മാലിന്യശേഖരണത്തിൽ ബഹുദൂരം മുന്നിലാണ് പല്ലശ്ശനയിലെ ഹരിതസേന കൂട്ടായ്മ. 2019 ഫെബ്രുവരി നാലിന് 32 അംഗങ്ങളുമായി രൂപവത്കരിച്ച കൂട്ടായ്മയിൽ നിലവിൽ 22 അംഗങ്ങളാണുള്ളത്. പ്രവർത്തനങ്ങളിലെ മികവിന് മികച്ച ഹരിത കർമസേനക്കുള്ള പുരസ്കാരം അടുത്തിടെയാണ് ഇവരെ തേടിയെത്തിയത്.
ആദ്യ ഘട്ടം മിക്കവീട്ടുകാരും മാലിന്യം കൈമാറാൻ തയ്യാറാവാതിരുന്നത് വെല്ലുവിളിയായിരുന്നു എന്ന് ഇവർ പറയുന്നു. തുടർന്ന് ബോധവത്കരണത്തിലൂടെയാണ് ഇവർ ശുചീകരണങ്ങൾക്ക് ആക്കം കൂട്ടിയതെന്ന് പല്ലശ്ശന പഞ്ചായത്ത് പ്രസിഡന്റ് സായ് രാധ പറഞ്ഞു. കെ.ഗിരിജ കൃഷ്ണൻ കുട്ടി, (സെക്ര.), കെ.സുധ മോഹനൻ (പ്രസി.) എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം. ശേഖരിക്കുന്ന മാലിന്യങ്ങൾ ഏജൻസികൾക്ക് നൽകിയും വീടുകളിൽനിന്ന് ഈടാക്കുന്ന 50 രൂപയുമാണ് വരുമാനമാർഗം.
പഞ്ചായത്തിന്റെ നിരന്തരമായ ഇടപെടലുകളും ബോധവത്കരണ പ്രവർത്തനവും കൂടിയായതോടെ ദിവസം 500 രൂപയിലധികം ഒരാൾക്ക് വരുമാനമാർഗം ഉണ്ടാക്കുന്ന മേഖലയായി ഹരിതകർമസേന മാറിയെന്ന് കെ.ഗിരിജ കൃഷ്ണൻകുട്ടി പറഞ്ഞു.
വീടുകളിലും സ്ഥാപനങ്ങളിലും ക്യു ആർ കോഡ് പതിപ്പിച്ചിട്ടുണ്ട്. മാലിന്യം ശേഖരിക്കാൻ എത്തുന്ന സമയവും വീട്ടുകാർ ഇല്ലാത്തതും ഫീസ് നൽകിയതുമെല്ലാം ഹരിതമിത്ര ആപ്പിൽ സ്കാൻ ചെയ്ത് രേഖപ്പെടുത്തും. പഞ്ചായത്ത് ഭരണ സമിതി ഓട്ടോയും വാങ്ങി നൽകിയതോടെ ഗിരിജയും ടി. തുളസിയും ഡ്രൈവിങ് ലൈസൻസ് കരസ്ഥമാക്കി വാഹനം ഓടിച്ചു തുടങ്ങി. വനിതകളുടെ കൂട്ടായ സംരംഭത്തിൽ വിജയപാതയിലുള്ള പല്ലശ്ശനയിലെ ഹരിത കർമസേന എല്ലാ പഞ്ചായത്തുകൾക്കും മാതൃകയാണെന്ന് കെ.ബാബു എം.എൽ.എ.
പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.