ചെങ്ങന്നൂർ: മുറിഞ്ഞുപോയ ഇടതുകൈ തുന്നിച്ചേർത്ത നിലയിലാണ്. ഇടതുകൈ ഉണ്ടെന്നേയുള്ളൂ, സ്വാധീനം വളരെക്കുറവാണ്. ഇതൊരു കുറവായി കാണാതെ ആത്മവിശ്വാസത്തോടെ പൊടിപ്പ് മില്ല് നടത്തുകയാണ് 44കാരിയായ അനിത മാത്യു എന്ന സംരംഭക. അംഗപരിമിതരുടേതായ സർക്കാർ ആനുകൂല്യങ്ങളൊന്നും വേണ്ടെന്നുവെച്ച് ഫ്ലോർ മില്ലിൽ പൊടിപ്പും ആട്ടും ഒക്കെയായി സജീവമാണ് അനിത മാത്യു.
മാന്നാർ കുട്ടമ്പേരൂർ മുട്ടേൽ ആറ്റിങ്ങൽ ഫ്ലോർ മിൽ ആൻഡ് ഫുഡ് പ്രോസസിങ് യൂനിറ്റ് ഉടമയാണ് അനിത മാത്യുവെന്ന സുമി. പന്തളം പൂഴിക്കാട്ചാമുട്ടത്ത് ജോർജ്കുട്ടി-അമ്മിണിയമ്മ ദമ്പതികളുടെ മകളായ സുമിയെ പ്രവാസിയായ ജോൺസൺ മാത്യൂസ് വിവാഹം കഴിച്ചതോടെയാണ് കുട്ടമ്പേരൂരിലെത്തിയത്. വീട്ടമ്മമാർക്കൊരു സഹായിയെന്ന പേരിൽ വനിത എസ്.എസ്.ഐ സംരംഭക യൂനിറ്റായി ബാങ്കിന്റെ ധനസഹായത്തോടെ 2020 ജൂലൈ 15നാണ് പ്രവർത്തനം ആരംഭിച്ചത്. ധാന്യങ്ങൾ അരക്കുക, പൊടിക്കുക, കൊപ്ര ആട്ടുക, തേങ്ങ തിരുമ്മുക, മുളക്, മല്ലി തുടങ്ങിയവ കഴുകി ഉണക്കിപ്പൊടിച്ചു പാക്കറ്റാക്കി നൽകുക തുടങ്ങിയവയാണ് ഇവിടെ പരാശ്രയം കൂടാതെ സുമി നടത്തുന്നത്.
2021 മേയ് 10ന് എക്സ്പെല്ലറിൽ കൊപ്ര ആട്ടിക്കൊണ്ടിരിക്കെ ഇടതു കൈമുട്ടിനുതാഴെ യന്ത്രത്തിലകപ്പെട്ട് മുറിഞ്ഞുപോകുകയായിരുന്നു. ആശുപത്രിയിലെ ചികിത്സയിൽ വേർപെട്ട കൈ തുന്നിച്ചേർത്തു. 15 ദിവസത്തിനുശേഷം വീട്ടിൽ മടങ്ങിയെത്തി മറ്റൊരാളുടെ സഹായത്തോടെ സ്ഥാപനത്തിന്റെ പ്രവർത്തനം പുനരാരംഭിക്കുകയായിരുന്നു. പിന്നീട് പരസഹായമില്ലാതെ സ്വയം മുന്നോട്ട് കൊണ്ടുപോകാനാരംഭിച്ചു. ഇപ്പോൾ ഭർത്താവ് ജോലി ഉപേക്ഷിച്ചു നാട്ടിലെത്തി മില്ലിന്റെ പ്രവർത്തനത്തിൽ ഭാര്യയെ സഹായിക്കുന്നു.
അംഗപരിമിതർക്കായി ഒട്ടനവധി സർക്കാർ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെങ്കിലും അതിലൊന്നുപോലും വേണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും അധ്വാനിച്ചു തന്നെ ജിവിക്കുമെന്നും അനിത പറഞ്ഞു. മക്കളായ ജോസ്ന മാത്യൂസ് ബംഗളൂരുവിൽ രണ്ടാം വർഷ ബി.എസ്സി നഴ്സിങ് പഠിക്കുന്നു. മാന്നാർ കുരട്ടിക്കാട് ശ്രീഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ എട്ട്, അഞ്ച് ക്ലാസ് വിദ്യാർഥികളായ ജോസ്നി മാത്യുസ്, ജോബിൻ മാത്യൂസ് എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.