മൂവാറ്റുപുഴ: രാജ്യാന്തര മാസ്റ്റേഴ്സ് മീറ്റിൽ രാജ്യത്തിനുവേണ്ടി സ്വർണം നേടാനുള്ള തീവ്രപരിശീലനത്തിലാണ് മൂവാറ്റുപുഴ കാട്ടുകുടിയിൽ ഫെസി മോട്ടി എന്ന അത്ലറ്റ്. 53ാം വയസ്സിലും പരിശീലനത്തിന് ഒരുകുറവും വരുത്താൻ അവർ ഒരുക്കമല്ല. ഫെസി മോട്ടിക്ക് ജീവിതംതന്നെ സ്പോർട്സാണ്.
2017 ൽ തിരുവനന്തപുരത്ത് മാസ്റ്റേഴ്സ് അത്ലറ്റിക് സംസ്ഥാന മീറ്റില്‍ ഫെസി മോട്ടി നേടിയത് മൂന്ന് സ്വര്‍ണമാണ്. 45-50 പ്രായമുള്ളവരുടെ വിഭാഗത്തിൽ ഷോട്ട്പുട്ട്, ജാവലിന്‍ ത്രോ, ഹാമര്‍ ത്രോ മത്സരങ്ങളിലാണ് മെഡലുകള്‍ നേടിയത്. 2017ലും 2018ലും ഷോട്ട്പുട്ട്, ജാവലിന്‍ ത്രോ, ഹാമര്‍ ത്രോ മത്സരങ്ങളില്‍ ചാംപ്യനാണ്. 2019ല്‍ മലേഷ്യയില്‍ നടന്ന ഏഷ്യന്‍ മാസ്റ്റേഴ്സിൽ ഹാമര്‍ ത്രോയില്‍ നാലാം സ്ഥാനം നേടി. ഈ വർഷം കാനഡയിൽ നടക്കുന്ന രാജ്യാന്തര മാസ്റ്റേഴ്സിൽ സ്വർണം നേടും- ഫെസി ഉറപ്പുപറയുന്നു.
ഗൾഫിൽ ബിസിനസുകാരനായിരുന്ന ഭർത്താവ് പി.പി. മോട്ടിയുടെ അകാലമരണത്തോടെ ജീവിതം കീഴ്മേൽ മറിച്ച ഗൾഫ് പ്രവാസത്തിെൻറ ദുരിതങ്ങൾക്കൊടുവിൽ നാട്ടിലെത്തിയ ഫെസി, മാനസികസമ്മർദം മറികടക്കാനാണ് കുഞ്ഞുനാളിൽ പരിശീലനം നേടിയ ത്രോ മത്സരങ്ങളിൽ പങ്കെടുത്തുതുടങ്ങിയത്. അതൊരു മടങ്ങിപ്പോക്കായിരുന്നു. ചെറുപ്പം മുതല്‍ കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചെവച്ചിരുന്ന ഫെസി ആനിക്കാട് സെൻറ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂളിലും ആലുവ സെൻറ് സേവ്യേഴ്സ് കോളജിലും പഠിക്കുന്ന കാലത്ത് ചാംപ്യനായിരുന്നു. ഇപ്പോൾ അഞ്ചുവര്‍ഷമായി തുടര്‍ച്ചയായി മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ ജേതാവാണ്.
മൂവാറ്റുപുഴയിലെ നല്ലൊരു സംരംഭകകൂടിയാണിപ്പോൾ ഫെസി. ബ്യൂട്ടി ബാര്ലറും ബ്യൂട്ടി കോളജും ഫെസിയുടെ മേൽനോട്ടത്തിൽ നടക്കുന്നു. അബൂദബിയിലും ബ്യൂട്ടി കോളജ് നടത്തുന്നുണ്ട്. ദുഃഖങ്ങളിൽ തളരാതെ പിടിച്ചുനിൽക്കാൻ സഹായിച്ചത് കായിക പരിശീലനങ്ങളിലൂടെ നേടിയ കരുത്താണെന്നാണ് ഫെസിയുടെ വിശ്വാസം. ഇതു പുതുതലമുറയിലെ പെൺകുട്ടികളിലേക്കു പകരാൻ മൂവാറ്റുപുഴയിലും പരിസരപ്രദേശങ്ങളിലും സ്കൂളുകളിലും ക്ലബുകളിലും അത്ലറ്റിക്സിലും പഞ്ചഗുസ്തിയിലും പരിശീലനം നല്‍കുന്നുമുണ്ട്. ദുബൈയിൽ ജോലി ചെയ്യുന്ന ഏക മകൻ അമ്മക്ക് പൂർണ പിന്തുണയുമായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.