ദരീൻ ബാർബർ, പോരാട്ടത്തിന്‍റെ പേര്

15ാം വയസിൽ കാൻസർ ബാധിച്ച് കാൽ നഷ്ടപ്പെട്ടിട്ടും പൊരുതി ജയിച്ചവളുടെ പേരാണ് ദരീൻ ബാർബർ. ഇതൊന്നും ഒരു നഷ്ടമേയല്ലെന്ന് ലോകത്തോട് ദിവസവും വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുകയാണവൾ. കലാ-കായിക മേഖലയിലും കാൻസർ ബോധവത്കരണത്തിലുമെല്ലാം മുൻപന്തിയിലുണ്ട് ഈ ലെബനാൻകാരി. ദുബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദരീൻ യുവതലമുറക്ക് പ്രോൽസാഹനവും ആത്മവിശ്വാസവും പകരുന്ന സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് കൂടിയാണ്.

ഓടിച്ചാടി നടക്കേണ്ട പ്രായത്തിലാണ് അവളുടെ ഇടതുകാൽ നഷ്ടമായത്. ഒരു 15 വയസുകാരിയെ സംബന്ധിച്ചിടത്തോളം ജീവിതം അസ്തമിച്ചു എന്ന് പോലും തോന്നിപ്പോയേക്കാവുന്ന സമയം. പക്ഷെ, കാലുറപ്പിച്ച് നിൽക്കാൻ തന്നെയായിരുന്നു ദരീൻ. വെപ്പുകാലുമായി അവൾ ട്രാക്കിലിറങ്ങി. യു.എ.ഇയിലെ നിശ്ചയദാർഡ്യ വിഭാഗക്കാരുടെ അംബാസഡറായി. 2018ൽ ദുബൈ വിമൻസ് ട്രയാത്തലൺ പൂർത്തിയാക്കുന്ന നിശ്ചയദാർഡ്യവിഭാഗത്തിൽപെട്ട ആദ്യ അറബ് വ്യക്തിത്വമായി അവൾ മാറി. കഴിഞ്ഞ വർഷം ജൂണിൽ ഗിന്നസ് റെക്കോഡിനും ഉടമയായി.

കസേരയുടെ പിന്തുണയില്ലാതെ മതിലിൽ ചാരി ഇരിക്കുന്ന 'സാംസൺ ചെയർ സിറ്റി'ൽ ഏറ്റവും കൂടുതൽ സമയം ഇരുന്നതിനാണ് ദരീനെ തേടി റെക്കോഡ് എത്തിയത്. മിഡ്ൽ ഈസ്റ്റിൽ ഈ നേട്ടം കൈവരിക്കുന്ന അപൂർവം വനിതയായി ദരീൻ ചരിത്രത്തിൽ ഇടംപിടിച്ചു. ഇതിനിടയിൽ വിവാഹം കഴിഞ്ഞു, രണ്ട് കുട്ടികളുമായി. സൈക്ലിങ്ങിലും ബോക്സിങിലും ഹൈക്കിങിലും റൈഡിങ്ങിലുമെല്ലാം ദരീൻ താരമായി. ഫാഷൻ റാമ്പുകളിലും ബോക്സിങ് റിങ്ങുകളിലും ഡ്രൈവിങ് സീറ്റുകളിലുമെല്ലാം ദരീനുണ്ട്. പ്രചോദനം പകരുന്ന പേഴ്സനൽ ട്രെയിനർ, പ്രഭാഷക, പരിശീലക എന്നീ റോളുകളിലും ദരീനെ കാണാം.

ദ​രീ​ൻ ബാ​ർ​ബ​റും കുടുംബവും

കഴിഞ്ഞ മാസം ദരീന്‍റെ ജീവിതം പറയുന്ന 'ദരീൻ ബാർബർ-ബസ്മ' എന്ന സംഗീത ആൽബം പുറത്തിറക്കിയിരുന്നു. ദരീൻ തന്നെയാണ് അതിൽ അഭിനയിച്ചിരിക്കുന്നതും. ഒരുമാസം കൊണ്ട് ഒരു ദശലക്ഷം കാഴ്ചക്കാരാണ് ഈ ആൽബത്തിന് ലഭിച്ചത്. നിശ്ചയദാർഡ്യ വിഭാഗക്കാർക്ക് മാത്രമല്ല, ജീവിതത്തിൽ പ്രതിസന്ധി നേരിടുന്ന ആർക്കും പ്രചോദനമാണ് ദരീന്‍റെ ജീവിതം. ഇത് കണ്ട് പ്രചോദനമുൾക്കൊണ്ട് നിരവധി പേർ ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. ഇനിയും അത്തരക്കാരുണ്ടാവാൻ വേണ്ടിയാണ് ആൽബം പുറത്തിറക്കിയതെന്ന് ദരീൻ പറയുന്നു. പ്രശസ്ത സംവിധായകൻ എലീ എൽ സെമായാണ് ആൽബം സംവിധാനം ചെയ്തത്.

ഒരാളുടെ സ്വഭാവ രൂപവത്കരണത്തിൽ സ്പോർട്സിന് ചെറുതല്ലാത്ത പങ്കുണ്ടെന്നാണ് ദരീന്‍റെ അഭിപ്രായം. ആത്മവിശ്വാസം നേടാനും പൊരുതാനും സ്പോർട്സ് പഠിപ്പിക്കുന്നു. മാനസികാരോഗ്യം വളർത്താൻ ഫിറ്റ്നസ് സഹായിക്കുന്നു. വൈകല്യം എന്നത് അസാധാരണമായ പലതിനെയും സാധ്യമാക്കുമെന്നും തന്‍റെ ജീവതം സാക്ഷിനിർത്തി ദരീൻ പറയുന്നു. 17 വർഷമായി ദുബൈയിലുണ്ട്. 

Tags:    
News Summary - Darin Barber, the name of fight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.