കൊച്ചി: രണ്ടാം ശ്രമത്തിൽ സിവിൽ സർവിസ് മോഹം പൂവണിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ആര്യയും കുടുംബവും. ഇടപ്പള്ളി കൗസ്തുംഭത്തിൽ രാജ്കുമാർ (റിട്ട. എഫ്.എ.സി.ടി ജീവനക്കാരൻ)- അനിത (എൽ.ഐ.സി ജീവനക്കാരി) ദമ്പതികളുടെ ഇളയമകളാണ് ഇക്കുറി സിവിൽ സർവിസിൽ 160ാം റാങ്ക് നേടിയ പി.ആർ. ആര്യ.
എറണാകുളത്തെ ചിന്മയ വിദ്യാലയത്തിൽ പ്ലസ്ടു വരെ പഠിച്ച ഈ മിടുക്കി തുടർന്ന് മുംബൈ സെന്റ് സേവ്യേഴ്സിൽനിന്നാണ് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയത്. ശേഷം ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും നേടി. ലാമ്പിന്റെ ഫെല്ലോഷിപ്പിനുശേഷം റിലയൻസ് ഫൗണ്ടേഷനിൽ ഒന്നര വർഷവും നീതി ആയോഗിൽ എട്ടുമാസവും ജോലിനോക്കി.
ഇക്കാലയളവിലാണ് പഠനകാലം തൊട്ടേ മനസ്സിൽ കൊണ്ടുനടന്ന സിവിൽ സർവിസെന്ന സ്വപ്നം തീവ്രമായത്. സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പ്രോത്സാഹനം കൂടിയായതോടെ പരിശ്രമം ആരംഭിച്ചു. 2021ൽ ആദ്യശ്രമം നടത്തിയെങ്കിലും വിജയംകണ്ടില്ല. എന്നാൽ, ഇക്കുറി രണ്ടാം ശ്രമത്തിൽ വിജയം ആര്യക്കൊപ്പമെത്തുകയായിരുന്നു.
ഫലപ്രഖ്യാപനമെത്തിയതോടെ ഇടപ്പള്ളിയിലെ വീട്ടിലും തിരുവനന്തപുരത്തെ ആര്യപഠിച്ച സിവിൽ സർവിസ് ഇൻസ്റ്റിറ്റ്യൂട്ടിലും ആഹ്ലാദം അലതല്ലി. സുഹൃത്തുക്കളോടൊപ്പം കേക്ക് മുറിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ആര്യയും ആഹ്ലാദത്തിൽ പങ്കുചേർന്നു. റാങ്ക് നില അനുസരിച്ച് ഐ.പി.എസ് ലഭിക്കുമെന്നാണ് പ്രതീക്ഷ. പരിശ്രമവും ലക്ഷ്യബോധവുമുണ്ടെങ്കിൽ സിവിൽ സർവിസ് ബാലികേറാമലയല്ലെന്നാണ് നേട്ടം തെളിയിക്കുന്നതെന്നാണ് ആര്യയുടെ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.