രോഷ്ന സ്ട്രിപ് കാർട്ടൂണുകൾ വരക്കുന്നു

സംസ്കാര വൈവിധ്യങ്ങളുടെ കാർട്ടൂൺ കാൻവാസ്

ഏറ്റവും നീളം കൂടിയ കാർട്ടൂൺ സ്ട്രിപ്പ്​ ഒരുക്കി ഗിന്നസ്​ നേട്ടം കൊയ്​തിരിക്കുകയാണ് കോഴിക്കോട് ജില്ലയിലെ മുക്കത്തുകാരി എം. രേഷ്ന എന്ന പെൺകുട്ടി. ദുബൈ ​ഗ്ലോബൽ വില്ലേജിലെ കാർട്ടൂൺ പ്രദർശനം ഈ കലാകാരിക്ക്​ അന്താരാഷ്​ട്ര ശ്രദ്ധ നേടിക്കൊടുത്തു

സംസ്കാരങ്ങളുടെ വൈവിധ്യം കാർട്ടൂണിൽ ആവിഷ്കരിച്ച് ഒരു ഗിന്നസ് പട്ടക്കാരി. ദുബൈ ഗ്ലോബൽ വില്ലേജിൽ ഒരുക്കിയ അന്താരാഷ്​ട്ര എക്സിബിഷനിലൂടെ ഒരു കൊച്ചു പെൺകുട്ടി കൗതുകക്കാഴ്ചകൾ കണ്ടു കടന്നുപോകുന്നു. അവളുടെ കണ്ണുകളിൽ കാണുന്ന കാഴ്ചകളാണ് 404 മീറ്റർ നീളത്തിലുള്ള കാർട്ടൂൺ സ്ട്രിപ്പിൽ രോഷ്ന വരച്ചിട്ടത്. അത് ലോകത്തിലെ ഏറ്റവും നീളം കൂടിയ കാർട്ടൂൺ സ്ട്രിപ്പായി. അങ്ങനെ കോഴിക്കോട് ജില്ലയിലെ മുക്കത്തുകാരി ഗിന്നസ് പട്ടക്കാരിയായി. ലോകത്തിലെ ഏറ്റവും വലിയ സൈക്കിളും പേനയും ഷട്ടിൽ ബാറ്റും നിർമിച്ച് നേര​േത്ത ഗിന്നസ് റെക്കോഡുകൾ നേടിയ എം. ദിലീഫിന്‍റെ മകളാണ് ഈ മിടുക്കി.

2021 ഏപ്രിൽ 29നാണ് എം. റോഷ്നക്ക് ഗിന്നസ് റെക്കോഡ് ലഭിക്കുന്നത്. 404 .41 മീറ്റർ നീളത്തിൽ (1,326 ഫീറ്റ്), 500 ഷീറ്റുകളിലായി ഒരുക്കിയ രണ്ടു റീൽ കാർട്ടൂൺ സ്ട്രിപ് ഒരുക്കാൻ 20 ദിവസങ്ങളെടുത്തു. ഈ ഇനത്തിൽ നിലവിലുള്ള പാകിസ്​താനി വനിതയുടെ 350 മീറ്റർ കാർട്ടൂൺ സ്ട്രിപ്പിനെ മറികടന്നാണ് റോഷ്ന ഗിന്നസ് നേടിയത്. നേര​േത്ത 26 അന്താരാഷ്​ട്ര അവാർഡുകൾ നേടിയ ദുബൈ ഗ്ലോബൽ വില്ലേജിന് ഏറ്റവും നീളം കൂടിയ കാർട്ടൂണിൽ ഗിന്നസ് റെക്കോഡ് നേടിക്കൊടുത്ത ആദ്യ ഇന്ത്യക്കാരിയാകാൻ അങ്ങനെ റോഷ്നക്ക് ഭാഗ്യം ലഭിച്ചു.

ലോകസംസ്കാരങ്ങൾ അടയാളപ്പെടുത്തിയ പ്രദർശന നഗരികളിലൂടെ കടന്നുപോകുന്ന ഒരു പെൺകുട്ടിയുടെ കൺ കാഴ്ചകളെ കാർട്ടൂൺ കാൻവാസുകളിലൂടെ ആവിഷ്കരിക്കുന്നതിന്റെ സ്​റ്റോറിയും കാരക്ടറും കണ്ടെത്തിയത് ഈ മൂന്നാം വർഷ ഡിഗ്രി വിദ്യാർഥിനി തന്നെ. രസകരവും കൗതുകകരവുമായ എക്സിബിഷൻ കാഴ്ചകളെ മുതിർന്നവർപോലും സമീപിക്കുന്നത് കുട്ടികളുടെ നിഷ്കളങ്കതയോടെയാണെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ത​െൻറ കാർട്ടൂൺ കഥയിലെ കഥാപാത്രത്തെയും കുട്ടി ആക്കിയതെന്ന് റോഷ്ന.


ഗിന്നസ് റെക്കോഡുകൾ നേടിയ കാർട്ടൂണിസ്​റ്റായ പിതാവിൽനിന്ന് പ്രചോദനമുൾക്കൊണ്ട് അഞ്ചു വർഷം മുമ്പുതന്നെ ഗിന്നസ് സ്വപ്നം പൂവിട്ടിരുന്നു. ഇടക്ക് 2015ൽ കേരളത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പോസ്​റ്റർ തയാറാക്കിയത് ആത്മവിശ്വാസം വർധിപ്പിച്ചു. ആളുകളുടെ മുഖം നോക്കി തത്സമയം രണ്ട് മിനിറ്റുകൊണ്ട് കാരിക്കേച്ചർ തയാറാക്കാൻ സാധിച്ചതും വലിയ മുതൽക്കൂട്ടായി. ദു​ൈബയിലെ ഇന്ത്യൻ പവിലിയനിലും മറ്റും ലൈവ് ഡ്രോയിങ്​ നടത്തിവരുന്നതിനിടെയാണ് ഗ്ലോബൽ വില്ലേജ് ഓഫർ ലഭിക്കുന്നത്. കമ്പനിക്കു വേണ്ടിയാണ് കാർട്ടൂൺ സ്ട്രിപ് തയാറാക്കിയത്. സ്വന്തം പേരിൽ ഗിന്നസ് റെക്കോഡ് നേടാനാകുമെന്ന് അന്ന് കരുതിയിരുന്നില്ല. എന്നാൽ ഇന്നത് യാഥാർഥ്യമായി -റോഷ്ന പറയുന്നു.

ഒട്ടേറെ പ്രതിസന്ധികൾ തരണംചെയ്താണ് ഗിന്നസ് സ്വപ്നം പൂവണിഞ്ഞത്. കേവലം 20 ദിവസംകൊണ്ട് പൂർത്തിയാക്കേണ്ട വർക്കായിരുന്നു ഇത്. കോവിഡ് കാലമായതിനാൽ ഒട്ടേറെ പ്രശ്നങ്ങളുണ്ടായി. എന്നാൽ, ഉറച്ചുനിൽക്കാൻ മാതാപിതാക്കൾ പ്രേരിപ്പിച്ചു. ഒമ്പതാം ക്ലാസ് മുതൽ പഠനചെലവുകൾ കണ്ടെത്തുന്നത് റോഷ്ന തന്നെയാണ്. ശനിയും ഞായറും അവൾക്ക് വര ദിവസങ്ങളാണ്.


നിരവധി സ്ഥലങ്ങളിൽ കാരിക്കേച്ചർ വരക്കാൻ പോകും. സ്വന്തം കഴിവിലും ദൈവത്തിന്റെ അനുഗ്രഹങ്ങളിലും വിശ്വാസമുണ്ടെങ്കിൽ ഏത് പ്രതിസന്ധിയെയും തരണം ചെയ്യാമെന്ന് തന്റെ അനുഭവവെളിച്ചത്തിൽ ഈ ഗിന്നസുകാരി പുതിയ തലമുറയോട് പറയുന്നു. കഴിവിനും ആയുസ്സിനും ദൈവത്തോട് മറുപടി പറയേണ്ടിവരും എന്ന് വിശ്വസിക്കുന്ന റോഷ്ന, മറ്റുള്ളവർക്ക് ഉപകാരങ്ങൾ ചെയ്തുകൊടുത്ത് ജീവിതത്തെ ധന്യമായി അടയാളപ്പെടുത്തണമെന്നുകൂടി ഉണർത്തുന്നു.

ചേന്ദമംഗലൂർ ഇസ്​ലാഹിയ കോളജിൽനിന്ന് പ്ലസ് ടു കഴിഞ്ഞ്, ഇപ്പോൾ ചാത്തമംഗലം എം.ഇ.എസ് കോളജിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയായ റോഷ്ന, ഡ്രോയിങ് പഠിപ്പിക്കുന്നുമുണ്ട്. ROCHART എന്ന പേരിൽ സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്. കാർട്ടൂണിസ്​റ്റായ മുഹമ്മദ് ദിലീഫും മാതാവ് സുബൈദയും സഹോദരികളായ റഹാന, റന, റയ എന്നിവരും എന്നും പ്രചോദനം നൽകുന്ന റോഷ്നക്ക് UKയിൽ പോയി ആർട്ട് പഠിക്കണമെന്നാണ് ആഗ്രഹം.

സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടെങ്കിലും ദൃഢനിശ്ചയം ഉണ്ടെങ്കിൽ അതൊക്കെ ദൈവഹിതം കൊണ്ട് മറികടക്കാനാവും എന്നുതന്നെ റോഷ്ന കരുതുന്നു. എം.എ. യൂസുഫലിയുടെ വിസ്മയകരമായ ജീവിതം കാർട്ടൂണിൽ ആവിഷ്കരിക്കുക എന്നതാണ് ഈ ഗിന്നസ് പട്ടക്കാരിയുടെ അടുത്ത ആഗ്രഹം.

Tags:    
News Summary - Artist and Guinness record winner M Reshma daughter of M Dileep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.