ആലപ്പുഴ: പാട്ടെഴുത്തിന്റെ ലളിതമല്ലാത്ത വഴിയിലൂടെയാണ് സഞ്ചരിച്ചാണ് വീട്ടമ്മയായ ബിന്ദു ആകാശവാണിക്ക് സ്വന്തമായത്. ആലപ്പുഴ വാടയ്ക്കൽ ഗുരുമന്ദിരത്തിന് സമീപം കാർത്തിക വീട്ടിൽ ബിന്ദു ആലപ്പുഴ (58) എഴുതിയ 15 ലളിതഗാനങ്ങളാണ് ആകാശവാണി തിരുവനന്തപുരം നിലയം സംപ്രേഷണം ചെയ്തത്.
രണ്ടു പാട്ടിന്‍റെ കമ്പോസിങ്ങും നടക്കുന്നുണ്ട്. ആകാശവാണിയുടെ ലളിതഗാനം പരിപാടിയിലൂടെ ശ്രോതാക്കൾക്ക് ബിന്ദുവിനെ നന്നായി അറിയാം. എന്നാൽ, ഈ പാട്ടെഴുത്തുകാരി നാട്ടുകാർക്ക് അത്ര സുപരിചിതയല്ല. സ്വന്തം പാട്ടിന്‍റെ റെക്കോഡിങ്ങുപോലും നേരിട്ട് കണ്ടിട്ടില്ലാത്ത സാധാരണക്കാരിയായ ഈ വീട്ടമ്മയുടെ ജീവിതം ഇക്കാലമത്രയും വീടകങ്ങളിലാണ് ഒതുങ്ങിയത്.
സ്കൂൾ പഠനകാലത്ത് നോട്ടുബുക്കിൽ കുറിക്കുന്ന വരികളിൽ നിറഞ്ഞുനിന്ന പാട്ടെഴുത്തായിരുന്നു തുടക്കം. കുടുംബജീവിതത്തിലേക്ക് കടന്നതോടെ അതിനും ഫുൾ സ്റ്റോപ്പായി. പിന്നീട് ജീവിതത്തിരക്ക് ഒഴിഞ്ഞുവെന്ന് തോന്നിയ 2016ലാണ് എഴുത്തിലേക്ക് വീണ്ടും തിരിഞ്ഞത്. മലയാളികളുടെ കേട്ടുശീലത്തിന് കുറവുവന്നിട്ടും മനസ്സിൽ പതിഞ്ഞ വരികൾ ലളിതഗാനമായി ചിട്ടപ്പെടുത്തി ആകാശവാണിക്ക് അയച്ചു.
'മോഹങ്ങൾ കൊഴിയുന്ന തീരത്ത് എങ്ങോ... നീലാംബരമൊരു പൂപ്പന്തൽ ഒരുക്കി... തുടങ്ങിയ രണ്ടുപാട്ടുകളായിരുന്നു അത്. ജോൺ ഡിക്സൺ ഈണം പകർന്ന് ഈ ഗാനം ആലപിച്ചത് ദയ അരവിന്ദാണ്. പിന്നീട് പലതവണ അയച്ചെങ്കിലും വേണ്ടത്ര പിന്തുണകിട്ടിയില്ല. എന്നാൽ, രാമായണത്തിലെ പുരാണ കഥാപാത്രങ്ങളായ ഊർമിളയും പാഞ്ചാലിയും കേന്ദ്രബിന്ദുവായ 'കാവ്യഭാവന' ലളിതഗാനത്തിന് വൻ സ്വീകാര്യതയാണ് കിട്ടിയത്. സംഗീത വിനോദും ദുർഗരാജുമാണ് ഈ ഗാനം പാടിയത്.
ഐഡിയ സ്റ്റാർ സിംഗർ ഫെയിം ഗായിക എസ്. രേവതി പാടിയ 'വാക്കിന്‍റെ ചെപ്പിലൊതുങ്ങാത്ത മൗനം... വാചാലമായി...' ഗാനം ശ്രോതാക്കൾക്കിടയിൽ ഇപ്പോഴും ഹിറ്റാണ്. എസ്. കുമാറിന്‍റേതാണ് സംഗീത സംവിധാനം. എഴുതിയ പാട്ടുകളെല്ലാം ഒന്നിനൊന്ന് മനോഹരമായിരുന്നു. ഇതിനൊപ്പം എഴുതുന്ന കുറെ കവിതകൾ ഫേസ്ബുക്കിൽ നിറച്ചിട്ടുണ്ട്. രവീന്ദ്രൻ മുട്ടം ആലപിച്ച കോവിഡിനെക്കുറിച്ചുള്ള കവിതയും ആകാശവാണി സംപ്രഷണം ചെയ്തിട്ടുണ്ട്.
സംപ്രഷണം ചെയ്ത 1000 ലളിതഗാനങ്ങൾ കോർത്തിണക്കി ആകാശവാണി പുറത്തിറക്കുന്ന പുസ്തകത്തിൽ ബിന്ദുവിന്‍റെ 10 പാട്ടുമുണ്ട്. ആകാശവാണിയിൽ 'പാട്ട്' റെക്കോഡ് ചെയ്യാൻ സാമ്പത്തികച്ചെലവാണ് പ്രധാന തടസ്സം. അതിനാൽ വർഷത്തിൽ ഒരു പാട്ടാണ് റെക്കോഡ് ചെയ്യുന്നത്. അതിൽനിന്ന് ഗാനരചനക്ക് കിട്ടുന്നത് തുച്ഛമായ വരുമാനമാണ്. എന്നിട്ടും ഈ നാട്ടിൻപുറത്തുകാരിക്ക് പരാതിയും പരിഭവവുമില്ല.
എഴുത്തിലേക്ക് മടങ്ങിയെത്തിയപ്പോൾ കൈപിടിച്ചുയർത്തിയത് റിട്ട. ആകാശവാണി അസി. ഡയറക്ടർ ലീലാമ്മ മാത്യുവും പ്രോഗ്രാം ഓഫിസർ എൻ. ശശികുമാറുമാണ്. പിന്തുണയും പ്രോത്സാഹനവുമായി ബിസിനസുകാരാനായ ഭർത്താവ് സലിം തൈമറ്റത്തും മകൾ കാർത്തികയും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.