ത്യാഗസ്മരണയുടെ മലകയറ്റമാണ് സഫ, മർവ കുന്നുകൾക്കിടയിലെ വിശ്വാസികളുടെ ഓട്ടം. കഅ്ബയുടെ അടുത്തുതന്നെയാണ് ഈ രണ്ടു കുന്നുകളും സ്ഥിതി ചെയ്യുന്നത്. ദാഹിച്ചു കരഞ്ഞ കുഞ്ഞ് ഇസ്മാഈലിന് വെള്ളം തേടി ഇബ്രാഹീമിന്റെ പത്നി ഹാജറ കുന്നുകൾക്കിടയിൽ നടത്തിയ ഓട്ടത്തിന്റെ ത്യാഗസ്മരണയിലാണ് തീർഥാടകർ സഫ, മർവക്കിടയിൽ ഓട്ടം (സഅ്യ്) നിർവഹിക്കുന്നത്.
ചരിത്രത്തിൽ രേഖപ്പെടുത്തിയ ഇവിടത്തെ പ്രഥമ ഓട്ടവും ഹാജറയുടേതായിരുന്നു. ഇതിന്റെ ഓർമപുതുക്കലാണ് ഹജ്ജിലെയും ഉംറയിലെയും സഅ്യ്. ഹജ്ജ്, ഉംറ തുടങ്ങിയ ആരാധനകർമങ്ങൾ പൂർത്തിയാക്കാൻ ഈ അനുഷ്ഠാനം നിർബന്ധമാണ്. 130 മീറ്റർ അകലെ തെക്കുകിഴക്ക് സ്ഥിതിചെയ്യുന്ന സഫയിൽനിന്നാണ് സഅ്യ് തുടങ്ങുന്നത്. മുഹമ്മദ് നബി ദൗത്യം പരസ്യപ്പെടുത്തിയത് ഈ കുന്നിന്റെ ഉച്ചിയിൽ കയറിയാണെന്ന് ഇസ്ലാമിക ചരിത്രം വ്യക്തമാക്കുന്നു.
അന്നത്തെ ഖുറൈശി പ്രമുഖരെ വിളിച്ചുവരുത്തി തന്റെ നിയോഗദൗത്യം അറിയിച്ചപ്പോൾ അബൂലഹബ് എന്ന ഖുറൈശി നേതാവ് പ്രവാചകനോട് ദേഷ്യപ്പെട്ട് കയർത്തു സംസാരിച്ചു. ഇക്കാരണത്താൽ അബൂലഹബിനെ നിന്ദ്യമായ നിലയിൽ നശിപ്പിക്കുമെന്ന് ഖുർആനിലെ 'സൂറത്തു ലഹബ്' എന്ന അധ്യായത്തിൽ അല്ലാഹു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഅ്ബയിൽനിന്ന് 300 മീറ്റർ വടക്കുകിഴക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന കുന്നാണ് മർവ. ഇരു കുന്നുകളുടെയും ശേഷിപ്പുകൾ ഇവിടെയുണ്ട്. മർവയിലെ പാറക്കൂട്ടങ്ങളുടെ ഉയരം കുറച്ച് അവയുടെ ഉപരിതലം മിനുസപ്പെടുത്തി തീർഥാടകർക്ക് ഇരിക്കാവുന്ന വിധത്തിലാണ്.
പ്രവാചകന്മാരായ ഇബ്രാഹീം, മുഹമ്മദ് എന്നിവരുടെയും ഹാജറയുടെയും ലക്ഷക്കണക്കിന് പ്രവാചക അനുചരന്മാരുടെയും പാദസ്പർശമേറ്റ ഭൂമിക കൂടിയാണിത്. സഫയുടെയും മർവയുടെയും ഇടയിൽ നടക്കാനുള്ള സ്ഥലത്തിന്റെ (മസ്അ) നീളം 395 മീറ്ററും വീതി 20 മീറ്ററുമാണ്. മൊത്തം വിസ്തൃതി 15,780 മീറ്റർ വരും. തീർഥാടകർ രണ്ടേമുക്കാൽ കിലോമീറ്റർ ദൂരം താണ്ടിയാണ് ഈ രണ്ടു കുന്നുകൾക്കിടയിലെ നടത്തം പൂർത്തിയാക്കുന്നത്.
തീർഥാടകരുടെ തിരക്ക് കുറക്കാൻ വൺവേ സംവിധാനമാണ്. മസ്അയിൽനിന്ന് പുറത്തുപോകാൻ 16 കവാടങ്ങളും ഹറമിലേക്കുള്ള പോക്കുവരവ് തടസ്സപ്പെടാതിരിക്കാൻ ഏഴു മേൽപാലങ്ങളും ഇലക്ട്രിക് ഗോവണികളും ഉണ്ട്. ഇരു കുന്നുകൾക്കിടയിൽ ഹാജറ വേഗത്തിലോടിയ സ്ഥലം തിരിച്ചറിയുന്നതിന് പച്ച വൈദ്യുതി ദീപങ്ങൾകൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗത്ത് എത്തുമ്പോൾ നടത്തത്തിനിടെ പുരുഷന്മാർ വേഗത്തിൽ ഓടാറുണ്ട്.
മക്കയിലെ പ്രസിദ്ധമായ 'ഖുഅയ്ഖിആൻ' പർവതത്തിന്റെ ഭാഗമാണ് മർവ കുന്ന്. മക്കയിലെ പ്രസിദ്ധമായ മറ്റൊരു പർവതമായ അബൂ ഖുബൈസിന്റെ താഴ്വാരത്തിലാണ് സഫയും മർവയും സ്ഥിതി ചെയ്യുന്നത്. മർവ കുന്നിന്റെ ഭാഗത്തായിരുന്നു മുഹമ്മദ് നബിയും അദ്ദേഹത്തിന്റെ പ്രഥമ പത്നി ഖദീജയും ജീവിച്ചിരുന്ന വീട്. കഴിഞ്ഞ നൂറ്റാണ്ടു മുതലാണ് അൽപാൽപമായി മാറ്റംവരുത്തിയത്.
മസ്ജിദുൽ ഹറാമിന്റെ പുറത്തായിരുന്ന മസ്അ 1955ൽ പ്രത്യേക കെട്ടിടം നിർമിച്ച് അതിനുള്ളിലാക്കി. മസ്അയിൽ നിരവധി തവണ വികസനപ്രവർത്തനങ്ങൾ നടന്നു. ആധുനിക സൗദി സ്ഥാപകൻ അബ്ദുൽ അസീസ് രാജാവ് മക്കയിൽ പ്രവേശിക്കുന്നതിനു മുമ്പ് ഈ പ്രദേശം വാണിജ്യകേന്ദ്രമായിരുന്നു. ഭൂമിക്കടിയിൽ ഒരു നിലയും മുകളിൽ നാലു നിലകളുമായി അഞ്ചു തട്ടുകളടങ്ങിയ ഇന്നത്തെ 'മസ്അ'യിൽ പതിനായിരങ്ങൾക്ക് ഒരേസമയം പ്രയാസമില്ലാതെ നടത്തം പൂർത്തിയാക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.