കെ.എസ്.ആര്‍.ടി.സി ബസ് റെസ്‌റ്റൊറന്‍റായി; 'പിങ്ക് കഫെ'യുമായി കുടുംബശ്രീയും

ഉപയോഗശൂന്യമായ ബസ്സുകള്‍ റെസ്റ്റോറന്റുകളാക്കി മാറ്റാനുള്ള തീരുമാനം കെ.എസ്.ആര്‍.ടി.സി രണ്ട് മാസം മുന്‍പാണ് കൈക്കൊണ്ടത്. മാസ വാടക ഈടാക്കി ഈ ബസുകള്‍ ഭക്ഷണ വില്‍പ്പനശാലകളാക്കി മാറ്റുന്ന തീരുമാനം അറിഞ്ഞ കുടുംബശ്രീ ഇപ്പോള്‍ പരീക്ഷണമെന്ന നിലയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ കുടുംബശ്രീയുടെ കഫേ തുടങ്ങിയിരിക്കുകയാണ്.

കെ.എസ്.ആര്‍.ടി.സിയുടെ അനുമതി ലഭിച്ചതോടെ ഒരു പുതിയ സംരംഭത്തിന് തിരുവനന്തപുരം ജില്ലയില്‍ തുടക്കം കുറിച്ചിരിക്കുകയാണ്. കുടുംബശ്രീ വനിതകള്‍ ചേര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസില്‍ 'പിങ്ക് കഫേ' എന്ന പേരില്‍ റെസ്‌റ്റൊറന്റ് ആരംഭിച്ചു.

പ്രധാനമായും ആവിയില്‍ പുഴുങ്ങിയ പലഹാരങ്ങളും സസ്യ-മാംസ വിഭവങ്ങളും ഊണുമെല്ലാം കിഴക്കേക്കോട്ടയില്‍ ആരംഭിച്ച 'പിങ്ക് കഫേ' വഴി ലഭിക്കും. ഒരു സമയം പത്ത് പേര്‍ക്ക് ഇരുന്ന് കഴിക്കാനുള്ള സൗകര്യം ബസ്സിലുണ്ട്. രാവിലെ 6 മുതല്‍ രാത്രി 10 വരെയാണ് പ്രവര്‍ത്തന സമയം

'പിങ്ക് കഫേ'യ്ക്കുള്ള ബസ് കെ.എസ്.ആര്‍.ടി.സി ലഭ്യമാക്കി. റെസ്‌റ്റൊറന്റ് മാതൃകയിലേക്ക് ബസ് മാറ്റിയതും കെ.എസ്.ആര്‍.ടി.സി തന്നെയാണ്. എന്നാല്‍ മറ്റ് ഇന്റീരിയര്‍ ഡിസൈന്‍ വര്‍ക്കുകളും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം കുടുംബശ്രീ ഒരുക്കി. അഞ്ച് പേരടങ്ങുന്ന യുവശ്രീ സംരംഭത്തെയാണ് കിഴക്കേക്കോട്ടയിലെ കഫേ നടത്തിപ്പിനായി തെരഞ്ഞെടുത്തത്. ശുഭയുടെ നേതൃത്വത്തിലാണ് യൂനിറ്റ് പ്രവര്‍ത്തിക്കുന്നത്.

ഇന്ന് കിഴക്കേക്കോട്ടയില്‍ നടന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പിങ്ക് കഫേ ഉദ്ഘാടനം ചെയ്തു. കെ.എസ്.ആര്‍.ടി.സിയുമായി ചേര്‍ന്ന് നടത്തുന്ന ഇങ്ങനെയൊരു പരീക്ഷണം വിജയിക്കുമെന്നും മറ്റ് ജില്ലകളിലേക്കും ഈ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.