ചാരുംമൂട്: നാവിലും നാരായത്തുമ്പിലും അമ്മമൊഴിയുടെ നന്മയുമായി ആശാട്ടിയമ്മൂമ്മ. അഞ്ച് പതിറ്റാണ്ടിലധികമായി കുരുന്നുകള്‍ക്ക് ആദ്യക്ഷര മാധുര്യം പകരുകയാണ് ജാനകിയമ്മ എന്ന കുരുന്നുകളുടെ പ്രിയെപ്പട്ട ആശാട്ടിയമ്മൂമ്മ. താമരക്കുളം മേക്കുംമുറിയിൽ തുണ്ടിൽ ജാനകിയമ്മ എന്ന 70കാരിയാണ് വീട്ടിലെ നിലത്തെഴുത്തുകളരിയില്‍ കുരുന്നുകൾക്ക് അക്ഷരജ്ഞാനം പകരുന്നത്. 53 വർഷമായി ഇവിടെ കുരുന്നുകളെ പഠിപ്പിക്കുന്നു.
ജാനകിയമ്മയുടെ എട്ടാം വയസ്സിലാണ് തെന്നാട്ട് ആശാൻ എന്ന അച്ഛൻ മാധവൻ പിള്ള മരിച്ചത്. മരിക്കുംമുമ്പ് ഏകസമ്പാദ്യം ഇതാണെന്നുപറഞ്ഞ് നാരായം ജാനകിയെ ഏൽപിച്ചു. ഏഴാം ക്ലാസുവരെ പഠിച്ച ജാനകിയമ്മ പിന്നീട് പിതാവിെൻറ പാത തുടർന്ന് 19ാം വയസ്സിൽ ആശാട്ടിയായി.
രണ്ടുകുട്ടികളെ അക്ഷരമെഴുതിച്ചാണ് തുടക്കം. 75 കുട്ടികൾ വരെ ഒരേസമയം ഇവിടെ പഠിച്ചിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് കുറച്ചുനാൾ വിശ്രമിക്കേണ്ടിവന്നെങ്കിലും കുഞ്ഞുങ്ങളെ കാണാതിരിക്കാനാവാത്തതിനാൽ വീണ്ടും കുരുന്നുകളുടെ അമ്മൂമ്മയായി സജീവമായി. ഇപ്പോൾ 15 കുട്ടികളാണ് അക്ഷരം പഠിക്കുന്നത്. അന്യമാകുന്ന നിലത്തെഴുത്തിെൻറ പാരമ്പര്യവഴികളാണ് ആശാട്ടി ഇന്നും തനിമവിടാതെ തുടര്‍ന്നുപോരുന്നത്.
പനയോലകളില്‍ നാരായം ഉപയോഗിച്ച് എഴുതുന്ന അക്ഷരങ്ങൾ കരി ഉപയോഗിച്ച് എഴുത്തോലയില്‍ തെളിയിക്കും. പൂഴിമണല്ത്തരികളില് കുഞ്ഞുങ്ങളുടെ ചൂണ്ടുവിരലില്‍ പിടിച്ചാണ് അക്ഷരങ്ങള്‍ എഴുതിക്കുക. കുരുന്നുമനസ്സുകളില് അക്ഷരം ഊട്ടി ഉറപ്പിക്കാൻ ഇതാണ് നല്ല മാര്‍ഗമെന്നാണ് ആശാട്ടിയുടെ അഭിപ്രായം.
മലയാളത്തിനൊപ്പം ഇംഗ്ലീഷ് അക്ഷരങ്ങളും ആശാട്ടി പഠിപ്പിക്കും. സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബങ്ങളിലെ കുട്ടികളിൽനിന്ന് ഫീസ് വാങ്ങാറില്ല. മുമ്പ് കായംകുളം വേലഞ്ചിറയിൽനിന്നാണ് കുട്ടികൾക്ക് എഴുത്തോല വാങ്ങി നൽകിയിരുന്നത്. ഇപ്പോൾ നാട്ടിൽ ഓല കിട്ടുന്നുണ്ട്. ഒരുഓലക്ക് 10 രൂപയാണ് വില. ആദ്യക്ഷരങ്ങൾ പഠിച്ച പലരും ഇന്നു വലിയനിലയിലാണ്.
ഓണത്തിന് ശിഷ്യർ പുതുവസ്ത്രങ്ങളുമായി കാണാനെത്തും. വിദേശത്തടക്കം ജോലി ചെയ്യുന്ന ശിഷ്യർ നാട്ടിലെത്തുമ്പോൾ പ്രിയഗുരുവിന് സമ്മാനങ്ങൾ നൽകി മാത്രമെ തിരികെ പോകാറുള്ളൂ. ''ഒരിക്കൽ വ്യവഹാരവുമായി കോടതിയിലെത്തിയപ്പോൾ ഒരുവക്കീൽ എന്നെ കണ്ട് കോടതിവരാന്തയിൽ ഒരുകസേര എടുത്തിട്ട് ആശാട്ടി ഇരുന്നാട്ടെ എന്നു പറഞ്ഞു. പിന്നീടാണ് അറിഞ്ഞത് അദ്ദേഹം എെൻറ പഴയകാല ശിഷ്യനായിരുന്നു''.-മറക്കാനാകാത്ത ഇത്തരം അനുഭവങ്ങൾ ജാനകിയമ്മക്ക് ഒരുപാടുണ്ട്.
അക്ഷരം പഠിപ്പിക്കുന്നതോടൊപ്പം ക്ഷേത്രങ്ങളിലും വീടുകളിലും വർഷങ്ങളായി ഭാഗവത പാരായണത്തിനും പോകാറുണ്ട്. അംഗൻവാടികളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഉച്ചഭക്ഷണവും പോഷകാഹാരങ്ങളും സര്‍ക്കാര്‍ നല്കുമ്പോള് പാരമ്പര്യ നിലത്തെഴുത്ത് കളരികളെ അവഗണിക്കുന്നതിൽ ജാനകി ആശാട്ടിക്ക് തെല്ലൊന്നുമല്ല പരിഭവം.
ഏക മകൾ സരസ്വതിക്കൊപ്പം താമസിക്കുന്ന അക്ഷരമുത്തശ്ശിയുടെ സമ്പാദ്യം നിരവധി തലമുറകളെ വിജ്ഞാനത്തിെൻറ ലോകത്തേക്ക് കൈപിടിച്ച് കൊണ്ടുപോകാനായി എന്ന ചാരിതാർഥ്യം മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.