ഹജ്ജിന്റെ ഭാഗമായി തീർഥാടകർ കല്ലേറ് നടത്തുന്ന സ്ഥലമാണ് ജംറകള്‍. ഇവ മൂന്നെണ്ണമാണുള്ളത്. എല്ലാം സ്ഥിതിചെയ്യുന്നത് മിനയിലാണ്. ഒന്ന് ജംറത്തുല്‍ ഊലാ (ജംറത്തുസ്സുഗ്റ). ഇത് മസ്ജിദുല്‍ ഖൈഫിന്റെ ഏറ്റവും അടുത്താണ്. രണ്ട് ജംറത്തുല്‍ വുസ്ത്വ. ജംറത്തുല്‍ ഊലയിൽ നിന്ന് 200 മീറ്റര്‍ അകലത്തിലാണിത്. പേര് സൂചിപ്പിക്കുന്നതുപോലെ മറ്റു രണ്ട് ജംറകള്ക്കിടയിലാണിത്. മൂന്ന് ജംറത്തുല്‍ അഖബ. വുസ്ത്വയില്‍ നിന്ന് 247 മീറ്റര്‍ അകലെ മക്കയുടെ ദിശയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ജംറയില്‍ കല്ലെറിയുന്നതിന് സ്തൂപവും അതിന് ചുറ്റും തളവും നിർമിച്ചിട്ടുണ്ട്. പ്രവാചകൻ ഇബ്രാഹീമിനെ ബലിയറുക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കാന് ശ്രമിച്ച പിശാചിനെയാണ് മൂന്ന് സ്തൂപങ്ങളും പ്രതിനിധാനം ചെയ്യുന്നത്.
'ജംറ' എന്നാല്‍ ചെറിയ കല്ല് എന്നാണര്‍ഥം. മിനായിലെ കല്ലുകള്‍ മാത്രമായ ജംറകള്‍ പില്ക്കാലത്ത് സ്തൂപങ്ങളായി പുനര്‍നിര്‍മിച്ചത് തീര്‍ഥാടകര്‍ക്ക് എറിയാനുള്ള സൗകര്യാര്‍ഥമാണ്. കല്ലെറിയലും ചരിത്രസംഭവങ്ങളുടെ സ്മരണകളാണെന്ന് വ്യക്തമാക്കുന്ന പ്രവാചക വചനങ്ങളുണ്ട്. പ്രവാചകൻ അരുള്‍ ചെയ്തതായി അനുചരൻ ഇബ്നു അബ്ബാസ് പറയുന്നു: 'ഇബ്രാഹീം ഹജ്ജിന്റെ കര്‍മങ്ങള്‍ ചെയ്തു കൊണ്ടിരുന്നപ്പോള്‍ ജംറത്തുല്‍ അഖബയുടെ അരികില്‍നിന്ന് പിശാച് അദ്ദേഹത്തിന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഉടനെ അദ്ദേഹം ഏഴു കല്ലുകള്‍ കൊണ്ട് പിശാചിനെ എറിഞ്ഞു; അവന് ഭൂമിയില്‍ ആണ്ടുപോവുന്നതുവരെ. പിന്നീട് രണ്ടാമത്തെ ജംറയുടെ അരികില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. അപ്പോഴും ഏഴു കല്ലുകള്‍കൊണ്ട് അദ്ദേഹം അവനെ എറിഞ്ഞു. അവന് ഭൂമിയില്‍ ആണ്ടുപോയി.
അപ്പോഴവന് മൂന്നാമത്തെ ജംറയുടെ അരികില്‍ പ്രത്യക്ഷപ്പെട്ടു. അന്നേരവും അവന് ഭൂമിയില്‍ ആണ്ടുപോകുന്നതു വരെ അദ്ദേഹം ഏഴു കല്ലുകള്ക്കൊണ്ടവനെ എറിഞ്ഞു. ഇബ്നു അബ്ബാസ് തുടരുന്നു: ആ പിശാചിനെയാണ് നിങ്ങള്‍ എറിയുന്നത്. പിന്‍പറ്റുന്നത് നിങ്ങളുടെ പിതാവിന്റെ മാര്‍ഗത്തെയും' (ബൈഹഖി, അബ്നു ഖുസൈമ, ഹാകിം എന്നിവര്‍ ഉദ്ധരിച്ചത്). പിശാച് ആള് രൂപത്തില്‍ പ്രത്യക്ഷപ്പെട്ടതു കൊണ്ടാവാം ഇബ്രാഹീം നബിക്ക് അവന് ദൃശ്യനായത്. കല്ലേറ് ഇബ്രാഹീം നബിയാണ് തുടങ്ങിവെച്ചത് എന്ന് മുഹമ്മദ് നബി വ്യക്തമാക്കുകയും ചെയ്തു. കല്ലേറ് പ്രതീകാത്മക കര്‍മമാണ്. ഓരോരുത്തരും തങ്ങളെ വഴിപിഴപ്പിക്കുന്ന പിശാചിനെ എറിഞ്ഞാട്ടുകയാണെന്ന ബോധത്തോടെയാണത് നിര്‍വഹിക്കേണ്ടത്.
വെറും കുന്നുകളായിരുന്ന ഈ ഭാഗം ഹാജിമാരുടെ സൗകര്യാര്‍ഥം ഇപ്പോള്‍ വികസിപ്പിച്ചിട്ടുണ്ട്. കല്ലെറിയുന്ന സന്ദര്‍ഭത്തില്‍ തിക്കുംതിരക്കും ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ അവിടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂർത്തിയാക്കിയിട്ടുണ്ട്. ദൈവ പരീക്ഷണമായിറങ്ങിയ കല്പനയനുസരിച്ച് ഇബ്രാഹീം പ്രവാചകൻ മകൻ ഇസ്മാഈലിനെ ബലി നൽകാൻ കൊണ്ടുപോയ മലമടക്കാണിത്. 1963ലാണ് ഇവിടെ ആദ്യമായി സ്തൂപവും കല്ലുകൾ വീഴാൻ ചുറ്റും കിണറും നിർമിച്ചത്.
തീർഥാടകരുടെ എണ്ണം വർഷംതോറും വർധിക്കാൻ തുടങ്ങിയതോടെ 2006ൽ ഇത് പുനർനിർമിക്കാൻ സൗദി ഭരണകൂടം തീരുമാനിച്ചു. 11,000 തൊഴിലാളികൾ മൂന്നുവർഷം തുടർച്ചയായി ജോലിയെടുത്താണ് ജംറപാലം നിർമിച്ചത്. സ്തൂപത്തിന് ചുറ്റും വൃത്താകൃതിയിലുള്ള കിണറിനുപകരം ദീർഘവൃത്തത്തിലാക്കി മാറ്റിപ്പണിതു. അഞ്ചു നിലകളോട് കൂടിയതാണ് നിലവിൽ ജംറ. പാലങ്ങൾക്ക് 950 മീറ്റർ നീളവും 80 മീറ്റർ വീതിയും ഉണ്ടെന്നാണ് കണക്ക്.
അഞ്ചു നിലകൾക്കിടയിൽ 12 മീറ്റർ വീതം അകലമുണ്ട്. ഒരു ചതുരശ്ര മീറ്റർ സ്ഥലത്ത് 11 മുതൽ 15 വരെ ആളുകൾക്ക് നിൽക്കാനാവും. പക്ഷേ, ഒരു തീർഥാടകനു ഇത്രയും സ്ഥലം കണക്കാക്കിയാണ് ക്രമീകരണങ്ങൾ ഒരുക്കുന്നത്. ആംബുലൻസ് നീങ്ങാനുള്ള വഴികളും ഹെലികോപ്റ്റർ ഇറങ്ങാനുള്ള സൗകര്യവും ആശുപത്രിയും നിർമിതിയിൽ ഉണ്ട്. അഞ്ചു നിലയാണുള്ളതെങ്കിലും 12 നില വരെ ഉയർത്താവുന്ന തരത്തിലാണ് ജംറത്തിന്റെ പ്ലാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.