ആൽഫിയ ജയിംസിന്റെ ഇൻസ്റ്റഗ്രാം പേജിന്റെ ടൈറ്റിലാണിത്. ഈ പേര് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചാൽ അതിനുത്തരം ആൽഫിയുടെ ജീവിതമാണ്. പേരിനോട് നീതിപുലർത്തുംവിധം വിസ്മയകരവും അത്ഭുതകരവുമാണ് ആൽഫിയുടെ അതിജീവന കഥ.ബാസ്ക്കറ്റ്ബാൾ കോർട്ടുകളിൽ പാറിപ്പറന്നു നടന്നിരുന്ന കാലത്ത് അപ്രതീക്ഷിതമായെത്തിയ അപകടത്തിൽ അരക്ക് താഴെ തളർന്ന ആൽഫിയ എന്ന ചിത്രശലഭം വീണ്ടും പറക്കുകയാണ്. വീണുപോയിടത്തുനിന്ന് ഫീനിക്സ് പക്ഷിയായി ഉയർത്തെഴുന്നേറ്റ ആൽഫി ആദ്യ വിദേശ പര്യടനത്തിന്റെ ത്രില്ലിലാണ്. ദുബൈയിൽ നടന്ന ഫസ പാരാ ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ ആൽഫിയ ജയിംസിന്റെ വിശേഷങ്ങൾ
ആൽഫിയുടെ കഥ മലയാളികൾ മറക്കാനിടയില്ല. ബാസ്കറ്റ്ബാൾ കോർട്ടിൽ ബാക്ക്ബോർഡിലേക്ക് ലക്ഷ്യംതെറ്റാതെ പന്തുകൾ പായിച്ച് പൊയിന്‍റുകൾ വാരിക്കൂട്ടി കേരളത്തിന്‍റെയും ഇന്ത്യയുടെയും പ്രതീക്ഷയായി മാറിയ മൂവാറ്റുപുഴക്കാരി. ദേശീയ യൂത്ത് ബാസ്ക്കറ്റ്ബാളിൽ തിളങ്ങിനിന്ന സമയത്തായിരുന്നു അവളുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി ആ അപകടമുണ്ടാകുന്നത്. അഞ്ച് വർഷം മുൻപ് പ്ലസ് വണിന് പഠിക്കുന്ന കാലത്താണ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് കാൽവഴുതി വീണത്. ചെറുപ്പത്തിലേ അഛൻ മരിച്ചതിനാൽ പഠിച്ച് ജോലി നേടി അമ്മക്കും സഹോദരനും കൈത്താങ്ങാവണമെന്ന ആഗ്രഹത്തിന് കൂടിയാണ് അന്ന് വിലക്ക് വീണത്.
നെഞ്ചിന് താഴെ തളർന്ന ആൽഫിക്ക് പിന്നീട് ചികിത്സയുടെയും പ്രാർഥനകളുടെയും കാലമായിരുന്നു. കേരളത്തിനകത്തും പുറത്തുമുള്ള ആശുപത്രകളിൽ മാസങ്ങൾ നീണ്ട ചികിത്സ. സുമനസുകൾ മാത്രമായിരുന്നു ആശ്രയം. നടക്കാൻ കഴിയില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയകാലം. ആരും മാനസീകമായി തളർന്നുപോകുന്നിടത്തു നിന്നായിരുന്നു ആൽഫിയയുടെ ഉയിർപ്പ്. വീൽചെയറിൽ ജീവിതം ചലിക്കാൻ തുടങ്ങിയതോടെ അവൾ വീണ്ടും സ്വപ്നങ്ങൾ നെയ്തുകൂട്ടി. വീട്ടിൽപോലുമറിയാതെ വീൽചെയർ ബാസ്കറ്റ്ബാൾ പരിശീലനം തുടങ്ങി. ജിമ്മിലും പോകാൻ തുടങ്ങിയതോടെ പവർലിഫ്റ്റിങ്ങിലേക്ക് ശ്രദ്ധ തിരിച്ചു. ദേശീയ പാരാലിഫ്റ്റിങിൽ വെള്ളിമെഡലോടെ വരവറിയിച്ചു.
അവിടെയും തീർന്നില്ല ആൽഫിയുടെ ആഗ്രഹങ്ങൾ. അപകടത്തിന് മുൻപേ കളിച്ചിരുന്ന ബാഡ്മിന്‍റൺ ലോകത്തേക്ക് മടങ്ങിയെത്തലായിരുന്നു അടുത്ത ലക്ഷ്യം. എന്നാൽ, കേരളത്തിൽ വീൽചെയർ ബാഡ്മിന്‍റൺ പരിശീലന കേന്ദ്രം ഉണ്ടായിരുന്നില്ല. പരിശീലകൻ ബാല ആൽഫിയെ ഏറ്റെടുത്ത് സ്വന്തം നിലയിൽ പരിശീലനം നൽകി. പങ്കെടുത്ത ആദ്യ ചാമ്പ്യൻഷിപ്പിൽ തന്നെ ഇരട്ട സ്വർണം നേടി ആൽഫിയ ചരിത്രം കുറിച്ചു. പാരാ ബാസ്ക്കറ്റ്ബാളിൽ ഇന്ത്യൻ ജഴ്സിയിൽ കളത്തിലിറങ്ങി. ഒടുവിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഫസ ബാഡ്മിന്‍റണിൽ പങ്കെടുക്കാൻ ദുബൈയിലുമെത്തിയിരിക്കുകയാണ്. ബഹ്റൈനിലെ ചാമ്പ്യൻഷിപ്പിന് ശേഷമാണ് നേരെ ദുബൈയിലെത്തിയത്.
ആദ്യത്തെ രാജ്യാന്തര വിദേശ പര്യടനമാണിത്. ജയിക്കണം എന്ന വാശിയാണ് തന്നെ മുന്നോട്ടു നയിക്കുന്നത് എന്ന് ആൽഫിയ പറയുന്നു. മറ്റുള്ളവരെ പോലെ സാധാരണ ജീവിതം നയിക്കണം. മറ്റൊരാളെ ആശ്രയിക്കുക എന്നത് ഇഷ്ടമല്ലാത്ത കാര്യമാണ്. അമ്മയെ പോലും ബുദ്ധിമുട്ടിക്കുന്നത് ഇഷ്ടമല്ല. പരമാവധി എല്ലാകാര്യങ്ങളിലും സ്വയംപര്യാപത്മാകണം. ഒളിമ്പിക്സിൽ പങ്കെടുക്കണം. സ്വപ്നങ്ങളാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. സ്പോർട്സാണ് എന്‍റെ ജീവൻ. എന്നെ അതിജീവിക്കാൻ പഠിപ്പിച്ചതും സ്പോർട്സാണ്. യാത്രകളോടാണ് ഏറെ പ്രിയം. സുഹൃത്തുക്കളോടൊത്ത് മണാലിയിലും ഹിമാചലിലുമെല്ലാം പോയി. സ്വപ്നം ഒളിമ്പികസാണ്. ആ ലക്ഷ്യത്തിലേക്കുള്ള ചുവടുവെയ്പിലാണ്. ഇനി മൂന്ന് മാസത്തേക്ക് ടൂർണമെന്‍റുകളിൽ പങ്കെടുക്കുന്നില്ല. പരിശീലനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. ലക്നോ ഗൗരവ് ഖന്ന അക്കാദമിയിൽ ചേരാനും പദ്ധതിയുണ്ട്. കാക്കനാണ് ജെയ്ൻ യൂനിവേഴ്സിറ്റിയിലാണ് ബികോം ചെയ്തത്.
'ദുബൈയിൽ ആദ്യമായി വന്നത് കഴിഞ്ഞ മാസം ഒരു അവാർഡ് നിശയിൽ പങ്കെടുക്കാനാണ്. നിശ്ചയദാർഡ്യ വിഭാഗം (People of determination) എന്നാണ് യു.എ.ഇയിൽ ഞങ്ങളെ വിളിക്കുന്നത്. ഞങ്ങളെപോലുള്ളവർക്ക് ഈ നാട് നൽകുന്ന സൗകര്യം അത്ഭുതാവഹമാണ്. നാടുമായി താരതമ്യം ചെയ്യാൻ പോലും കഴിയാത്ത അന്തരമുണ്ട്. നാട്ടിൽ പലപ്പോഴും നമ്മെ തളർത്തുന്ന വാക്കുകളാണ് കേൾക്കുന്നത്. എന്നാൽ, ഇവിടെ അങ്ങിനെയല്ല.
എല്ലാവരും ഭയങ്കര സപ്പോർട്ടാണ്. എല്ലായിടത്തും റാമ്പുകളുണ്ട്. ബഹുമാനത്തോടെയാണ് ഈ നാട്ടുകാർ കാണുന്നത്. അതുകൊണ്ട് തന്നെ ഇവിടേക്ക് തിരിച്ചുവരണമെന്നും ഇവിടെ ജോലി ചെയ്യണമെന്നുമാണ് ആഗ്രഹം'-ആൽഫിയ പറയുന്നു. യു.എ.ഇ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മേധാവി ആർ. ഹരികുമാർ ആൽഫിയക്ക് ജോലി വാഗ്ദാനം ചെയ്തിട്ടുണ്ട്. യു.എ.ഇയിലെ ആൽഫിയയുടെ എല്ലാ അന്താരാഷ്ട്ര മത്സരങ്ങളുടെയും സ്പോൺസറാണ് ഹരികുമാർ. അദ്ദേഹത്തിന്‍റെ സഹായവും പ്രോൽസാഹനവും ഏറെ ഗുണം ചെയ്തെന്ന് ആൽഫി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.