ഡോ. ശൈഖ് മുഹമ്മദ് അൽഈസ

അറഫ പ്രസംഗം നിർവഹിക്കുന്നത് ഡോ. ശൈഖ് മുഹമ്മദ് അൽ ഈസ

മക്ക: ഹജ്ജിലെ സുപ്രധാന കർമമായ അറഫ സംഗമത്തിൽ ഡോ. ശൈഖ് മുഹമ്മദ് അൽ ഈസ പ്രഭാഷണം നിർവഹിക്കും. അറഫയിലെ നമിറ പള്ളിയിലെ പ്രഭാഷണത്തിന് പുറമെ പ്രാർഥനക്കും മുതിർന്ന സൗദി പണ്ഡിത സഭാംഗമായ അദ്ദേഹം നേതൃത്വം നൽകും. വെള്ളിയാഴ്ചയാണ് അറഫ സംഗമം. നമിറ പള്ളയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്​.

അറഫ പ്രസംഗം സംപ്രേഷണം ചെയ്യാനും വിവർത്തനം ചെയ്യാനും നൂതന സാങ്കേതിക ഉപകരണങ്ങളും സംവിധാനങ്ങളുമാണ്​ ഇരുഹറം കാര്യാലയം ഒരുക്കിയിരിക്കുന്നത്​. 14 ഭാഷകളിൽ പ്രസംഗം വിവർത്തനം ചെയ്​ത് ഈ വർഷം 150 ദശലക്ഷം പേർക്ക്​ അറഫ പ്രസംഗ സന്ദേശമെത്തിക്കാനാണ്​ ലക്ഷ്യമിടുന്നത്​. മുഖ്യ കർമമായ അറഫയിലെ ഹാജിമാരുടെ സംഗമത്തിന്റെ ഭാഗമായാണ് നമിറ പള്ളിയിൽ പ്രഭാഷണവും നമസ്കാരവും നടക്കുക. പ്രഭാഷണത്തിന് ശേഷം ളുഹ്ർ, അസർ നമസ്കാരങ്ങൾ സംയോജിപ്പിച്ച് ചുരുക്കിയ രൂപത്തിൽ ഹാജിമാർ അറഫയിൽ നിർവഹിക്കും.

ഇസ്‌ലാമിക ലോകത്ത് ഏറെ ശ്രദ്ധേയനായ വ്യക്തിത്വമാണ് ഡോ. ശൈഖ് മുഹമ്മദ് അൽഈസ. മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറലും ഇന്റർനാഷനൽ ഇസ്‌ലാമിക് ഹലാൽ ഓർഗനൈസേഷൻ പ്രസിഡന്റും സൗദിയിലെ മുൻ നീതിന്യായ മന്ത്രിയുമാണ്. ഇസ്‍ലാം വിഭാവനം ചെയ്യുന്ന സഹാനുഭൂതി, പരസ്പര സഹവർത്തിത്വം, സാഹോദര്യം എന്നിവയിൽ ആഗോളതലത്തിൽ തന്നെ ഏറെ ശ്രദ്ധേയമായിരുന്നു ഇദ്ദേഹത്തിന്റെ പല പ്രഭാഷണങ്ങളും. ഇസ്‌ലാമികേതര രാജ്യങ്ങളിലെ മുസ്‌ലിം സമുദായങ്ങളോട് അവർ താമസിക്കുന്ന രാജ്യങ്ങളുടെ ഭരണഘടനകളെയും നിയമങ്ങളെയും സംസ്‌കാരത്തെയും ബഹുമാനിക്കാൻ ആഹ്വാനം ചെയ്ത അദ്ദേഹം ബഹുസ്വര സമൂഹത്തിനും ഏറെ സ്വീകാര്യനായി മാറിയിരുന്നു.

ഇസ്‌ലാമിക ശരീഅത്ത്, നീതിന്യായ വ്യവസ്ഥകൾ, ഭരണനിയമങ്ങൾ എന്നിവയിൽ ഔപചാരിക വിദ്യാഭ്യാസം കരസ്ഥമാക്കി. നിയമം, ശരീഅത്ത്, ബൗദ്ധിക വിഷയങ്ങൾ എന്നിവയിൽ ഇദ്ദേഹത്തിന്റെ നിരവധി പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൗദിയിലെ ചില സർവകലാശാലകളിൽ അദ്ദേഹം ശരീഅത്തും നിയമവും പഠിപ്പിക്കുകയും നിരവധി ഡോക്ടറൽ, മാസ്റ്റേഴ്സ് തിസീസുകളുടെ മേൽനോട്ടം വഹിക്കുകയും ചെയ്തിട്ടുണ്ട്.

അന്താരാഷ്ട്ര തലത്തിൽ ഇസ്‍ലാമിക വിഷയങ്ങളിൽ നിരവധി പ്രസന്റേഷനുകളും നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ബൗദ്ധിക സ്ഥാപനങ്ങളിലും സർവകലാശാലകളിലും പ്രഭാഷണങ്ങൾ നടത്തി. 2016ൽ മുസ്‌ലിം വേൾഡ് ലീഗിന്റെ സാരഥ്യം ഏറ്റെടുത്ത ശേഷം ഡോ. അൽഈസക്ക് പ്രമുഖ അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ നിന്നും സർക്കാർ ഏജൻസികളിൽ നിന്നും നിരവധി അവാർഡുകളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

Tags:    
News Summary - Dr. Sheikh Muhammad Al Isa will deliver Arafa speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.