പരപ്പനങ്ങാടി: ‘മകൾക്കായുള്ള ദിന’മായിരുന്നു (വേൾഡ് ഡോട്ടേഴ്സ് ഡേ) ഇന്നലെ. ആ ദിവസം മാത്രമല്ല, എല്ലാ ദിനത്തിലും അഭിമാനിക്കാനുള്ള വകയാണ് ചെട്ടിപ്പടി സ്വദേശി ചാന്തുവീട്ടിൽ അബ്ദുസമദ്-സക്കിയ്യ ദമ്പതികൾക്ക് നാല് പെൺമക്കളിലൂടെ ലഭിച്ചത്. ബാങ്കുദ്യോഗസ്ഥനായിരുന്ന അബ്ദുസ്സമദും വീട്ടമ്മയായ സക്കിയ്യയും മക്കളെ നന്നായി പഠിപ്പിച്ചു. അന്ന് ചിലരെങ്കിലും ചോദിച്ചു, എന്തിനാണ് പെൺകുട്ടികളെ ഇങ്ങനെ പഠിപ്പിക്കുന്നത് എന്ന്.
ആ ചോദ്യം രക്ഷിതാക്കളിലെന്നപോലെ പെൺകുട്ടികളിലും വാശി പകർന്നു. നാലിൽ മൂന്ന് പെൺമക്കളും ഇന്ന് ഡോക്ടർമാരാണ്. ഒരാൾ വിദേശത്ത് ഉന്നത വിദ്യാഭ്യാസമേധാവിയും. മൂന്ന് ഡോക്ടർ സഹോദരിമാരുടെയും ജീവിതപങ്കാളികളും ഡോക്ടർമാർതന്നെ. ഉന്നത വിദ്യാഭ്യാസ മേധാവിയായ സഹോദരിയുടെ ഭർത്താവ് വിദേശത്ത് അധ്യാപകനാണ്.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റായ ഡോ. നിശാത്ത്, യു.എ.ഇ അജ്മാൻ സ്കൂളിലെ ഇംഗ്ലീഷ് വിഭാഗം മേധാവി ശാലിമ, മലബാർ കാൻസർ സെന്ററിലെ അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ജഷ്മ, കോട്ടക്കൽ അൽമാസ് ആശുപത്രിയിലെ ഒഫ്താൽമോളജിസ്റ്റ് ഡോ. അഷ്റ എന്നിവരാണ് അറിവിനെ ആയുധമാക്കി രക്ഷിതാക്കൾക്ക് അഭിമാനമായത്.
ഡോ. നിശാത്തിന്റെ ജീവിതപങ്കാളി ഡോ. കാസിം റസ്വി കോഴിക്കോട് മെഡിക്കൽ കോളജിലെ പീഡിയാട്രിക്സ് വിഭാഗത്തിൽ അസോസിയേറ്റ് പ്രഫസറാണ്. ജഷ്മയുടെ ഭർത്താവ് ഡോ. നിസാം മലബാർ കാൻസർ സെന്ററിലെ സർജനാണ്. അഷ്റയുടെ ഭർത്താവ് ഡോ. അജാസ് പൊന്നാനി കോട്ടക്കൽ അൽമാസ് ആശുപത്രിയിലെ പീഡിയാട്രിക് കൺസൾട്ടന്റും വെട്ടിച്ചിറ ആർദ്രം ഹോസ്പിറ്റൽ ഡയറക്ടറുമാണ്.
യു.എ.ഇയിലെ അജ്മാൻ സ്കൂളിൽ അറബിക് വിഭാഗം മേധാവിയായ സലീമാണ് ഷാലിമയുടെ ഭർത്താവ്. നിഷാത്തിന്റെ മകൾ മിൻഹ തിരുവനന്തപുരം മെഡിക്കൽ കോളജിൽ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.