കൊച്ചി: ബിഹാറിലെ മുസഫർപൂരിൽനിന്നുള്ള ശിവാംഗി ഇന്നലെ ചരിത്രനേട്ടത്തിെൻറ നെറുകയിലേക്ക് പറന്നുയർന്നു. ഇന്ത്യൻ നാവികസേനയുടെ ആദ്യ വനിത പൈലറ്റ് എന്ന ബഹുമതിയാണ് ശിവാംഗി സ്വന്തമാക്കിയത്. കൊച്ചിയിലെ ദക്ഷിണ നാവിക ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ശിവാംഗിക്ക് ദക്ഷിണ നാവിക കമാൻഡിെൻറ ഫ്ലാഗ് ഓഫിസർ കമാൻഡിങ് ഇൻ ചീഫ് വൈസ് അഡ്മിറൽ എ.കെ. ചൗള വിമാനം പറത്താനുള്ള അനുമതിപത്രം കൈമാറി.
പത്താം വയസ്സ് മുതൽ മനസ്സിലേറ്റിയ സ്വപ്നമാണ് പൂവണിയുന്നതെന്ന് ശിവാംഗി പറഞ്ഞു. കുഞ്ഞുനാളിൽ കണ്ട വിമാനത്തിലൂടെയാണ് പൈലറ്റ് ആകണമെന്ന ആഗ്രഹം ശിവാംഗിയുടെ മനസ്സിൽ ലാൻഡ് ചെയ്തത്. വിമാനം പറത്തുക എന്നത് ഏറെ വ്യത്യസ്തതയുള്ള ജോലിയായി തോന്നി. പിന്നീട് ആ സ്വപ്നത്തിന് പിന്നാലെയായിരുന്നു.
എയർഫോഴ്സ് അക്കാദമി, ഇന്ത്യൻ നേവൽ എയർ സ്ക്വാഡ്രൺ 550, ഐ.എൻ.എസ് ഗരുഡ കൊച്ചി എന്നിവിടങ്ങളിൽ രണ്ടുഘട്ടങ്ങളായി ഒരു വർഷത്തെ കഠിന പരിശീലനത്തിനൊടുവിലാണ് ശിവാംഗി സ്വപ്നം സാക്ഷാത്കരിച്ചത്. ഏഴിമല നേവൽ അക്കാദമിയിലാണ് നേവൽ ഓറിയേൻറഷൻ കോഴ്സ് പൂർത്തിയാക്കിയത്. ഐ.എൻ.എസ് ഗരുഡയിലെ ഡ്രോണിയർ സ്ക്വാഡ്രണായ ഐ.എൻ.എ.എസ് 550ൽ ശിവാംഗി വിദഗ്ധ പരിശീലനം തുടരും.
നാവികസേനക്ക് ഇത് അഭിമാന നിമിഷമാണെന്ന് വൈസ് അഡ്മിറൽ എ.കെ. ചൗള പറഞ്ഞു. ഈ മാസം അവസാനത്തോടെ ദിവ്യ, ശുഭാംഗി എന്നീ വനിതകൾ കൂടി നാവികസേന പൈലറ്റ് ആയി പരിശീലനം പൂർത്തിയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.