2016 നവംബർ 17. ലോകത്തെ സർവ വാർത്ത ചാനലുകളും രാവിലെതന്നെ ഫ്ലാഷ് ന്യൂസുകളുമായി ഉണർന്നു. സെലിബ്രിറ്റികളായ അവതാരകർ ചാനൽ സ്ക്രീനുകളിൽ മിന്നിമറഞ്ഞു. ഇൗ സമയം ഇങ്ങ് കേരളത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ ഒാഫിസിൽ അധികമാരും അറിയാതെ പുതിയൊരു ദൃശ്യ വാർത്താ സംസ്കാരം ഉദയം കൊള്ളുകയായിരുന്നു. കൊഞ്ചിറവിള യു.പി സ്കൂളിലെ ആറാം ക്ലാസുകാരി ആസിയ തങ്ങളുടെ വാർത്തയിലേക്ക് ലോകത്തെ സ്വാഗതം ചെയ്തു. രാജ്യത്ത് ഒരു സർക്കാർ യു.പി സ്കൂൾ നടത്തുന്ന ആദ്യ വാർത്ത ചാനൽ ‘ഗാലപ് ന്യൂസി’െൻറ (gallop news) ഉദയം. ഫലസ്തീൻകാരി ജന്ന ജിഹാദ് എന്ന പത്ത് വയസ്സുകാരിയെയാണ് ലോകം ഏറ്റവും പ്രായം കുറഞ്ഞ ന്യൂസ് റിപ്പോർട്ടറായി അംഗീകരിച്ചിരിക്കുന്നത്. കേരളത്തിൽ അത് കൊഞ്ചിറവിള യു.പി.എസിലെ എൽ.കെ.ജി വിദ്യാർഥി കാർത്തിക് ശശീന്ദ്രനാണ്. തിരുവനന്തപുരം നഗരത്തിൽ ആരുമറിയാതെ കിടന്ന കൊഞ്ചിറവിള യു.പി സ്കൂളും അവിടത്തെ വിദ്യാർഥികളും അധ്യാപകരും ഇന്ന് മാധ്യമ ലോകത്തിന് അദ്ഭുതമാണ്. കേരളത്തിൽ ആദ്യമായി ന്യൂസ് ചാനൽ തുടങ്ങിയ സർക്കാർ സ്കൂൾ ഏതെന്ന പി.എസ്.സി ഗൈഡിലെ ചോദ്യത്തിൻെറ ഉത്തരം മറ്റൊന്നല്ല.
അഗ്നിച്ചിറകുകളുമായി നവയുഗത്തിലേക്ക്
പൊതു വിദ്യാലയങ്ങൾ പരിമിതികളുടെ പൂട്ട് പൊട്ടിച്ച് നവയുഗത്തിൻെറ വിശാലതയിലേക്ക് അഗ്നിച്ചിറകുകളുമായി പറക്കുകയാണ്. ഒാരോ ദിനവും വാർത്തകളുടെ ലോകത്ത് സർക്കാർ സ്കൂളുകളും സ്മാർട്ടായ ഇടം നേടുന്നുണ്ട്. എന്നാൽ, ബഹുദൂരം മുേന്നറി ഡിജിറ്റൽ കാലത്തെ പ്രതിനിധാനം ചെയ്യുകയാണ് ഇൗ സ്കൂൾ. രാഷ്ട്രീയ കേന്ദ്രങ്ങളും അധികാര ഇടനാഴികളുമെല്ലാം വാർത്തയിൽ നിറയുന്ന തിരുവനന്തപുരം നഗരത്തിൽ നിന്നുള്ള ബ്രേക്കിങ് ന്യൂസാണിന്നവർ. കൊഞ്ചിറവിള യു.പി.എസിൻെറ നൂറു വർഷത്തെ യാത്ര നിശബ്ദമായിരുന്നു.
പ്രമുഖ സ്കൂളുകൾക്കും കൂണുപോലുയരുന്ന ഇംഗ്ലീഷ് മീഡിയം സ്ഥാപനങ്ങൾക്കുമിടയിൽ അറിയപ്പെടാതെ പോയ ഒരുനൂറ്റാണ്ട്. ഇവിെടനിന്നാണ് ഒരുപറ്റം കുട്ടികളും അധ്യാപകരും ഡിജിറ്റൽ ലോകത്തിലേക്ക് സ്കൂളിനെ അവതരിപ്പിക്കുന്നത്. മനസ്സിലുദിച്ച നവീന ആശയവുമായി അവർ സർക്കാർ സഹായം തേടിയിറങ്ങിയില്ല, സമ്മാനക്കൂപ്പണുകൾ അടിച്ചിറക്കിയില്ല, മാജിക് ഷോകൾ സംഘടിപ്പിച്ചില്ല. പകരം അധ്യാപകർ പോക്കറ്റിലേക്കും അവരുടെ കൈയിലേക്കും ഒരുപോലെ നോക്കി. പണമല്ല, ദൃശ്യങ്ങളെ ചാരുത ചോരാതെ പകർത്താൻ കഴിയുന്ന മൊബൈൽ ആരുടെ പക്കലുണ്ടെന്നാണ് തിരഞ്ഞത്. വാർത്ത വിപ്ലവത്തിന് മൊബൈലിലൂടെ നാന്ദി കുറിക്കുകയായിരുന്നു അവർ.
സർക്കാർ സ്കൂളിന് ചാനലോ...?
ഒന്നു രണ്ടു വർഷം മുമ്പാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിൻെറ ഭാഗമായി പുതുപദ്ധതികൾ കൊഞ്ചിറവിള സ്കൂളും നടപ്പാക്കാൻ തുടങ്ങിയ കാലം. ഉന്നത വ്യക്തിത്വങ്ങളും രാഷ്ട്രീയക്കാരുമെല്ലാം ഇവിടം സന്ദർശിച്ചു. വിവിധ പരിപാടികളും അരങ്ങേറി. ഇവയൊന്നും സ്കൂൾ ഗേറ്റിൻെറ പുറംലോകം അറിഞ്ഞിരുന്നില്ല. ഇൗ പോരായ്മ പരിഹരിക്കാനുള്ള ശ്രമത്തിലായിരുന്നു അധ്യാപകർ. വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ തയാറാക്കിയ വാർത്തകളുമായി ഒാരോ പരിപാടി കഴിയുേമ്പാഴും പത്ര ഒാഫിസുകൾ കയറിയിറങ്ങി വാർത്തക്കുറിപ്പുകൾ നൽകും. അടുത്ത ദിവസത്തെ പ്രഭാതത്തിൽ നിരാശമാത്രം ഫലം. ഇത് ആവർത്തിച്ചു കൊണ്ടേയിരുന്നു. എന്നാൽ, മുന്നോട്ട് പോകാൻതന്നെ തീരുമാനിച്ച അധ്യാപകർ സമാന്തര മാർഗങ്ങൾ തേടി. പരിപാടികളുടെ വിഡിയോ, ചിത്രങ്ങൾ എന്നിവ മൊബൈലിൽ പകർത്തി. സീഡിയായി സൂക്ഷിക്കുകയും കുട്ടികൾ പത്രം ഇറക്കുകയും ചെയ്തു. വാർത്ത റിപ്പോർട്ടിങ്ങിൻെറയും ശേഖരണത്തിൻെറയുമെല്ലാം ആദ്യ പടികൂടിയായിരുന്നു അത്.
2016ലെ അധ്യയന വർഷാരംഭമാണ് വഴിത്തിരിവാകുന്നത്. സ്റ്റാഫ്റൂമാണ് വേദി. ചൂടേറിയ ചർച്ചക്കിടെ പുത്തൻ ആശയം നടപ്പാക്കണമെന്ന് ചില അധ്യാപകർ അഭിപ്രായപ്പെട്ടു. ആ വഴിക്കുള്ള ആലോചനയിലാണ് സ്കൂളിനൊരു ചാനൽ എന്ന ആശയം ഉദയം കൊണ്ടത്. നൂറും അഞ്ഞൂറും കോടികൾ മുടക്കി സാറ്റ് ലൈറ്റ് ചാനലുകൾ ആരംഭിക്കുന്ന നാട്ടിൽ പരിമിതികൾ മാത്രം മൂലധനമായുള്ള സർക്കാർ സ്കൂളിന് ചാനൽ. ചിലർക്ക് അദ്ഭുതം, ചിലർക്ക് കൗതുകം. അസാധ്യമെന്ന് വിലയിരുത്തിയവരാണധികവും. എന്നാൽ, ഗൗരവമായി തന്നെ ചർച്ചകൾ നടന്നു. പി.ടി.എ യോഗത്തെയും വിഷയം അറിയിച്ചു. കാര്യമായി മനസ്സിലായില്ലെങ്കിലും എന്തോ നല്ലതിന് എന്ന് കരുതി രക്ഷാകർത്താക്കളും നൂറുശതമാനം പിന്തുണ നൽകി. ഒാരോ എപ്പിസോഡുകൾ മൂന്ന് ടേമുകളിലായി ഇറക്കാനും തീരുമാനമായി.
സീറോ ബജറ്റിൽ ‘ഗാലപ് ന്യൂസ്’
ഒരു രൂപ പോലും ബജറ്റില്ലാതെ ഒരു ചാനൽ. അങ്ങനെയെങ്കിൽ റിപ്പോർട്ടിങ്ങും കാമറയും തൊട്ട് എല്ലാം സ്കൂളിനുള്ളിൽനിന്ന് തന്നെ വേണമല്ലോ...? എൽ.കെ.ജി മുതൽ ഏഴാം ക്ലാസ് വരെ പഠിക്കുന്ന 330 കുട്ടികളായിരുന്നു ഇതിനുള്ള ഉത്തരം. സ്കൂൾ ചാനലിലെ ഉത്തരവാദിത്തങ്ങളിലേക്ക് കുട്ടികളിൽനിന്ന് അേപക്ഷ സ്വീകരിക്കുകയായിരുന്നു ആദ്യം ചെയ്തത്. അധ്യാപകരെ ഞെട്ടിച്ചു കൊണ്ട് ആവേശത്തോടെ അവർ പ്രതികരിച്ചു. പകുതിയിലധികം പേരിൽ നിന്ന് അപേക്ഷ ലഭിച്ചു. ഇതോടെ എഴുത്തു പരീക്ഷയും അഭിമുഖവും സ്ക്രീൻടെസ്റ്റും വേണമെന്ന നിലയിലേക്കായി കാര്യങ്ങൾ. 25പേരെ തെരഞ്ഞെടുക്കുകയെന്ന ദൗത്യമായിരുന്നു അധ്യാപകർക്ക് മുന്നിലുണ്ടായിരുന്നത്. ഒരു നീണ്ട തെരഞ്ഞെടുപ്പിന് ശേഷം കുട്ടി റിപ്പോർട്ടർമാരും കുട്ടി അവതാരകരും അംഗങ്ങളായ ഗാലപ് ന്യൂസ് ടീം വാർത്ത ചരിത്രത്തിലേക്ക് പിറവിയെടുത്തു. സ്കൂളിലെ ലാപ്ടോപ്പും അധ്യാപകരുടെ മൊബൈലും ഒരു ക്ലാസ് മുറിയുമായിരുന്നു പ്രാഥമിക സാേങ്കതിക ഉപകരണങ്ങൾ.
വിശദാംശങ്ങളുമായി അവർ
ഇതുവരെയിറങ്ങിയ രണ്ട് എപ്പിസോഡിലും അമ്പരിപ്പിക്കുന്ന പ്രകടനത്തോടെയാണ് കുട്ടികൾ മാധ്യമചരിത്രത്തിൽ കുഞ്ഞിടം കണ്ടെത്തിയിരിക്കുന്നത്. സ്കൂളിൽ ശിശുദിനാഘോഷം നടന്ന വാർത്ത ഏഴാം ക്ലാസുകാരി ജിജി ജീവൻ വായിക്കുേമ്പാൾ ഗാലപ് ന്യൂസ് മൈക്കുമായി വിവരങ്ങൾ ലൈവ് ആയി റിപ്പോർട്ട് ചെയ്യുന്നത് എൽ.കെ.ജിയിൽ പഠിക്കുന്ന കാർത്തിക് ശശീന്ദ്രനാണ്. അബ്ദുൽ കലാമിൻെറ ജന്മദിനം റിപ്പോർട്ട് ചെയ്യുന്നത് ഒന്നാം ക്ലാസിലെ കെ.കെ. കാർത്തിക്. ഒാണാേഘാഷത്തിൻെറ വാർത്ത പറയുേമ്പാൾ വിശദാംശങ്ങളുമായി മൻമയ ചേരുന്നു. തഴക്കവും പഴക്കവുമുള്ള ഒരു റിപ്പോർട്ടറുടെ അവതരണ ചാരുതയോടെ മൻമയ കത്തിക്കയറി. കലോത്സവം റിപ്പോർട്ടു ചെയ്ത് ആദിത്യയും മാധ്യമപ്രവർത്തന മേഖലയിലെ കഴിവുതെളിയിച്ചു.
‘പരിപാടികൾ നടക്കുേമ്പാൾ തന്നെ കുട്ടികളെക്കൊണ്ട് റിപ്പോർട്ടും സൈൻഒൗട്ടും എല്ലാം എടുപ്പിക്കും. പിന്നീട് വാർത്ത റെക്കോർഡ് ചെയ്യുേമ്പാൾ ഇത് എഡിറ്റ് ചെയ്ത് കയറ്റും. റെക്കോർഡിങ്ങും ഷൂട്ടിങ്ങുമെല്ലാം മൊബൈലിൽതന്നെ’ -ന്യൂസ് കോർഡിനേറ്ററും അധ്യാപികയുമായ ഒ. ഷീന പറയുന്നു. വാർത്ത അവതരണം ഷൂട്ട് ചെയ്യുന്നത് ക്ലാസിലാണ്. ഇൗ സമയം സ്കൂളിലെ എല്ലാ കുട്ടികളും ശബ്ദമുണ്ടാക്കാതെ ഇരിക്കും. അയലത്തെ വീട്ടുകാർ പോലും സഹകരിക്കും. ഇപ്പോൾ എല്ലാം വാർത്താ രീതിയിൽ റിപ്പോർട്ട് ചെയ്യാനാണ് കുട്ടികൾക്ക് ഇഷ്ടം. പഠനത്തിലും ഏറെ മെച്ചപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.