നെടുങ്കണ്ടം: ആറു വയസ്സ് മുതൽ നൃത്തം പഠിച്ചും പഠിപ്പിച്ചും ആറ് പതിറ്റാണ്ട് പിന്നിടുകയാണ് രത്നമ്മ ശശികുമാർ എന്ന നൃത്താധ്യാപിക. സംഗീതത്തിൽ ആരംഭിച്ച് നൃത്തത്തിലേക്ക് ചുവടുവെച്ച ഈ 67കാരി ഇപ്പോഴും ചിലങ്കകെട്ടി നൃത്തമാടുന്നു. ഒപ്പം 30 കുട്ടികളുടെ നൃത്താധ്യാപിക കൂടിയാണ്. 11ാം വയസ്സിൽ നൃത്താധ്യാപികയായി. ആദ്യകാലത്ത് പരിപാടികളിൽ പാടുമായിരുന്നു. കടക്കൽ ബാബു നരേന്ദ്രന്റെ ശിക്ഷണത്തിൽ സംഗീതം പഠിച്ചു. അന്ന് നാട്ടിൻപുറങ്ങളിൽ ഗ്രാമീണനൃത്തം ഉണ്ടായിരുന്നു.
തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയായ രത്നമ്മ 24ാം വയസ്സിൽ വിവാഹം കഴിഞ്ഞ് നെടുങ്കണ്ടത്ത് എത്തിയതോടെ ഇവിടെയും നൃത്തക്ലാസ് ആരംഭിച്ചു. ഭർത്താവ് ചിത്രാലയം ശശികുമാറും നൃത്താധ്യാപകനായിരുന്നു. ഇരുവരും ചേർന്ന് ഹൈറേഞ്ചിലെ മിക്ക സ്കൂളുകളിലും നൃത്ത ക്ലാസുകൾ ആരംഭിച്ചു. 85ൽ മയ്യനാട് ശശികുമാർ, കലാമണ്ഡലം കമല, എന്നിവരുടെ ശിക്ഷണത്തിൽ കുച്ചിപ്പുടി, ഭരതനാടും, മോഹിനിയാട്ടം തുടങ്ങിയവ അഭ്യസിച്ചു.
സ്കൂൾ കലോത്സവങ്ങൾ വന്നതോടെ നൃത്തരംഗത്ത് മാറ്റങ്ങൾ വന്നു തുടങ്ങി. ആദ്യകാലത്ത് കേരളത്തിൽ കേരളനടനമായിരുന്നു. കഥകളിയിൽനിന്നും മോഹിനിയാട്ടത്തിൽനിന്നും രൂപപ്പെടുത്തിയതാണ് കേരളനടനം. പിന്നീട് 80 കാലഘട്ടത്തിലാണ് ഭരതനാട്യം എത്തുന്നത്. ഭരതനാട്യം, കുച്ചിപ്പുടി എന്നിവക്ക് മുദ്രയിൽ മാറ്റമില്ല. പക്ഷേ, അംഗചലനത്തിൽ വ്യത്യാസമുണ്ട്. നാടോടിനൃത്തത്തിൽ അഭിനയത്തിനാണ് പ്രാധാന്യം.
പഴയ കാലത്ത് എൽ.പി ക്ലാസുകളിൽ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം എന്നിവ ഉണ്ടായിരുന്നു. അന്ന് സംസ്ഥാനതല മത്സരത്തിൽ എൽ.പി വിഭാഗത്തിൽ പങ്കെടുത്തിരുന്നു. ഇന്ന് സബ് ജില്ലതലത്തിൽ മാത്രമേ എൽ.പി വിദ്യാർഥികൾക്ക് പങ്കെടുക്കാനാവുമായിരുന്നുള്ളു എന്ന് രത്നമ്മ ടീച്ചർ പറയുന്നു. നിരവധി സ്റ്റേറ്റ് താരങ്ങളെയും കലാതിലകങ്ങളെയും സംഭാവന ചെയ്യാൻ ഈ നൃത്താധ്യാപികക്ക് കഴിഞ്ഞിട്ടുണ്ട്. മക്കളും കൊച്ചുമക്കളുമെല്ലാം നൃത്തത്തിലും സംഗീതത്തിലും സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.