തൊടുപുഴ: ഇടുക്കി ശാന്തൻപാറ കള്ളിപ്പാറയിൽ നീലക്കുറിഞ്ഞി പൂത്തത് പതിവുപോലെ മക്കൾ പത്രം വായിച്ചുകേൾപ്പിക്കുന്നതിനിടെയാണ് 87കാരി ഏലിക്കുട്ടി അറിയുന്നത്. യാത്ര ചെയ്യാൻ ക്ഷീണമുണ്ട്. എങ്കിലും 12 വർഷത്തിലൊരിക്കൽ പൂക്കുന്ന കുറിഞ്ഞി കാണാൻ വല്ലാത്തൊരു മോഹം. മക്കളോട് പറഞ്ഞു. ആഗ്രഹം കേട്ടപ്പോൾ മക്കളായ സത്യനും റോജനും മടിച്ചില്ല. ഏലിക്കുട്ടിയുമായി കള്ളിപ്പാറയിലെത്തിയ അവർ മലഞ്ചരിവിൽ പൂത്ത കുറിഞ്ഞി കാണാൻ അമ്മയെ തോളിലേറ്റി നടന്നു.
വാർധക്യം വീട്ടകങ്ങളിൽ തളച്ചിടപ്പെടുന്ന കാലത്താണ് കോട്ടയം മുട്ടുചിറ പട്ടാളംമുക്ക് പറമ്പിൽ പരേതനായ പി.വി. പോളിന്‍റെ ഭാര്യ ഏലിക്കുട്ടിയുടെ 87ാം വയസ്സിലെ ആഗ്രഹം മക്കൾ സ്നേഹത്തിന്‍റെ ഭാരം ചുമന്ന് സാക്ഷാത്കരിച്ചത്. ഏലിക്കുട്ടിക്ക് ആറ് മക്കളാണ്.
നാട്ടിൽ കൂടെയുള്ളത് ജോസഫ് പോൾ എന്ന സത്യനും ഭാര്യയും. സ്വിറ്റ്സർലൻഡിലുള്ള മറ്റൊരു മകൻ റോജൻ എന്ന തോമസ് പോൾ ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്. വിദേശസന്ദർശനങ്ങളടക്കം ഏലിക്കുട്ടി പറഞ്ഞ ആഗ്രഹങ്ങളെല്ലാം ഇതുവരെ മക്കൾ സാധിച്ചുകൊടുത്തിട്ടുണ്ട്.
നീലക്കുറിഞ്ഞി കാണണമെന്ന അമ്മച്ചിയുടെ ആഗ്രഹവും അവർ നീട്ടിവെച്ചില്ല. ഏലിക്കുട്ടിയുമായി എങ്ങനെയും ഇടുക്കിയിലെത്താൻ തന്നെ മക്കൾ തീരുമാനിച്ചു. കള്ളിപ്പാറയിൽനിന്ന് ഓഫ്റോഡ് വഴി ജീപ്പിൽ മലമുകളിലെത്തി. അവിടെനിന്ന് താഴേക്കിറങ്ങിയാലേ കുറിഞ്ഞിപ്പൂക്കൾ കാണാനാകൂ. നടക്കാനാകാത്ത അമ്മയെ റോജൻ തോളിലേറ്റി. കരുതലായി സത്യന്‍റെ കൈകൾ ചുറ്റിപ്പിടിച്ചു. പൂത്തുലഞ്ഞ കുറിഞ്ഞികൾ കണ്ടപ്പോൾ ഏലിക്കുട്ടിയുടെ മുഖം സന്തോഷംകൊണ്ട് വിടർന്നു.
അമ്മച്ചിയുടെ ആഗ്രഹം സാധിച്ചുകൊടുക്കാനായത് പുണ്യംപോലെ കരുതി മക്കളും. റോജൻ അടുത്തദിവസം തന്നെ സ്വിറ്റ്സർലൻഡിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. അതിനിടയിലെ എല്ലാ തിരക്കുകളും മാറ്റിവെച്ചാണ് അമ്മച്ചിയുടെ ആഗ്രഹം നിറവേറ്റാനായി മാത്രം കോട്ടയം മുട്ടുചിറയിൽനിന്ന് ഇടുക്കിയിലെ കള്ളിപ്പാറയിലെത്തിയത്. ജോർജ് പോൾ, അന്നമ്മ പോൾ, അഗസ്റ്റിൻ പോൾ, എലിസബത്ത് പോൾ എന്നിവരാണ് ഏലിക്കുട്ടിയുടെ മറ്റ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.