എല്ലാം അവസാനിച്ചുപോകുമെന്ന് കരുതിയിരുന്ന ജീവിതാവസ്ഥയിൽ നിന്ന് നിശ്ചയദാർഢ്യവും ജീവിതത്തോടുള്ള അടങ്ങാത്ത പ്രണയവും കരുത്താക്കി തിരിച്ചുവന്ന് നമ്മെ നോക്കി മന്ദഹസിക്കുകയാണ് നസീമ. 12 വർഷക്കാലം തീവ്രമായ കരൾരോഗത്തിെൻറ പിടിയിലായിരുന്നു പൂതക്കുളം കലയ്ക്കോട് ഷഹാർ മൻസിലിൽ നസീമാ നജീം. ഷംസുദ്ദീൻ-റംല ദമ്പതികളുടെ ആറു മക്കളിൽ ഇളയവൾ.
വർഷങ്ങൾ നീണ്ട ചികിത്സക്കുശേഷമാണ് കരൾ മാറ്റി െവക്കാതെ ജീവൻ നിലനിർത്താനാവില്ലെന്ന വിവരം ഡോക്ടർമാർ അറിയിക്കുന്നത്. മുന്നിൽ ശൂന്യതയായിരുന്നു. ബിരുദാനന്തര ബിരുദ പഠനം ഇടക്കുെവച്ച് നിർത്തേണ്ടി വന്ന നസീമ എൽ.ഐ.സി ഏജൻറായി ജോലി നോക്കിയിരുന്നു. രോഗാവസ്ഥ മൂർച്ഛിച്ചതിനെത്തുടർന്ന് അത് ഉപേക്ഷിക്കേണ്ടി വന്നു. ശസ്ത്രക്രിയക്കാവശ്യമായ ഭാരിച്ച തുക കണ്ടെത്താൻ സ്ഥിരവരുമാനമില്ലാത്ത ഭർത്താവ് നജീമിനും കഴിയാത്ത അവസ്ഥയിലായിരുന്നു. രോഗാവസ്ഥ സംബന്ധിച്ച് 'മാധ്യമ'ത്തിൽ വാർത്ത പ്രസിദ്ധീകരിച്ചതിനെത്തുടർന്നാണ് സമൂഹമാധ്യമം അടക്കം വിവിധ കോണുകളിൽ നിന്ന് ധനസമാഹരണത്തിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായത്.
ഭർത്താവ് നജീം പകുത്തുനൽകിയ കരൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നസീമ സ്വീകരിച്ചു. 2019 ഫെബ്രുവരി 19 നായിരുന്നു ശസ്ത്രക്രിയ. അതുകഴിഞ്ഞ് ഒരു വർഷം തികഞ്ഞ ദിവസം പുതുജീവിതത്തിെൻറ പുതിയ പതിപ്പുമായി ചിരിച്ചുനിൽക്കുന്ന നസീമയെ ഏവരും കണ്ടു. ആ ദിനത്തിൽ നസീമയുടെ ആദ്യ കവിതാസമാഹാരമായ 'എന്നാത്മഗീതങ്ങൾ' തിരുവനന്തപുരത്തുെവച്ച് മന്ത്രി കെ.കെ. ശൈലജ പ്രകാശനം ചെയ്തു.
സ്വപ്നങ്ങൾക്കും യാഥാർഥ്യങ്ങൾക്കുമിടയിലൂടെയുള്ള യാത്രക്കിടയിൽ ഉള്ളിൽ ഉറഞ്ഞുകൂടിയ അക്ഷരങ്ങളെ കോർത്തിണക്കുകയായിരുന്നു താനെന്ന് നസീമ പറയുന്നു. അഞ്ചു വർഷം മുമ്പ് രോഗത്താൽ തീരെ അവശയായ ഘട്ടത്തിലാണ് മുഖപുസ്തകത്തിൽ സജീവമായത്. കഠിനവേദനയുടെ അതിജീവന നാളുകളിൽ മുഖപുസ്തകത്തിലൂടെ കുറിച്ചിട്ട ഹൃദയാക്ഷരങ്ങളാണ് ആത്മഗീതങ്ങളായി സമാഹരിച്ചത്.പുസ്തക വിൽപനയിലൂടെ ലഭിക്കുന്ന പണം തീവ്രരോഗങ്ങളാൽ വേദനിക്കുന്നവർക്ക് നൽകാനാണ് നസീമയുടെ തീരുമാനം. ആദ്യഘട്ടത്തിൽ ലഭിച്ച തുക ഇതിനകം കൈമാറുകയും ചെയ്തു. സമൂഹമാധ്യമത്തിലെ ചങ്ങാതിമാർ എല്ലാ തലത്തിലും നൽകിയ പിന്തുണ അളവറ്റതാണെന്ന് നസീമ ഓർക്കുന്നു. ശസ്ത്രക്രിയ നടന്ന വർഷം തന്നെ ഏകമകൾ ജിഷ്നാ നജീം മെഡിസിൻ പഠനവും പൂർത്തിയാക്കിയത് ഇരട്ടിമധുരമായി. ശസ്ത്രക്രിയാനന്തരം മകളുടെ പരിചരണത്തിലാണ് ഈ അമ്മ.
സാമൂഹിക സേവനം, ലൈബ്രറി പ്രവർത്തനം, കൗൺസലിങ്, ബോധവത്കരണ ക്ലാസുകൾ എന്നീ രംഗങ്ങളിലെല്ലാം പ്രവർത്തിച്ചിട്ടുള്ള അനുഭവം കരുത്താക്കി ഇനിയും മുന്നോട്ടുപോകാൻ ആരോഗ്യം അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് നസീമ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.