ആ​ൻ​മേ​രി ബസിന്റെ ഡ്രൈവിങ് സീറ്റിൽ

ആൻമേരി കലിപ്പിലാണ് ആൺകോയ്മയുടെ അടയാളങ്ങളോട്

കൊച്ചി: ആൺകോയ്മയുടെ അടയാളങ്ങളായി കരുതപ്പെടുന്ന എല്ലാത്തിനോടും ആൻമേരി ആൻസലിന് ഒരു പ്രത്യേക താൽപര്യമാണ്. അതുകൊണ്ടുതന്നെ അവയിലൊക്കെയും തന്‍റേതായ കൈക്കരുത്ത് സ്വായത്തമാക്കി കഴിഞ്ഞു ഈ നിയമ വിദ്യാർഥിനി. ഏറ്റവുമൊടുവിൽ സ്വകാര്യ ബസിന്‍റെ ഡ്രൈവർ സീറ്റിൽ വളയം പിടിക്കുന്നതിലും എത്തി ഈ വാശി. കാക്കനാട്-പെരുമ്പടപ്പ് റൂട്ടിൽ ഓടുന്ന 'ഹേ ഡേ' എന്ന ബസ് ഞായറാഴ്ചകളിൽ യാത്രക്കാരുമായി ഓടിക്കുന്നത് ആൻ മേരിയാണ്.

പള്ളുരുത്തി ചിറക്കൽ പറേമുറിവീട്ടിൽ പി.ജി. ആൻസലിന്‍റെയും പാലക്കാട് അഡീഷനൽ ജില്ല ജഡ്ജ് സ്മിത ജോർജിന്‍റെയും മകളായ ആൻ മേരി എന്ന അന്നമ്മ പത്താം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ബുള്ളറ്റിലാണ് കൈവെച്ചത്. പിതാവ് ആൻസലാണ് ബാലപാഠങ്ങൾ അഭ്യസിപ്പിച്ചത്. 18ാം പിറന്നാൾ ദിനത്തിൽ തന്നെ ഇരുചക്രവാഹനത്തിനൊപ്പം കാറിന്‍റെയും ലൈസൻസ് സ്വന്തമാക്കി. ഹെവി വെഹിക്കിളിൽ കൈവെച്ചപ്പോഴാണ് അതിനുള്ള ലൈസൻസിന് 21 വയസ്സുവരെ കാത്തിരിക്കണമെന്ന് അറിഞ്ഞത്. പിറന്നാൾ മധുരമായി അതിന്‍റെ ലൈസൻസും ലഭിച്ചു.

യാത്രക്കാരുമായി വാഹനം ഓടിക്കണമെന്ന ആഗ്രഹം സാധിച്ചത് അയൽവാസിയും സ്വകാര്യ ബസ് ഡ്രൈവറുമായ ശരത്താണ്. 'ഹേ ഡേ'യുടെ ഡ്രൈവറായ ശരത്തിനും അത് അനുഗ്രഹമായി. വണ്ടി മികച്ച ഡ്രൈവറെ തന്നെ ഏൽപിച്ച് അദ്ദേഹം ഞായറാഴ്ചകളിൽ അവധിയെടുത്തു. ചെല്ലാനം റൂട്ടിലോടുന്ന സെന്‍റ് ജോസഫ് ബസിലേക്കും ഡ്രൈവറായി ക്ഷണം ലഭിച്ചിട്ടുണ്ട്. ട്രെയ്ലറും ജെ.സി.ബിയും അടക്കം ഓടിക്കാൻ പഠിച്ച അന്നമ്മ നിയമപഠനം കഴിഞ്ഞാൽ അതിനുള്ള ലൈസൻസും എടുക്കാനുള്ള തയാറെടുപ്പിലാണ്.

അവിടം കൊണ്ടും അവസാനിപ്പിക്കാതെ പൈലറ്റും ലോകോപൈലറ്റുമായശേഷം കപ്പിത്താന്‍റെ വളയവും കൈപ്പിടിയിലൊതുക്കണമെന്നതാണ് ആഗ്രഹം. നേവൽ ബേസിൽ കരാറുകാരനായ പിതാവിന്‍റെ അളവറ്റ പിന്തുണയുള്ളതിനാൽ അതും സാധ്യമാകുമെന്ന ഉത്തമവിശ്വാസത്തിലാണ് അന്നമ്മ.

എറണാകുളം ലോ കോളജിൽ എൽഎൽ.ബി നാലാം വർഷ വിദ്യാർഥിനിയായ ആൻ മേരി ഡ്രൈവിങ് മാത്രമല്ല പുരുഷാധിപത്യമുള്ള മറ്റു മേഖലകളും കൈവിട്ടിട്ടില്ല. കഴിഞ്ഞവർഷം ജില്ല പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ ആൻമേരി സംസ്ഥാന ചാമ്പ്യൻഷിപ്പിൽ നാലാം സ്ഥാനവും നേടി. ലണ്ടൻ ട്രിനിറ്റി കോളജിന്‍റെ കീഴിൽ കീബോർഡിലും പരിശീലനം നേടിയിട്ടുണ്ട്. അതിൽ ഇപ്പോൾ തന്നെ ഏഴാം ഗ്രേഡ് സ്വന്തമാക്കി.

'ഹെവി വാഹനങ്ങൾ ഓടിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ പുരുഷന്മാർക്ക് മാത്രം ചിലതെല്ലാം സംവരണം ചെയ്തുവെച്ചിരിക്കുന്ന സ്ഥിതിക്ക് മാറ്റമുണ്ടാകണം. ഞാൻ ബുള്ളറ്റ് ഓടിച്ചുപോകുമ്പോൾ എന്തോ അത്ഭുതകാഴ്ച കാണുന്നതുപോലെയാണ് ചിലരുടെ നോട്ടം. ഈ സ്ഥിതിക്ക് മാറ്റമുണ്ടാകണം' -ആൻ മേരി പറഞ്ഞു. ആനിന് ഒരു സഹോദരികൂടിയുണ്ട്.

Tags:    
News Summary - Annemarie, a law student driving a bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.