തിരുവനന്തപുരം: സ്വയംസുരക്ഷയുടെയും പ്രതിരോധപാഠങ്ങളുടെയും പരിശീലന കളരിയില്‍നിന്ന് ധീരതയുടെ പ്രതീകങ്ങളായി 28 കുടുംബശ്രീ വനിതകള്‍ ഇന്ന് പുറത്തിറങ്ങും. കുടുംബശ്രീയും സ്പോർട്സ് കേരള ഫൗണ്ടേഷനും സംയുക്തമായി നടപ്പാക്കുന്ന ‘ധീരം’ പദ്ധതിയുടെ ഭാഗമായാണിത്.
പദ്ധതിയുടെ ആദ്യഘട്ടമായി തെരഞ്ഞെടുത്ത മാസ്റ്റര്‍ പരിശീലകര്‍ക്കുവേണ്ടി നടത്തുന്ന പരിശീലന പരിപാടിയാണ് ഇന്ന് പൂര്‍ത്തിയാകുന്നത്. ഓരോ ജില്ലയില്‍നിന്നും തെരഞ്ഞെടുത്ത രണ്ടുപേര്‍ വീതം ആകെ 28 പേരാണ് പങ്കെടുക്കുന്നത്. ഇവര്‍ക്ക് വട്ടിയൂർക്കാവ് ഷൂട്ടിങ് റേഞ്ചിലെ റസിഡന്‍ഷ്യല്‍ ക്യാമ്പില്‍ 25 ദിവസം കൊണ്ട് 200 മണിക്കൂര്‍ പരിശീലനം ലഭ്യമാക്കി. കരാട്ടെക്കൊപ്പം ജിം പരിശീലനവും നല്കി.
സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി സ്ത്രീകളുടെ സ്വയരക്ഷക്കും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുമായി ആരംഭിച്ച പദ്ധതിയാണ് ‘ധീരം’. ഏപ്രില്‍ മൂന്നാംവാരത്തില്‍ രണ്ടാം ഘട്ട പരിശീലനത്തിന് തുടക്കമിടും. ഇത് ഒരുവര്‍ഷം നീളും. ഇതിന്റെ ഭാഗമായി മാസ്റ്റര്‍ പരിശീലകര്‍ മുഖേന ഓരോ ജില്ലയിലും 30 വനിതകള്‍ക്ക് വീതം ആകെ 420 പേര്‍ക്ക് കരാട്ടെയില്‍ പരിശീലനം ലഭ്യമാക്കും.
ഇപ്രകാരം ജില്ലതലത്തില്‍ പരിശീലനം നേടിയ വനിതകളെ ഉള്‍പ്പെടുത്തി സംരംഭ മാതൃകയില്‍ കരാട്ടെ പരിശീലന ഗ്രൂപ്പുകള്‍ ആരംഭിക്കുന്നതാണ് പദ്ധതിയുടെ മൂന്നാം ഘട്ടം. ഇവര്‍ മുഖേന സ്കൂള്‍, കോളജ്, റസിഡന്റ്സ് അസോസിയേഷന് എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കരാട്ടെയില്‍ പരിശീലനം നല്‍കാനും ലക്ഷ്യമിടുന്നതായി കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു.
കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ സിന്ധു.വി പദ്ധതി വിശദീകരണം നടത്തി. സബ് കലക്ടര്‍ അശ്വതി ശ്രീനിവാസ്, കായിക വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ സീമ എ.എന്‍, സ്പോർട്സ് കേരള ഫൗണ്ടേഷന് സ്റ്റേറ്റ് പ്രോജക്ട് കോഓഡിനേറ്റര്‍ രാജീവ്.ആര്, കുടുംബശ്രീ പ്രോഗ്രാം ഓഫിസര്‍ ശ്രീബാല അജിത്ത്, പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ നാഫി മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു. പരിശീലനം പൂര്‍ത്തിയാക്കിയവരുടെ കരാട്ടേ പ്രദര്‍ശനവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.