വെഞ്ഞാറമൂട്: കേരളത്തിലെ ആദ്യ ചുമട്ടുതൊഴിലാളി സ്ത്രീ എന്നത് അംഗീകാരമോ വിശേഷണമോ ഒക്കെയാകാം, പക്ഷേ ചന്ദ്രികയെ സംബന്ധിച്ച് കൊടിയ ദാരിദ്ര്യത്തിന്‍റെ കനം തൂങ്ങിയ നാളുകളിൽനിന്നുള്ള അതിജീവന ഉപാധിയായിരുന്നു. വീട്ടുവേലക്കാരിയിൽ തുടങ്ങി ഈ 68 കാരിയുടെ ഉപജീവനവഴികൾ ചുമട്ടുതൊഴിലും പിന്നിട്ട് ഇപ്പോൾ സംരംഭകയിലെത്തി നിൽക്കുന്നു.
കുടുംബത്തിന്‍റെ നിസ്സഹായതയിലും പ്രയാസങ്ങളിലും ഞെരിഞ്ഞമർന്നതായിരുന്നു ബാല്യം. കുടുംബം പോറ്റാൻ അമ്മ കൂലിവേലക്കാരിയായി. വൈകുന്നേരങ്ങളില്‍ പ്രദേശത്തുനിന്ന് തെറ്റിപ്പൂക്കള്‍ ശേഖരിച്ച് സമീപത്തെ കടകളില്‍ എത്തിച്ച് ഒരണയും രണ്ടണയുമൊക്കെ കുഞ്ഞുചന്ദ്രിക സമ്പാദിച്ചു. മറ്റ് ചിലപ്പോള്‍ വിശന്ന് വശംകെട്ട് അടുത്ത പാടശേഖരങ്ങളില്‍ നടീലിനും കളയെടുപ്പിനും കൊയ്ത്തിനുമൊക്കെ വരുന്ന സ്ത്രീ തൊഴിലാളികളുടെ അടുത്ത് ചെന്ന് നിൽക്കും.
അവര്‍ കൊണ്ടുവരുന്ന ഭക്ഷണത്തിന്‍റെ ഒരു പങ്ക് കിട്ടുന്നതുകൊണ്ട് വിശപ്പടക്കും. ഒമ്പതാം വയസ്സിലാണ് വീട്ടുജോലിക്കാരിയായി ചെങ്ങന്നൂരില്‍ ഡോക്ടറുടെ വീട്ടില്‍ എത്തുന്നത്. 20 വയസ്സുവരെ ഇവിടെ തുടര്‍ന്നു. പിന്നീടാണ് നാട്ടില്‍ തിരിച്ചെത്തുന്നത്. അധികം താമസിയാതെ വിവാഹവും നടന്നു. തുടർന്നാണ് ചുമട്ട് തൊഴിലിലേക്ക് തിരിയുന്നത്.മൂളയത്തെ ചന്തയില്‍നിന്ന് ചെറുകിട കച്ചവടക്കാര്‍ ശേഖരിക്കുന്ന മലഞ്ചരക്ക് ഉൽപന്നങ്ങള്‍ അടുത്തുള്ള പ്രധാന വിൽപന കേന്ദ്രങ്ങളായ വെഞ്ഞാറമൂട്ടിലും അവനവഞ്ചേരിയിലും തലച്ചുമടായി എത്തിക്കുന്ന ജോലിയായിരുന്നു ആദ്യം.
ഇതിനിടെ മൂളയം ആറ്റിനു കുറുകെ പാലം വരികയും ബസില്‍ സാധനങ്ങള്‍ കയറ്റിക്കൊണ്ടു പോകുന്നതിനുള്ള സാഹചര്യം ഒരുങ്ങുകയും ചെയ്തു. ഈ അവസരത്തില്‍ ബസില്‍ സാധനങ്ങള്‍ കയറ്റുന്ന ഭര്‍ത്താവിനെ സഹായിക്കലായി ജോലി. പിന്നീടാണ് പ്രദേശത്ത് കയറ്റിറക്കുമായി ബന്ധപ്പെട്ട് ലോറികള്‍ വരുന്നത്.
ഇതോടെയാണ് ചുമട്ടുതൊഴില്‍ പ്രധാന ഉപജീവന മാര്‍ഗമായത്. താമസിയാതെ പ്രദേശത്ത് ചുമട്ട് തൊഴിലാളി യൂനിയന്‍ നിലവില്‍വന്നു. എന്നാല്‍, ഒരു സ്ത്രീ തൊഴിലാളിയെ അംഗീകരിക്കാനും കൂട്ടത്തിൽ കൂട്ടാനും മറ്റ് തൊഴിലാളികള്‍ തയാറായില്ലെന്ന് മാത്രമല്ല ശക്തമായ എതിര്‍പ്പും നേരിടേണ്ടിവന്നു. തുടര്‍ന്ന് സി.പി.എം നേതാവായിരുന്ന ആലിയാട് മാധവന്‍പിള്ള ഇടപെട്ടാണ് പ്രശ്‌നത്തിന് പരിഹാരം കാണുന്നതും അംഗീകൃത ചുമട്ട് തൊഴിലാളി പട്ടികയില്‍ ഇടം നേടി ചരിത്രത്തിലാദ്യമായി ചുമട്ട് തൊഴിലാളിയായി അംഗീകാരം കിട്ടുന്ന വനിതായി മാറുന്നതും.
2017ല്‍ 65 വയസ്സിലാണ് തൊഴിലില്‍നിന്ന് വിരമിച്ചത്. എല്ലാവര്‍ക്കും 60 വരെയാണ് പ്രായമെങ്കിലും പ്രത്യേക പരിഗണന അഞ്ച് വര്‍ഷം നീട്ടി നൽകുകയായിരുന്നു. വിരമിക്കലിനുശേഷമാണ് പ്രദേശത്തെ കുടുംബശ്രീ യൂനിറ്റ് നടത്തിയിരുന്ന ഫ്ലവര്‍മില്‍ ഏറ്റെടുത്ത് സംരംഭകയായത്. ചുമട്ട് തൊഴിലില്‍നിന്ന് വിരമിച്ചെങ്കിലും സംരംഭകയെന്ന നിലയിൽ നാട്ടിലെ എല്ലാ പൊതുകാര്യങ്ങളിലും ഇവർ സജീവ സാന്നിധ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.