ബീറ്റ് ഫോറസ്റ്റ് ഓഫിസർ ഗീതയും ഫോറസ്റ്റ് വാച്ചർ വനിതാമണിയും

ഗീതയും വനിതാമണിയുമൊക്കെ രാത്രി ജാഗ്രതയോടെയുണ്ട്; മറയൂരിലെ ചന്ദനനിധി കാക്കാൻ...

രാത്രി 10 മണി കഴിഞ്ഞു. വൈകീട്ട് തുടങ്ങിയ മഴ ഇനിയും തോർന്നിട്ടില്ല. പുതച്ചുമൂടി കിടന്നുറങ്ങാൻ കൊതിപ്പിക്കുംവിധം തണുപ്പ് അരിച്ചിറങ്ങുന്നുണ്ട്. ‘‘മഴ മാറാൻ നിന്നാൽ ഇനിയും വൈകും. നമുക്കുപോകാം’’ -മറയൂർ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ (ഡി.എഫ്.ഒ) എം.ജി. വിനോദ് കുമാർ പറഞ്ഞു. മറയൂർ കാട്ടിലേക്കാണ് യാത്ര; കേരളത്തിന്റെ ചന്ദനനിധിയിലേക്ക്. അവിടെ ഇരുട്ടും കാറ്റും മഴയും കോടമഞ്ഞും തണുപ്പുമൊന്നും വകവെക്കാതെ കുറച്ചുപേർ കോടികൾ വിലമതിക്കുന്ന ആ നിധിക്ക് കാവൽ നിൽക്കുന്നുണ്ട്. മറയൂരിന്റെ ചന്ദനപ്പെരുമയുടെ കാവലാളുകൾ. അവരുടെ രാത്രി ജീവിതം കാണുകയാണ് ലക്ഷ്യം. ഇരുളിന്റെ മറവിൽ നിന്ന് ഒരു മൃഗമോ വനംകൊള്ളക്കാരോ ഏതുനിമിഷവും മുന്നിൽ ചാടിവീണേക്കാമെന്ന ഭീതിയെ അതിജയിച്ച്, കിലോമീറ്ററുകളോളം റോന്തുചുറ്റി ചന്ദനമരങ്ങൾ സംരക്ഷിക്കുന്ന സ്ത്രീകളടക്കമുള്ള വനപാലകരെ കാണാൻ...

വനംവകുപ്പിന്റെ വാഹനത്തിൽ നാച്ചിവയൽ സ്റ്റേഷൻ പരിധിയിലുള്ള ചന്ദനക്കാട്ടിലെത്തിയ​പ്പോഴും മഴ തോർന്നിരുന്നില്ല. കട്ടപിടിച്ച ഇരുട്ടും കോച്ചിവലിക്കുന്ന തണുപ്പുമാണ് കൂട്ടിന്. ചന്ദനക്കാടുകൾക്കു ചുറ്റും ഉയരത്തിൽ കമ്പിവേലി കെട്ടി മതിൽ പണിതിട്ടുണ്ട്. വനപാലകർ തുറന്നുതന്ന ഒരു ഗേറ്റിനുള്ളിലൂടെ അകത്തു കടന്നപ്പോൾ ഇരുളിന്റെ കാൻവാസിൽ മഴനൂലുകൾ കോറിയിടുന്ന നിറം കാടിന്റെ പുതിയൊരു മുഖം കാട്ടിത്തന്നു. രാവിലെയും രാത്രിയും കാട് വ്യത്യസ്ത ലോകങ്ങളായി മാറും. രാവിലെ കണ്ട കാടേ അല്ല ഇപ്പോൾ. നിശ്ശബ്ദതയുടെ മൂടുപടം പുതച്ച് രാത്രിയും ഉറങ്ങാതിരിക്കുന്ന കാട്. ജീവജാലങ്ങൾ മാത്രമല്ല, മരങ്ങളും പൊന്തക്കാടുകളും വരെ ഉണർന്നിരിക്കുമ്പോഴും എങ്ങും മൂകത മാത്രം. രാവിലെ കാടിന്റെ നിശബ്ദതക്ക് ഒരു സൗന്ദര്യമുണ്ട്. രാത്രിയാകുമ്പോൾ ആ നിശബ്ദത ആരെയും ഭയപ്പെടുത്തും.


വനത്തിലെ ‘വെട്ടഭാഷ’

കാട്ടുപാതയിലൂടെ നടന്നുതുടങ്ങി. ടോർച്ച് വെളിച്ചത്തിന്റെ വലിയ വട്ടത്തിൽ മാത്രമാണ് കാഴ്ച. സ്വൈര്യജീവിതത്തിന് ഭംഗം വന്നതിലുള്ള ഏതൊക്കെയോ ജീവികളുടെ പരിഭവം കേൾക്കാം. ഇടക്കിടെ ഒപ്പമുള്ള ​ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ വയർലെസിന്റെ ശബ്ദവും. കുറച്ചു കഴിഞ്ഞപ്പോൾ അൽപം ദൂരെ നിന്ന് ഞങ്ങൾ നടക്കുന്നിടത്തേക്ക് ഒരു ടോർച്ച് വെളിച്ചമെത്തി. തിരികെ ഞങ്ങളും അവിടേക്ക് വെട്ടമടിച്ചു. അതൊരു സംഭാഷണമാണ്. രാത്രിയിൽ വനത്തിനുള്ളിൽ ‘വെട്ടഭാഷ’യാണ്. ഒരു ടീം നിൽക്കുന്നിടത്തേക്ക് വെളിച്ചമടിച്ച് കാണിച്ചാൽ അവിടേക്ക് മറുപടി വെട്ടം കാട്ടണം. വെട്ടം വന്നില്ലെങ്കിൽ ആ പ്രദേശത്തെ ആൾക്ക് എന്തുപറ്റിയെന്ന് വയർലെസിലൂടെ അന്വേഷിക്കണം.

വെട്ടമടിച്ചിടത്തേക്ക് ചെന്നപ്പോൾ രണ്ട് സ്ത്രീകളെയാണ് കണ്ടത്. ബീറ്റ് ഫോറസ്റ്റ് ഓഫിസർ ഗീതയും ഫോറസ്റ്റ് വാച്ചർ വനിതാമണിയും. 22 വർഷമായി കാടു കാക്കാൻ പെൺ വാച്ചർമാർ ഉണ്ടെന്ന് അറിയാമെങ്കിലും രാ​ത്രി വനത്തിലുള്ളിൽ ഇവരെ കണ്ടപ്പോൾ അത്ഭുതം തോന്നി. ഇരുട്ടും മഴയും തണുപ്പുമൊന്നും കാര്യമാക്കാതെ, തൊട്ടുമുന്നിൽ പതുങ്ങിയിരിക്കുന്ന അപകടത്തെ കൂസാതെയൊരു രാത്രി ജീവിതം. തണ്ണുപ്പിനെ പ്രതിരോധിക്കാൻ ജാക്കറ്റും മഴ നനയാതിരിക്കാൻ കുടയുമുണ്ട്. കയ്യിൽ വലിയ ടോർച്ചും വാക്കിടോക്കിയും ലാത്തിയും. ‘‘വന്യമൃഗങ്ങളെയോ വനംകൊള്ളക്കാരെയോ എതിരിടാൻ ഇത് മതിയോ?’’. മനസ്സിലുയർന്ന സംശയം മനസ്സിലാക്കിയിട്ടെന്നോണം ഗീത പറഞ്ഞു- ‘‘കാട്ടിൽ രാത്രി ജോലി ചെയ്യാനുള്ള പേടി കുറച്ചു ദിവസത്തേക്കേ കാണൂ. ഉറക്കമിളപ്പെല്ലാം ആദ്യകാലങ്ങളിൽ ബുദ്ധിമുട്ടായി തോന്നും. ശീലമാകുന്നതോടെ കാടിന് നമ്മൾ കാവൽ, നമുക്ക് കാട് കാവൽ എന്ന ധൈര്യത്തോടെ ജോലി ചെയ്യാൻ കഴിയും’’.

മറയൂർ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ എം.ജി. വിനോദ് കുമാർ

സ്ത്രീയെന്ന ‘പരിഗണന’ നൽകി ഒന്നിൽനിന്നും മാറ്റി നിർത്താത്തതിൽ അഭിമാനമു​ണ്ടെന്നും ഇവർ പറയുന്നു. സംശയകരമോ അപകടകരമോ ആയി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ വയർലെസിലൂടെ സന്ദേശം എല്ലാവരിലേക്കും എത്തിക്കാനും കഴിയും. ‘‘ഒന്നാലോചിച്ചാൽ നാടിനേക്കാൾ സുരക്ഷയുണ്ട് കാട്ടിൽ. നാട്ടിൽ സ്ത്രീകൾക്ക് ഇത്ര സുരക്ഷാബോധത്തിൽ രാത്രിയിൽ ജോലി ചെയ്യാൻ കഴിയുമോ?’’- സമകാലിക സാമൂഹികാന്തരീക്ഷത്തിൽ ഏറെ പ്രസക്തിയുള്ളൊരു ചോദ്യവും ഗീതയിൽ നിന്നുണ്ടായി. അവരോട് യാത്ര പറഞ്ഞ് നടന്നുനീങ്ങി. ഇടക്കിടെ ചെറിയ ഷെഡുകൾ കാണാം. ഡ്യൂട്ടിയിലുള്ളവർക്ക് മഴ ശക്തമാകുമ്പോൾ കയറിനിൽക്കാനും ക്ഷീണമകറ്റാൻ ചായയോ കാപ്പിയോ ഉണ്ടാക്കി കഴിക്കാനും വിശ്രമിക്കാനുമൊക്കെ ഉള്ളവ. അവിടെ തണുപ്പകറ്റാൻ വിറകുകൂട്ടി തീ കായുന്നവരുമുണ്ട്. പകൽ ജോലി ചെയ്യുന്ന വാച്ചർമാരാണ് വിറകുകൾ ശേഖരിച്ചു വെക്കുന്നത്.

അൽപദൂരം നടന്നപ്പോൾ വീണ്ടും രണ്ട് വനിത ജീവനക്കാർ. ബീറ്റ് ഫോറസ്റ്റ് ഓഫിസർ ദിവ്യയും ഫോറസ്റ്റ് വാച്ചർ ശാന്തിയും. ശാന്തി മറയൂരുകാരിയാണ്. ‘‘ഞാൻ ട്രൈബൽ വിഭാഗത്തിലുള്‍പ്പെട്ടയാളല്ലേ. കുട്ടിക്കാലം മുതലേ കാടു കണ്ടും അറിഞ്ഞുമാണ് വളർന്നത്. ശരിക്കും വീടുപോലെയാണ് കാട്. മൃഗങ്ങളൊക്കെ അടുത്തെത്തിയാൽ പലതിനെയും മണം കൊണ്ട് അറിയാൻ കഴിയും. കരടിയുടെ കാര്യത്തിൽ മാത്രമാണ് അത് നടക്കാത്തത്’’- ശാന്തി പറഞ്ഞു. ആനയുടെയും കാട്ടുപോത്തിന്റെയും മുന്നിൽ നിന്നൊക്കെ കഷ്ടിച്ച് രക്ഷപ്പെട്ട കഥകൾ പറയാനുണ്ട് രാത്രി ഡ്യൂട്ടിയിലുള്ള എല്ലാവർക്കും.

ബീറ്റ് ഫോറസ്റ്റ് ഓഫിസർ ദിവ്യയും ഫോറസ്റ്റ് വാച്ചർ ശാന്തിയും

‘ടെൻഷൻ’ നൽകുന്ന പൂർണചന്ദ്രൻ!

ഹൈറേഞ്ച് സർക്കിളിൽപ്പെടുന്ന മറയൂർ സാൻഡൽ ഡിവിഷൻ 2005ലാണ് നിലവിൽ വരുന്നത്. മറയൂർ, നാച്ചിവയൽ എന്നീ രണ്ട് സ്റ്റേഷനുകളാണ് ഇതിന് കീഴിലുള്ളത്. ഇവിടങ്ങളിലായി 342 ജീവനക്കാരുണ്ട്. 129 സ്ഥിരം ജീവനക്കാരും (റേഞ്ച് ഫോറസ്റ്റ് ഓഫിസർ-3, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ-4, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ-16, ബീറ്റ് ഫോറസ്റ്റ് ഓഫിസർ-53, ഡ്രൈവർ-7, ഫോറസ്റ്റ് വാച്ചർ-2, ഫോറസ്റ്റ് വാച്ചർ എസ്.ആർ-44) 213 ദിവസ വേതന​ പ്രൊട്ടക്ഷൻ വാച്ചർമാരുമാണ് ഉള്ളത്. ഇതിൽ നാലിൽ മൂന്നാളും ചന്ദന സംരക്ഷണത്തിനായി രാ​ത്രി ഡ്യൂട്ടിയിൽ ഉണ്ടാകുമെന്ന് ഡി.എഫ്.ഒ വിനോദ് കുമാർ പറഞ്ഞു. അമൂല്യമായ ചന്ദനമരങ്ങളുടെ കാവൽ എന്നത് ഏറെ ഉത്തരവാദിത്തമുള്ള ജോലിയായതിനാൽ സ്റ്റാഫിന് അമിത സമ്മർദ്ദം വരാത്ത രീതിയിലാണ് ജോലി ക്രമീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മറയൂർ ഡിവിഷനിൽ ഏഴ് ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരും അഞ്ച് ഫോറസ്റ്റ് വാച്ചർമാരും വനിതകളാണ്. ഓരോ സ്റ്റേഷനെയും ഒമ്പത് സെക്ഷനുകളാക്കിയും അവയെ വീണ്ടും വിവിധ യൂണിറ്റുകളായും തിരിച്ചിട്ടുണ്ട്. യൂണിറ്റിന്റെ ചുമതല ബീറ്റ് ഫോറസ്റ്റ് ഓഫിസർക്കാണ്. 16 കിലോമീറ്റർ ചുറ്റളവിലുള്ള ഓരോ യൂണിറ്റിനു കീഴിലും അഞ്ചോ ആറോ ക്യാമ്പ് ഷെഡുകളുമുണ്ട്. വൈകീട്ട് ആറ് മുതൽ വെളുപ്പിനെ ആറ് വരെയാണ് രാത്രി ഡ്യൂട്ടി. ഇതിലുള്ളവർക്ക് റൊട്ടേഷൻ അടിസ്ഥാനത്തിൽ പകൽ ഡ്യൂട്ടിയും കാണും. വൈകീട്ട് ആറിന് ഡ്യൂട്ടി ഏറ്റെടുക്കുമ്പോൾ അവരവരുടെ പരിധിയിലുള്ള ചന്ദനമരങ്ങൾ അവിടെത്തന്നെയുണ്ടെന്ന് ഉറപ്പു വരുത്തണം. അതു സ്റ്റേഷനിലേക്കു റിപ്പോർട്ട് ചെയ്യുകയും ​വേണം. പിന്നീട്, ഓരോ അരമണിക്കൂർ കൂടുമ്പോഴും ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർ വാച്ചർമാരെ വിളിക്കണം. അവർക്ക് എന്തെങ്കിലും അപകടമോ അസുഖമോ ഉണ്ടായിട്ടുണ്ടോ, ഉറങ്ങിപ്പോയോ എന്നൊക്കെ അറിയാനാണ്.

മുറിച്ചു മാറ്റിയ ചന്ദനമരം

പ്രതികരണമില്ലെങ്കിൽ പോയി നോക്കുകയും വേണം. ജോലിയിലെ ടെൻഷനും നിരന്തര ഉറക്കമിളപ്പും കാരണം പലർക്കും രക്തസമ്മർദം ഉയരാറുണ്ട്. ഇത്തരം ആവശ്യങ്ങളെ നേരിടാൻ രണ്ട് മൊബൈൽ വണ്ടികൾ എപ്പോഴും സജ്ജമാണ്. രാവിലെ ആറിന് ഡ്യൂട്ടി കൈമാറുന്നതിന് മുമ്പ് ചന്ദനമരങ്ങളുടെ കണക്ക് കൃത്യമായി ബോധ്യപ്പെടുത്തുകയും വേണം. കാറ്റത്തും മഴയത്തും ഒടിഞ്ഞുവീഴുന്ന ചന്ദനമരക്കഷണങ്ങൾ പെറുക്കിയെടുത്തു ഡിപാർട്മെന്റിൽ ഏൽപിക്കുന്നതും ഡ്യൂട്ടിയുടെ ഭാഗമാണ്.

നിലാവുള്ള രാത്രികൾ തങ്ങൾക്ക് ഏറെ ടെൻഷൻ നിറഞ്ഞതാണെന്ന് വാച്ചർമാർ പറയുന്നു. രാത്രി നല്ല വെളിച്ചമുള്ളതിനാൽ വനംകൊള്ളക്കാർക്ക് വാച്ചർമാരുടെ നീക്കം കാണാൻ കഴിയും. കാറ്റും മഴയും ശക്തമായ രാത്രികളും വെല്ലുവിളി നിറഞ്ഞതാണ്. മരം മുറിക്കുന്ന ശബ്ദമൊന്നും അപ്പോൾ കേൾക്കില്ല. ശബ്ദമില്ലാതെ മുറിക്കാനായി അറക്കവാളിന് മീതെ തൈര് ഒഴിക്കുന്നതുപോലുള്ള കുറുക്കുവഴികളും കൊള്ളക്കാർ ഉപയോഗിക്കാറുണ്ട്.


അരനൂറ്റാണ്ട് മുമ്പ് രണ്ട് ലക്ഷം മരങ്ങൾ, ഇപ്പോൾ 51000+

65.22 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണ് മറയൂർ ഡിവിഷനുള്ളത്. 2019ലെ കണക്കനുസരിച്ച് ഇവിടെ 51857ലധികം ചന്ദനമരങ്ങളുണ്ട്. അമ്പത് വർഷം മുമ്പ് ഇത് രണ്ട് ലക്ഷത്തോളമായിരുന്നു. ചന്ദനത്തിന്റെ വിപണിമൂല്യം വർധിച്ച​​തോ​ടെ ഇവിടം വനംകൊള്ളക്കാരുടെ ഇഷ്ട​കേന്ദ്രമായി. ‘‘2000ത്തിന് ശേഷമാണ് ചന്ദനമരം കൊള്ളയടിക്കൽ വളരെ വർധിച്ചത്. 1976ലെ കണക്കനുസരിച്ച് ഇവിടെ 1,86,594 മരങ്ങളാണ് ഉണ്ടായിരുന്നത്. 2005ൽ അത് 57,846 ആയി. പിന്നീട് അൽപം വർധിച്ച് 55,900 (2008), 59,879 (2013), 56,497 (2016) എന്നിങ്ങനെയായി. 2019ൽ 51,857 മരങ്ങളാണ് എണ്ണിത്തിട്ടപ്പെടുത്തിയത്. ചന്ദനമരം കൊള്ള കാര്യക്ഷമമായി തടയാൻ കഴിഞ്ഞെങ്കിലും ‘സ്​​പൈക്’ എന്ന അസുഖം മൂലം മരങ്ങൾ ഉണങ്ങി​പ്പോകുന്നതാണ് ഇപ്പോൾ നേരിടുന്ന വലിയ പ്രതിസന്ധി’’- ഡി.എഫ്.ഒ വിനോദ് കുമാർ പറയുന്നു.

2004ൽ 2,660 മരങ്ങളാണ് മറയൂരിൽ നിന്ന് കടത്തപ്പെട്ടത്. 2005ൽ അത് 2,496 ആയി. അതോടെ സർക്കാറും വനംവകുപ്പും ഉണർന്ന് പ്രവർത്തിച്ചു. ഫോറസ്റ്റ് ഡിവിഷൻ ആക്കുകയും ജീവനക്കാരുടെ എണ്ണം ഉയർത്തുകയുമാണ് ആദ്യം ചെയ്തത്. ജീവനക്കാരുടെ എണ്ണം 113ൽനിന്ന് ഇരട്ടിയിലധികമാക്കി. പ്രൊട്ടക്ഷൻ യൂനിറ്റുകൾക്ക് രൂപം കൊടുത്തതും കമ്പിവേലി കെട്ടലും ക്യാമ്പ് ഷെഡ് സ്ഥാപിക്കലുമൊക്കെ ആദ്യ വർഷം തന്നെ ഫലം കണ്ടു. 2006ൽ നഷ്ടപ്പെട്ട മരങ്ങളുടെ എണ്ണം 111 ആയി കുറക്കാൻ കഴിഞ്ഞു. വാഹനങ്ങളുടെ എണ്ണം വർധിപ്പിച്ചും കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ കാര്യക്ഷമമാക്കിയും പ്രത്യേക ഇൻവെസ്റ്റിഗേഷൻ യൂനിറ്റിന് രൂപം നൽകിയും പങ്കാളിത്ത വനസംരക്ഷണം ശക്തമാക്കിയും പ്രവർത്തിച്ച​തോടെ 2016ൽ നഷ്ടപ്പെട്ട മരങ്ങളുടെ എണ്ണം 27ൽ എത്തിക്കാനായി.


2022ൽ നഷ്ടമായത് വെറും രണ്ട് മരങ്ങളാണ്. 2011ൽ വനംവകുപ്പിന്റെ ആദ്യ ഡോഗ് സ്ക്വാഡ് നിലവിൽ വന്നതും മറയൂരിലാണ്. തൃശൂർ കേരള പൊലീസ് അക്കാദമിയിലെ ഡോഗ് ട്രയ്നിങ് സ്കൂളിൽ നിന്ന് പരിശീലനം ലഭിച്ച ഡി​ങ്കോ ആയിരുന്നു ആദ്യമെത്തിയത്. ഇപ്പോൾ പെൽവിൻ, ഫില എന്നീ നായകളാണുള്ളത്. 2019ൽ സാൻഡൻ സ്ട്രൈകിങ് ഫോഴ്സ്-റാപിഡ് റസ്​പോൺസ് ടീം (എസ്.എസ്.എഫ്-ആർ.ആർ.ടി) രൂപവത്കരിച്ചതും ചന്ദന സംരക്ഷണത്തിൽ മുതൽക്കൂട്ടായി. ചന്ദനവുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണത്തിലും ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. 2004ൽ 333ഉം 2005ൽ 479ഉം കേസുകളുണ്ടായിരുന്നത് 2021ലെത്തിയപ്പോൾ നാലായി കുറഞ്ഞു. 2022ൽ രണ്ട് കേസുകളാണ് ഉണ്ടായത്. ഈവർഷം ഇതുവരെ ഒരു കേസും.

‘‘രാപ്പകൽ വ്യത്യാസമില്ലാതെ വനപാലകർ ഒരേ മനസ്സോടെ കാര്യക്ഷമമായി പ്രവർത്തിച്ചതിന്റെ ഫലമായാണ് ഇത് സാധ്യമായത്. ജീവനക്കാരുടെ നിതാന്ത ജാഗ്രതയുടെ പ്രതിഫലനമാണിത്. അവർ പരാതിയൊന്നുമില്ലാതെ ഡ്യൂട്ടി നിർവഹിക്കുന്നതുകൊണ്ടാണ് ഇത് സാധ്യമാകുന്നത്. ഡ്യൂട്ടിയുടെ ഗൗരവം വെച്ചുനോക്കുമ്പോൾ പരാതികൾക്കൊന്നും ഇവിടെ പ്രസക്തിയുമില്ല. ജോലി ചെയ്യാൻ തയാറുള്ളവർ മാത്രം മറയൂർക്ക് വന്നാൽ മതിയെന്നതാണ് നമ്മുടെ നയം. മറയൂർ ചന്ദനക്കാട്ടിൽ ഡ്യൂട്ടി ചെയ്താൽ എവിടെയും പോയി ജോലി ചെയ്യാനുള്ള ധൈര്യം കിട്ടുമെന്നത് എല്ലാവർക്കും അറിയാം’’- മടക്കയാത്രയിൽ വിനോദ് കുമാർ പറഞ്ഞു. വാഹനത്തിലിരുന്ന് നോക്കിയപ്പോൾ ടോർച്ചിന്റെ വട്ടവെളിച്ചങ്ങൾ കാട്ടിനുള്ളിൽ ചലിക്കുന്നത് കാണാമായിരുന്നു...

Tags:    
News Summary - Geetha and Vanithamani are vigilant at night; To protect sandalwood in Marayoor...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.