ചെറുതുരുത്തി: പ്രായം തളർത്താത്ത നടന വിസ്മയമായി കലാമണ്ഡലം ഹൈമാവതി ഒരിക്കൽകൂടി കലാമണ്ഡലത്തിലെ അരങ്ങിലെത്തി. കൂത്തമ്പലത്തിലൊരുക്കിയ അരങ്ങിൽ ‘ഓമനത്തിങ്കൾക്കിടാവോ’ എന്ന പാട്ടിന് ഭാവാഭിനയ പെരുമഴ പെയ്യിച്ചുള്ള ഹൈമാവതിയുടെ മോഹിനിയാട്ട ചുവടുകളെ സദസ്സിലിരുന്നവർ നിറഞ്ഞ കൈയടികളോടെയാണ് വരവേറ്റത്.
തനിക്ക് 70 വയസ്സായെന്ന് പറയാൻ ഒരു മടിയുമില്ലെന്ന് അവർ വേദിയിൽ പറഞ്ഞു. കലാമണ്ഡലത്തിൽ രണ്ടു ദിവസങ്ങളായി നടക്കുന്ന വാർഷികത്തിന്റെ ഭാഗമായിട്ടായിരുന്നു കലാമണ്ഡലം ഹൈമാവതിയുടെ പരിപാടി. കലാമണ്ഡലം മുൻ അധ്യാപകൻ പരേതനായ ചെല്ലപ്പന്റെ ഓർമകൾ അനുസ്മരിച്ചാണ് ഇവർ പരിപാടി അവതരിപ്പിച്ചത്.
ഗുരു സത്യഭാമ ടീച്ചറുടെ കീഴിൽ മോഹിനിയാട്ട പഠനം പൂർത്തിയാക്കിയ ഹൈമാവതി 1975ൽ കലാമണ്ഡലത്തിൽ നൃത്തവിഭാഗത്തിൽ അധ്യാപികയായി. 2008 മുതൽ 2011 വരെ നൃത്തവിഭാഗം മേധാവിയായിരുന്നു.
കാലടി സംസ്കൃത സർവകലാശാലയിൽ മോഹിനിയാട്ട വിഭാഗത്തിൽ വിസിറ്റിങ് പ്രഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലയാളം സർവകലാശാലയിൽ ഫാക്കൽറ്റി ഓഫ് ആർട്ട്സിന്റെ ഡീൻ ആണ്. വള്ളത്തോളിന്റെ അച്ഛനും മകളും, ഒരു ഉറക്കുപാട്ട്, ഒ.എൻ.വി.യുടെ ‘അമ്മ’ എന്നിവ ആസ്പദമാക്കി ഇവർ മോഹിനിയാട്ടം ചിട്ടപ്പെടുത്തിയിട്ടുണ്ട്. കലാമണ്ഡലത്തിലെ മോഹിനിയാട്ട അധ്യാപകരായ സംഗീത പ്രസാദ്, വീണ, വിദ്യ, റാണി, ലതിക എന്നിവരും അരങ്ങിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.