ജനങ്ങൾ തങ്ങളുടെ കാലഗണന നിശ്ചയിക്കാൻ വേണ്ടി പല രീതികൾ അവലംബിക്കാറുണ്ട്. ലോകത്ത് മനുഷ്യവാസം ആരംഭിച്ചതു മുതൽക്ക് തന്നെ കാലഗണനയും ആരംഭിച്ചു എന്നാണ് കണക്കാക്കപ്പെടുന്നത്. തങ്ങളുടെ ആചാരാനുഷ്ഠാനങ്ങൾക്ക് ക്രൈസ്തവർ ആഗോളാടിസ്ഥാനത്തിൽ ക്രിസ്ത്യൻ ഇറ അഥവാ ഇംഗ്ലീഷ് മാസമാണ് അവലംബിക്കുന്നത്. കേരളത്തിലെ ഹൈന്ദവ സമൂഹത്തിന്റെ ആചാരങ്ങൾ കൊല്ലവർഷവുമായി ബന്ധപ്പെട്ടാണ് നടക്കുന്നത്. ജൂതസമൂഹങ്ങൾ ഹീബ്രു കലണ്ടർ അഥവാ ജ്യൂയിഷ് കലണ്ടർ ആണ് അവലംബിക്കുന്നത്. ഇസ്രായേലിന്റെ ഔദ്യോഗിക കലണ്ടറും ഇതു തന്നെയാണ്. സൗരചാന്ദ്ര (lunisolar) ഗണനങ്ങൾ ഒന്നിച്ചുള്ളതാണ് ഈ കലണ്ടർ.
ഗ്രിഗോറിയന്‍ കലണ്ടറിന്റെ ആവിര്‍ഭാവം ക്രിസ്തുമതമല്ല. അത് ക്രിസ്തുമതത്തിനും മുമ്പേ ഉണ്ട്. സൗരരാശികളെ ആസ്പദമാക്കിയുള്ള ആദ്യത്തെ ശാസ്ത്രീയ കലണ്ടര്‍ നിര്‍മിച്ചത് ബാബിലോണീയരാണ്. ബി.സി എട്ടാം നൂറ്റാണ്ടിൽ റോമക്കാർ നിർമ്മിച്ച ആദ്യ കലണ്ടറിൽ പത്തു മാസമേ ഉണ്ടായിരുന്നുള്ളൂ. ബി.സി. 46ൽ ജൂലിയസ് സീസർ ഇത് പരിഷ്കരിക്കുന്നുണ്ട്. തുടർന്ന് അധികാരത്തിൽ വന്ന അഗസ്റ്റസ് സീസറും ചില മാറ്റങ്ങൾ കലണ്ടറിൽ വരുത്തി. അദ്ദേഹത്തിന്റെ കാലം മുതലാണ് ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ 31 ദിവസവും ഫെബ്രുവരിയിൽ 28 ദിവസങ്ങളും ആവുന്നത്. അങ്ങനെ ചരിത്രത്തിൽ നിരവധി മാറ്റങ്ങൾക്ക് ശേഷം1582ൽ നിലവിൽ വന്ന ഗ്രിഗോറിയൻ കലണ്ടറാണ് ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്.
ലോകമെമ്പാടുമുള്ള മുസ്ലിംകൾ തങ്ങളുടെ അനുഷ്ഠാനങ്ങളുടെ ദിവസവും മാസവും വർഷവും നിശ്ചയിക്കുന്നത് മുഹർറം മുതൽ ദുൽഹജ്ജ് വരെയുള്ള ചന്ദ്രമാസങ്ങൾ അനുസരിച്ചാണ്. പ്രവാചകൻ മുഹമ്മദ് നബിയുടെ ആഗമനത്തിനുമുമ്പ് അറബികൾ തങ്ങളുടെ കാലഗണനക്കുവേണ്ടി ആനക്കലഹ സംഭവത്തെയായിരുന്നു ആധാരമാക്കിയിരുന്നത്. ഈ സംഭവം നടന്നത് ക്രിസ്തുവർഷം 570ലായിരുന്നു. വിശുദ്ധ ഖുർആൻ ഈ സംഭവത്തെ പരാമർശിക്കുന്നുണ്ട്.
'നീ കണ്ടിട്ടില്ലയോ, നിന്റെ നാഥന് ആനപ്പടയെ എന്തു ചെയ്തുവെന്ന്? അവരുടെ ഗൂഢതന്ത്രം അവന് പാഴാക്കിയില്ലയോ? അവര്‍ക്കു നേരെ പറവപ്പറ്റങ്ങളെ അയച്ചു. അവ ചുട്ട മണ്‍കട്ടകള്‍ അവരുടെ മേല്‍ എറിഞ്ഞുകൊണ്ടിരുന്നു. അങ്ങനെ അവരെ കാലികള്‍ ചവച്ച വയ്ക്കോല്പോലെയാക്കി'. യമനിലെ രാജാവായിരുന്ന അബ്റഹത്ത് നിരവധി ആനകളോടുകൂടി മക്കയിലെ കഅ്ബ പൊളിക്കാന്‍ വരുകയും അല്ലാഹു അവരെ അബാബീല്‍ പക്ഷികളെ ഉപയോഗിച്ച് നശിപ്പിക്കുകയും ചെയ്ത സംഭവമാണ് ആനക്കലഹം. ഇത് കഴിഞ്ഞ് അമ്പത് ദിവസങ്ങള്‍ക്കു ശേഷമാണ് നബി ജനിക്കുന്നത്.
ഈ സംഭവം അറബികളെ അഗാധമായി സ്വാധീനിച്ചതിനാലാവാം അവർ പിന്നീട് തങ്ങളുടെ കാലഗണനക്ക് വേണ്ടി ഇതിനെ ഉപയോഗിച്ചത്. പ്രവാചകന് മുമ്പും ശേഷം ഹിജ്റ കലണ്ടർ നിലവിൽ വരുന്നതുവരെയും 'ആനക്കലഹത്തിനുമുമ്പും ശേഷവും' എന്ന് അറബികൾ വർഷം കണക്കാക്കിയിരുന്നു. അതോടൊപ്പംതന്നെ അറേബ്യന്‍ ഗോത്രവര്‍ഗങ്ങള്‍ തമ്മില്‍ നടന്ന രക്തരൂഷിതമായ ഫിജാര്‍ യുദ്ധത്തെ ആസ്പദമാക്കിയും അനൗദ്യോഗിക കാലഗണനകള്‍ അറബികള്‍ക്കിടയില്‍ നിലനിന്നിരുന്നു.
അറഫയിൽ നടന്ന മുഹമ്മദ് നബിയുടെ വിശ്വപ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു: 'ആകാശ ഭൂമികളുടെ സൃഷ്ടിപ്പ്ദിനം മുതല്‍ കാലം പന്ത്രണ്ട് മാസങ്ങളായി ചാക്രികമായി ചലിച്ചുകൊണ്ടേയിരിക്കുന്നു. അതില്‍ നാലു മാസങ്ങള്‍ വിശുദ്ധമാണ്. ദുല്‍ഖഅദ്, ദുല്‍ഹജ്ജ്, മുഹർറം എന്ന മാസങ്ങളും റജബുമാണവ. വിശുദ്ധ ഖുര്‍ആനില്‍ സൂറ: തൗബയിലെ 36ാം സൂക്തത്തിലും ഇതേ കാര്യം പ്രതിപാദിക്കുന്നുണ്ട്.
പ്രവാചകൻ മുഹമ്മദ് നബിയും അനുചരന്മാരും പ്രബോധനാർഥം മക്കയിൽ നിന്നും മദീനയിലേക്ക് പലായനം ചെയ്ത സംഭവത്തെ ആസ്പദമാക്കിയാണ് ഹിജ്റ കലണ്ടർ ആരംഭിക്കുന്നത്. ഇത് നടക്കുന്നത് ക്രിസ്തുവർഷം 622ലാണ്. മുഹമ്മദ് നബിയുടെ ജനനവുമായോ മരണവുമായോ പ്രവാചകത്വ ലബ്ധിയുമായോ ബന്ധപ്പെടുത്തിയുള്ള ഒരു കലണ്ടർ അല്ല മുസ്ലിംകൾ അനുധാവനം ചെയ്യുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.
രണ്ടാം ഖലീഫയായിരുന്ന ഉമറിന്റെ കാലത്ത് ക്രി. വര്‍ഷം 638ലാണ് ഹിജ്റയെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള കലണ്ടറിന് തുടക്കം കുറിക്കുന്നത്. അദ്ദേഹം തന്റെ സഹപ്രവർത്തകരുമായും പ്രമുഖ സ്വഹാബികളുമായും ധാരാളം കൂടിയാലോചന നടത്തിയതിനുശേഷമാണ് ഹിജ്റ കലണ്ടറിനു തുടക്കം കുറിക്കുന്നത്. ഇസ്ലാമിക രാഷ്ട്രത്തിന്റെ വരുമാനം വര്‍ധിക്കുകയും അത് വിതരണം ചെയ്ത് തിട്ടപ്പെടുത്താന്‍ പ്രത്യേക ദിവസങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്ത സന്ദര്‍ഭത്തിലാണ് ഉമര്‍ തന്റെ ഉപദേശകരോട് ഇക്കാര്യം ആരായുന്നത്. പലരും പല അഭിപ്രായങ്ങളും നിർദേശങ്ങളും മുന്നോട്ടുവെച്ചിരുന്നു. അതിൽനിന്നുമാണ് ഹിജ്റയെ ആധാരമാക്കി കലണ്ടർ ആരംഭിക്കാമെന്നുള്ള തീരുമാനം ഉമർ എടുക്കുന്നത്. ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ ഒരു ചരിത്രസംഭവമായാണ് ഹിജ്റ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്.
വിജയകരമായ ഏതൊരു മുന്നേറ്റവും വിശ്വാസദാർഢ്യതയും സമർപ്പണ സന്നദ്ധതയും ത്യാഗബോധവുമുള്ള സംഘത്തിനെ സാധ്യമാവുകയുള്ളൂ. പ്രവാചകൻ അത്തരമൊരു സംഘത്തെ മക്കയിൽ നിന്നും വളർത്തിയെടുത്തതിനുശേഷമാണ് ഹിജ്റ ചെയ്യുന്നത്. കേവലം പ്രാർഥനകൾ കൊണ്ട് മാത്രം വിജയമോ മുന്നേറ്റങ്ങളോ സാധ്യമല്ല. മനുഷ്യസാധ്യതയുടെ പരമാവധി ആസൂത്രണവും പ്രവർത്തനവും അതിനനിവാര്യമാണ്. അതോടൊപ്പം വിജയത്തിന് ദൈവിക സഹായം കൂടി അനിവാര്യമാണ് എന്നും ഹിജ്റ പറഞ്ഞുവെക്കുന്നുണ്ട്.
ഒരു സാഹചര്യത്തിലും സത്യസന്ധതക്കും ധാർമികതക്കും വിരുദ്ധമായ പ്രവർത്തനങ്ങൾ ചെയ്യാൻ പാടില്ല. നാടും വീടും സമ്പത്തും സർവവിധ സാധന സാമഗ്രികളും ഉപേക്ഷിച്ച് ഹിജ്റക്ക് ഒരുങ്ങിയപ്പോൾ അതിനൊക്കെ കാരണക്കാരായ ശത്രുക്കൾ പ്രവാചകനെ സൂക്ഷിക്കാനേൽപ്പിച്ചവ അവർക്ക് മടക്കിക്കൊടുക്കാൻ അലിയെ ഏൽപിക്കുന്നത് അതുകൊണ്ടാണല്ലോ. ഓരോ വിശ്വാസിയും സ്വന്തത്തേക്കാളും ദൈവത്തെയും പ്രവാചകനെയും സ്നേഹിക്കണം. മറ്റെന്തിനേക്കാളുമുപരിയായി നബിക്ക് പ്രാധാന്യം കൽപിക്കണം. അബൂബക്കർ ഇതിന്റെ മികച്ച മാതൃകയാണ് ഹിജ്റയിലൂടെ പ്രകടമാക്കുന്നത്.
ഓരോ പുതുവർഷവും നമ്മെ കൊണ്ടുപോവുന്നത് ധാരാളം പുതിയ പ്രതീക്ഷകളിലേക്കും സ്വപ്നങ്ങളിലേക്കുമാണല്ലോ. ജീവിതത്തിന്റെ കൊഴിഞ്ഞുപോയ താളുകളിലെ താളപ്പിഴകളെ ശരിപ്പെടുത്താനും പുതിയ താളുകൾ തുന്നിപ്പിടിപ്പിക്കാനും നമുക്ക് കഴിയണം. പിഴവുകൾ തിരുത്തുമ്പോഴാണ് കൂടുതൽ ശരികളിലൂടെ സഞ്ചരിക്കാൻ സാധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.