കണ്ണഞ്ചിപ്പിക്കുന്ന മഞ്ഞ വെളിച്ചത്തിനിടയിലൂടെ, ചുവന്ന പരവതാനി വിരിച്ച ഫാഷൻ റാംപിലേക്ക് പൂച്ച നടത്തവുമായി ക ുണുങ്ങി കുണുങ്ങി അവൾ വരുന്നു, പളപള മിന്നുന്ന ഉടുപ്പും വെട്ടിത്തിളങ്ങുന്ന മുഖവും ആരെയും ആകർഷിക്കും ഉടലഴകും...ഫാ ഷൻ ഷോ എന്നു പറയുമ്പോൾ നമ്മുടെ മനസിലേക്കോടിയെത്തുന്ന ചിത്രം. എന്നാൽ, ഈ ക്ലീഷേയെ കീറിമുറിച്ച് ഒരു ചക്രക്കസേരയുര ുട്ടി അഞ്ജു റാണി ജോയ് പതിയെ പതിയെ വരുന്നത് ഫാഷൻ ആരാധകരുടെ ഹൃദയങ്ങളിലേക്കാണ്.
ഫാഷൻ ഷോയുടെ പതിവുകളെല്ലാം തെ റ്റിച്ച് ഈ മിടുക്കി ഇതിനകം റാംപ് വാക്ക് ചെയ്തത് രണ്ട് പ്രധാന വേദികളിൽ. മോഡലിങ് അഞ്ജുവിൻറെ അനേകം പ്രകടനങ്ങളിലൊ ന്നു മാത്രം എന്നറിയുമ്പോഴാണ് കൗതുകമേറുക. സിനിമ, നാടക നടി, ജാർ ലിഫ്റ്റിങിൽ റെക്കോഡുകാരി, മിറർ എഴുത്തുകാരി, വീഡിയ ോ എഡിറ്റർ, ആഭരണ നിർമാതാവ്, അഞ്ജൂസ് കലക്ഷൻ ഓൺലൈൻ ബോട്ടിക് ഉടമ, യുട്യൂബ് ചാനലായ പ്ലാവില പ്ലസ് ടിവി മീഡിയ മാനേജർ ഇങ്ങനെ ഈ പെൺകുട്ടി കൈവെക്കാത്ത മേഖലകളില്ല. എല്ലാ മേഖലകളിലും മിന്നിത്തിളങ്ങാൻ അഞ്ജുവിന് ഊർജം പകരുന്നത് ആത്മവിശ്വാസവും കഠിനാധ്വാനവുമാണ്. ശാരീരിക പരിമിതികളൊന്നും ഒരു വെല്ലുവിളിയേ അല്ലെന്ന ആപ്തവാക്യമാണ് അവളെ മുന്നോട്ടു നയിക്കുന്നത്.
യൂട്യൂബായിരുന്നു അഞ്ജുവിൻറെ റാംപ് വാക്ക് പരിശീലക. പ്രശസ്ത മോഡലുകളുടെ ചലനങ്ങളും വീൽചെയർ ഫാഷൻ ഷോകളും കുറേയേറെ കണ്ടു സ്വയം പരിശീലിച്ചു. ഇതിനിടയിൽ അടുത്തിടെ ഇറങ്ങിയ ഒരു നല്ല കോട്ടയംകാരൻ എന്ന സിനിമയിൽ നല്ലൊരു വേഷം ചെയ്തു. മാർച്ച് 20ന് പുറത്തിറങ്ങുന്ന, വീൽചെയറുകാരനായ ഡോ.സിജു വിജയൻ സംവിധാനം ചെയ്യുന്ന ഇൻഷ എന്ന ചിത്രത്തിലും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അംഗപരിമിതർ അരങ്ങിലെത്തുന്ന ഇന്ത്യയിലെ ആദ്യ നാടകമായ ഛായയിലും ഈ മിടുക്കിയുണ്ടായിരുന്നു.
ഇടുക്കി പൊന്മുടി സ്വദേശിയായ അഞ്ജുവിന് ജന്മനാ തന്നെ ഇരു കാൽപത്തികൾക്കും വളവുണ്ടായിരുന്നു. ഏറെ കഷ്ടപ്പെട്ടാണ് സ്കൂൾ പഠനം പൂർത്തിയാക്കിയത്. പിന്നീട് മൂവാറ്റുപുഴ എം.എ കോളജിൽ നിന്ന് പ്രൈവറ്റായി ഡിഗ്രി പഠിച്ചു. സിനിമയുടെ സാങ്കേതിക വിദ്യ ഏറെ ഇഷ്ടമായിരുന്നതിനാൽ വിഡിയോ എഡിറ്റിങ് പഠിച്ച്, കുറെ പരസ്യങ്ങളെല്ലാം ചെയ്തു. ടി.വിയിൽ നിന്നാണ് ജാർ ലിഫ്റ്റിങ് കണ്ടു പഠിച്ചത്. യൂണിവേഴ്സൽ റെക്കോഡ്സ് ഫോറത്തിൻറെയും അമേരിക്കയിലെ റെക്കോഡ് സെറ്ററിൻറെയും റെക്കോഡുകൾ തേടിയെത്തുന്ന പ്രകടനം പലയിടത്തായി നടത്തി.
ഒടുവിൽ ഫെബ്രുവരി ഒമ്പതിന് കടവന്ത്ര കൊച്ചിൻ പാലസ് ഹോട്ടലിൽ ആർസൻ മിഡീയ സൊല്യൂഷൻസ് സംഘടിപ്പിച്ച ഫാഷൻ ഷോയിലെ സെലിബ്രിറ്റി മോഡലായും തൊട്ടുപിന്നാലെ ഇ- ഉന്നതി ഫാഷൻഷോയിൽ ഷോ സ്റ്റോപ്പറായുമാണ് ഈ 31കാരി ഫാഷൻലോകത്ത് തിളങ്ങിയത്. ആദ്യ ഷോയിലെ മത്സരാർഥിയായി അനിയത്തി ആഷ്്ലിയുമുണ്ടായിരുന്നു. തൻറെ ആദ്യ മോഡലിങ് തന്ന അനുഭവം മറക്കാനാവില്ലെന്ന് അഞ്ജു പറയുന്നു. കാക്കനാടാണ് ഇപ്പോൾ താമസം.
തണൽ പാരാപ്ലീജിക് പേഷ്യൻറ്സ് വെൽഫെയർ സൊസൈറ്റിയുടെ ഫ്രീഡം ഓൺ വീൽസ് എന്ന ഗാനമേള ട്രൂപ്പിനൊപ്പം ജാർ ലിഫ്റ്റിങ് പ്രകടനവുമായി പലയിടങ്ങളിൽ ചക്രകസേരയുരുട്ടി എത്താറുണ്ട് അഞ്ജു. സൊസൈറ്റിയുടെ എക്സി.അംഗം കൂടിയാണിവർ. ഭിന്നശേഷിക്കാരും മറ്റെല്ലാവരെയും പോലെ ഈ സമൂഹത്തിൻറെ ഭാഗമാണെന്നും, എല്ലാ പരിഗണനയും കിട്ടേണ്ടതുണ്ടെന്നും അവൾ പറയുന്നു. വനിതദിനത്തിന് സ്ത്രീശാക്തീകരണത്തിനുള്ള പങ്ക് ചെറുതല്ലെന്നും ഈ ദിനത്തിൽ ഭിന്നശേഷിക്കാരായ വനിതകളെ കൂടി ആദരിക്കുന്നതിൽ സന്തോഷമുണ്ടെന്നും അഞ്ജു പറയുന്നു. അച്ഛൻ കെ.ജി ജോയി, ജെസി, സഹോദരങ്ങളായ അമൽ, ആഷ്്ലി എന്നിവരെല്ലാം എല്ലാ കാര്യങ്ങൾക്കും പൂർണ പിന്തുണയുമായി അഞ്ജുവിനൊപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.