മനാമ: ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകർ നെഞ്ചിലേറ്റിയ ക്രിസ്റ്റ്യാനോ റൊണാൾഡോയോടുള്ള ഇഷ്ടം കാൻവാസിൽ പകർത്തിയിരിക്കുകയാണ് തൃശൂർ മണ്ണൂത്തി സ്വദേശിയായ ജീന നിയാസ്. അക്രിലിക്കിലും എണ്ണച്ചായത്തിലും കാൻവാസ് ബോർഡിൽ ജീന വരച്ച ചിത്രങ്ങളുടെ പ്രദർശനം ബഹ്റൈൻ ഫിനാൻഷ്യൽ ഹാർബറിൽ നിരവധി പേരെ ആകർഷിക്കുന്നു.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചെറുപ്പകാലം മുതലുള്ള ജീവിതത്തിലെ വിവിധ സന്ദർഭങ്ങൾ കോർത്തിണക്കിയുള്ള 22 ചിത്രങ്ങളാണ് 'മാജിക്കൽ ബൂട്ട്സ്' എന്ന പേരിലുള്ള പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കഴുകൻ കണ്ണുകളുമായി ഫ്രീ കിക്ക് എടുക്കാൻ നിൽക്കുന്ന ക്രിസ്റ്റ്യാനോയുടെ വിഖ്യാതമായ രൂപഭാവം അതേ തുടിപ്പോടെ ജീന പകർത്തിയിട്ടുണ്ട്. ഗോൾ നേടിയ ശേഷം സകലതും മറന്ന് ഉയർന്നുചാടുന്ന ക്രിസ്റ്റ്യാനോയുടെ ആവേശവും കാൻവാസിൽ നമുക്ക് കാണാം.
സ്വന്തമായി ചിത്രരചന പഠിച്ചെടുത്ത ജീന ലോകകപ്പിനോടനുബന്ധിച്ച് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചപ്പോഴാണ് മക്കൾ ഈ ആശയം മുന്നിലേക്ക് വെച്ചത്. സൗദിയിൽ എൻജിനീയറായ മൂത്ത മകൻ അജ്മലാണ് ക്രിസ്റ്റ്യാനോയുടെ ജീവിതത്തെക്കുറിച്ച് ഏകദേശ ചിത്രം നൽകിയത്. ഇന്ത്യൻ സ്കൂളിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ രണ്ടാമത്തെ മകൻ അൻഹർ ക്രിസ്റ്റ്യാനോയുടെ ഗോൾ നേട്ടങ്ങളുടെ സാങ്കേതിക വശങ്ങൾ പറഞ്ഞുനൽകി.
ഇതോടൊപ്പം സ്വന്തമായി നടത്തിയ പഠനത്തിലെ വിവരങ്ങളും ചേർത്ത് ഒമ്പതുമാസംകൊണ്ടാണ് ചിത്രങ്ങൾ വരച്ചുതീർത്തത്. ക്രിസ്റ്റ്യാനോയുടെ കുട്ടിക്കാലം, ആദ്യ ഗോൾ, മാതാപിതാക്കൾ, ഭാര്യ, ഗോൾ ആഘോഷം, പുരസ്കാരങ്ങൾ എന്നിവയെല്ലാം വിവിധ കാൻവാസുകളിലായി നിറഞ്ഞുനിൽക്കുന്നുണ്ട്.
10 വർഷത്തോളം സൗദിയിലായിരുന്ന ജീന കോവിഡ് കാലത്ത് രണ്ടുവർഷത്തോളം നാട്ടിലായിരുന്നു. അപ്പോൾ ചെയ്ത കലാസൃഷ്ടികൾക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സ് അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. 19728 ബട്ടണുകൾ കൊണ്ട് തീർത്ത സത്യൻ അന്തിക്കാടിന്റെ ചിത്രം, കോവിഡ് സംബന്ധമായ വാർത്തകൾ ഒട്ടിച്ച് അതിൽ വരച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം, ബ്ലാക്ക് ചാർട്ട്പേപ്പറിൽ കോവിഡ് വാർത്തകളും ചിത്രങ്ങളും ഒട്ടിച്ചുണ്ടാക്കിയ റീൽസ് എന്നിവക്കാണ് അംഗീകാരങ്ങൾ ലഭിച്ചത്.
തന്റെ സൃഷ്ടികൾ വിവിധ സ്ഥലങ്ങളിൽ പ്രദർശിപ്പിക്കുന്നതിനുള്ള അവസരവും ജീനക്ക് ലഭിച്ചിട്ടുണ്ട്. ബഹ്റൈനിലെ ആദ്യ സോളോ പ്രദർശനമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. നേരത്തെ നാല് ഗ്രൂപ് പ്രദർശനങ്ങൾ ഇവിടെ നടത്തിയിട്ടുണ്ട്. സൗദിയിൽ രണ്ട് സോളോ, ഒരു ഗ്രൂപ് പ്രദർശനം, കേരളത്തിൽ രണ്ട് സോളോ പ്രദർശനങ്ങൾ എന്നിവയും നടത്തിയിട്ടുണ്ട്.
ഗ്ലോബൽ വാട്ടർ ബോട്ലിങ് കമ്പനിയിൽ സെയിൽ ആൻഡ് മാർക്കറ്റിങ് മാനേജറായ നിയാസ് ഒമറാണ് ജീനയുടെ ഭർത്താവ്. ഇളയ മകൾ അയിഷ ഇന്ത്യൻ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയെ നേരിട്ട് കാണുകയും പെയിന്റിങ്ങുകൾ പോർചുഗലിലെ മെദീരയിലുള്ള CR7 ക്രിസ്റ്റ്യാനോ റൊണാൾഡോ മ്യൂസിയത്തിന് സമ്മാനിക്കുകയുമാണ് ജീനയുടെ അഭിലാഷം. ബഹ്റൈൻ നാഷനൽ ഫുട്ബാൾ ടീം പരിശീലകനും പോർചുഗീസുകാരനുമായ ഹെലിയോ ഫിലിപ്പ് ദിയാസ് ഡിസൂസ ഉദ്ഘാടനം ചെയ്ത പ്രദർശനം നവംബർ മൂന്ന് വരെ നീണ്ടുനിൽക്കും.
മുൻ ഇന്ത്യൻ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൽ കലാം ബഹ്റൈൻ സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന്റെ പെൻസിൽ പോർട്രെയ്റ്റ് സമ്മാനിക്കാൻ കഴിഞ്ഞതാണ് മറക്കാനാവാത്ത നിമിഷമെന്ന് ജീന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.