കുറുപ്പന്മാരുടെ നേതൃത്വത്തിൽ നായാട്ടുവിളിയും നടന്നു. അഞ്ചാം വിളക്കായ 18ന് രാത്രിയാണ് പ്രസിദ്ധമായ ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്തും നായാട്ടുവിളിയും നടക്കുന്നത്. 19നാണ് മാളികപ്പുറത്ത് പ്രത്യേകം തയാറാക്കിയ സ്ഥലത്ത് വലിയഗുരുതി. ജനുവരി ഒന്ന് മുതൽ 13.96ലക്ഷം തീർഥാടകർ വെർച്വൽ ക്യൂ വഴി ദർശനത്തിന് ബുക്കു ചെയ്തു. മകരവിളക്ക് ദിവസം മാത്രം 89,939 പേരാണ് വെർച്വൽ ക്യൂ വഴി ബുക്കിങ് നടത്തിയത്. പർണശാലകൾകെട്ടി പൂങ്കാവനത്തിൽ കഴിഞ്ഞിരുന്നവരും 13ന് രാത്രി പമ്പയിൽനിന്നും സന്നിധാനത്തേക്ക് എത്തിയവരും ദർശനം കാത്ത് സന്നിധാനത്ത് തങ്ങിയതും അരവണ പ്രസാദത്തിനായി മണിക്കൂറുകൾ ക്യൂനിൽക്കേണ്ടി വന്നതും ഭക്തജനത്തിരക്ക് വർധിക്കാൻ കാരണമായി.
ആന്ധ്ര, കർണാടക, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളിൽനിന്നുള്ള അയ്യപ്പ ഭക്തരാണ് ദർശനം നടത്തി മടങ്ങുന്നവരിൽ അധികവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.