68ലും കുഞ്ഞുപെണ്ണ് കിണർകുഴിക്കുന്ന തിരക്കിലാണ്. 30 വർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിച്ചത് 10,000നുമേൽ കിണറുകൾ. അടൂർ ഏറാത്ത് ചൂരക്കോട് ചരുവിള കിഴക്കേതിൽ കുഞ്ഞുപ്പെണ്ണാണ് നൂറനാട് പാലമേൽ പഞ്ചായത്തിലെ മുകുളുവിള അയണിവിള ഭദ്രകാളി ദേവീക്ഷേത്രത്തിന്‍റെ പുനർനിർമാണത്തിന്‍റെ ഭാഗമായുള്ള കിണറിന്‍റെ നിർമാണത്തിലും ചുക്കാൻ പിടിക്കുന്നത്. ജീവിത പ്രാരാബ്ദങ്ങളിലാണ് കിണർ കുഴിക്കാനിറങ്ങിയത്.
തമിഴ്നാട് സ്വദേശിയും അയൽവാസിയുമായ ഒരാളെ വിവാഹം കഴിച്ചെങ്കിലും രണ്ടുവർഷം മാത്രമേ ആ ദാമ്പത്യം നിലനിന്നുള്ളു. അതിനിടെ ഒരു മകൻ പിറന്നു. ദമ്പതികൾ തമ്മിൽ പിരിഞ്ഞതോടെ ഒരുവയസ്സുള്ള കുഞ്ഞിനെ വളർത്താൻ വരുമാനമാർഗം തേടിയാണ് കുഞ്ഞുപെണ്ണ് മൈക്കാട് പണിക്കിറങ്ങിയത്. ഒരിക്കൽ പണിക്കുപോയ വീടിന് സമീപം കിണർവെട്ടുന്നത് ശ്രദ്ധയിൽപ്പെട്ടു.
കൗതുകം തോന്നിയ കുഞ്ഞുപെണ്ണ് കിണർ വെട്ടുന്നത് കാണാൻ ചെന്നത് ജോലിക്കാർക്ക് ഇഷ്ടപ്പെട്ടില്ല. ആണുങ്ങൾക്കുമാത്രം ചെയ്യാൻ കഴിയുന്ന തൊഴിലാണിതെന്നുപറഞ്ഞ് പിന്തിരിപ്പിച്ചു. കുഞ്ഞുപെണ്ണിന് ഇതോടെ വാശിയായി. സ്വന്തം വീട്ടിൽ ഒറ്റക്ക് കിണർ കുഴിക്കാൻ തുടങ്ങി. 32 തൊടി എത്തിയപ്പോൾ വെള്ളംകണ്ടു. കിണർ നിർമാണം നേരിട്ട് കാണാനെത്തിയ അടൂർ പള്ളിയിലെ പുരോഹിതൻ ഇവരെ തെൻറ വീട്ടിലെ കിണർ നിർമാണം ഏൽപിച്ചു. 15 ദിവസത്തിനകം നിർമാണം പൂർത്തിയാക്കി പുരോഹിതനെ അത്ഭുതപ്പെടുത്തി.
അന്ന് തുടങ്ങിയ കിണർ വെട്ട് 30 വർഷം പിന്നിടുമ്പോൾ കിണറുകളുടെ എണ്ണം 10,000 കടന്നു. ആദ്യം ഒറ്റക്കുതുടങ്ങിയ തൊഴിലിന് ഇന്നു സഹായിയായി മകൻ കിഷോർ (40) കൂടെയുണ്ട്. ഇന്ന് ലോക തൊഴിലാളി ദിനംകുഞ്ഞുപെണ്ണ് നിർമിച്ച ഭൂരിഭാഗം കിണറുകൾ അടൂർ, പത്തനംതിട്ട, അഞ്ചൽ, ചവറ, കൊട്ടാരക്കര, കൊടുമൺ സ്ഥലങ്ങളിലാണ്. മുകുളുവിള അയണിവിള ഭദ്രകാളി ദേവീക്ഷേത്രത്തിലെ കിണർ കുഞ്ഞുപ്പെണ്ണും മകൻ കിഷോറും ചേർന്നാണ് നിർമിക്കുന്നത്. കിണറിനു സ്ഥാനം കാണുന്നതുമുതൽ എല്ലാം ജോലികളും ചെയ്യുന്നത് ഇവർ തന്നെയാണ്. കുഴിച്ച ഒരുകിണർപോലും വെള്ളം കാണാത്തതിന്‍റെ പേരിൽ ഉപേക്ഷിക്കേണ്ടിവന്നിട്ടില്ലെന്ന് കുഞ്ഞുപെണ്ണ് പറയുന്നു.
കൊടുമൺ മലയുടെ മുകളിൽ ഒരുവീട്ടിൽ ഒമ്പത് സ്ഥലത്തായി കിണർ വെട്ടിയിട്ടും വെള്ളം കണ്ടെത്താൽ കഴിയാതെ അവസാനം കുഞ്ഞുപെണ്ണ് എത്തി വെട്ടിയ കിണറിൽ ഒമ്പതടി തൊടിയിറക്കുന്നതിനിടെ വെള്ളം കണ്ടെത്തിയതടക്കമുള്ള നിരവധി അനുഭവങ്ങളുണ്ട്. നാടിനുവേണ്ടി പെൺകരുത്ത് കാട്ടിയിട്ടും ആരുടെഭാഗത്തുനിന്ന് എന്തെങ്കിലും സഹായങ്ങളും ആദരവും കിട്ടാത്തതിന്‍റെ സങ്കടവും മറച്ചുവെച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.