തൊടുപുഴ: 82ാം വയസ്സിലും പ്രായമായെന്ന തോന്നലുകൾക്ക് ഇടം കൊടുക്കാത്ത കരാട്ടേയും ജൂഡോയും പഠിക്കുകയാണ് ജർട്രൂഡ് ടീച്ചർ. പ്രധാനാധ്യാപികയായി വിരമിച്ച് 25 വർഷത്തിനുശേഷവും ടീച്ചറുടെ ചുറുചുറുക്കിന് മാറ്റമില്ല. തൊടുപുഴ കരിമണ്ണൂർ നെയ്യശ്ശേരി സ്വദേശിനി വി.എ. ജർട്രൂഡിനെ എല്ലാവരും വിളിക്കുന്നത് ടീച്ചറെന്ന്.
നിറഞ്ഞൊഴുകുന്ന തൊമ്മൻകുത്ത് പുഴയിലൂടെ നീന്തിത്തുടിച്ചാണ് ടീച്ചറുടെ ഒരു ദിവസം തുടങ്ങുന്നത്. നീന്തലിനപ്പുറം നല്ലൊരു വ്യായാമം ഇല്ലെന്നാണ് ടീച്ചറുടെ അഭിപ്രായം. ഒരിക്കൽ കരിമണ്ണൂരിൽ കരാട്ടേ ക്ലാസ് നടക്കുന്നുണ്ടെന്ന് അറിഞ്ഞ് പോയതാണ്. പ്രായപരിധിയില്ല, ഒരു കൈ നോക്കുന്നുണ്ടോ എന്ന് പരിശീലകൻ ചോദിച്ചപ്പോൾ ആവേശമായി.
ശനി, ഞായർ ദിവസങ്ങളിൽ പോകാൻ തുടങ്ങി. 75 ാം വയസ്സ് മുതൽ എല്ലാ ദിവസവും രാവിലെ യോഗയും പരിശീലിക്കാറുണ്ട്. ചിട്ടയായ ജീവിതശൈലികളൊന്നും ടീച്ചർക്കില്ല. രാവിലെ എഴുന്നേൽക്കുന്നതിനനുസരിച്ച് ദിനചര്യകൾ ചിട്ടപ്പെടുത്തും. വീട്ടിലെ ജോലികൾക്ക് സഹായം തേടാറില്ല. വീടിന് സമീപത്തൊക്കെ പഠിപ്പിച്ച കുട്ടികളുണ്ട്. അവരുടെ മക്കളോടൊപ്പം വരെ ടീച്ചർ ഷട്ടിൽ കളിക്കും.
അഞ്ചാം വയസ്സിൽ സ്റ്റേജിൽ കയറി മുത്തശ്ശിയുടെ വേഷം കെട്ടി ഒന്നാം സമ്മാനം വാങ്ങിയിരുന്നു. ജീവിതത്തിൽ മുത്തശ്ശിയായ ശേഷവും മുത്തശ്ശി വേഷം കെട്ടി കേരളോത്സവത്തിൽ സമ്മാനം നേടി. 2020ൽ കോവിഡ് കാലത്ത് തിരുവനന്തപുരത്ത് നടന്ന നീന്തൽ മത്സരത്തിൽ 80ാം വയസ്സിൽ ടീച്ചർ മെഡൽ നേടി.
നാലു മക്കളും ഏഴ് പേരക്കുട്ടികളുമാണ് ടീച്ചർക്കുള്ളത്. കൃഷിക്കാരനായിരുന്ന ഭർത്താവ് മാത്യു മരണപ്പെട്ടു. വീടിനടുത്തുള്ള കിടപ്പുരോഗികളെ കാണാൻ സമയം കണ്ടെത്താറുണ്ട്. പ്രായമായെന്ന് ഓർത്ത് നടന്നിട്ട് കാര്യമില്ല. ആ സമയത്ത് കഴിവുകളെ വളർത്തുകയാണ് വേണ്ടത്. ഇതാണ് പ്രായത്തെ അതിജീവിക്കാനായി കണ്ടുപിടിച്ച മരുന്നെന്നും ടീച്ചർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.