കാലടി: വീൽചെയറിലിരിന്നും മുന്നോട്ട് കുതിക്കാമെന്നതിന് മാതൃകയാകുകയാണ് പി.എ. ഷിബിന. സാക്ഷരത മിഷന്റെ ഹയർ സെക്കൻഡറി തുല്യത പരീക്ഷയിൽ ആലുവ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചത് ഷിബിനക്കാണ്. ഒപ്പം ന്യൂസ് 18 കേരളയുടെ ഈ വർഷത്തെ സ്ത്രീരത്നം അവാർഡും കിട്ടിയത് ഇരട്ടിമധുരമായി. വീൽചെയറിൽ മാത്രമായി ജീവിതം ഒതുക്കാതെ ആഗ്രഹങ്ങൾ നേടിയെടുക്കാനുള്ള പോരാട്ടത്തിലാണ് കാഞ്ഞൂർ പഞ്ചായത്തിൽ തുറവൂക്കര പള്ളത്തുകടവിൽ വീട്ടിൽ ഷിബിന.
സ്പൈനർ മസ്കുലർ അസ്ട്രോഫി രോഗത്താൽ അരക്കുതാഴോട്ടും കൈകാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ട നിലയിലാണ്. പ്രായത്തെയും ആരോഗ്യകരമായ പ്രശ്നങ്ങളെയും മറികടന്ന് 38ാമത്തെ വയസ്സിലാണ് മികച്ച വിജയത്തോടെ പ്ലസ് ടു കരസ്ഥമാക്കിയത്. എല്ലാദിവസവും സ്കൂളിൽപോയി പഠിക്കാൻ ശാരീരികമായ ബുദ്ധിമുട്ടുകൾ പ്രയാസമായപ്പോഴാണ് സാക്ഷരത മിഷൻ തുല്യത പരീക്ഷയിലൂടെ തന്റെ സ്വപ്നം നേടിയെടുത്തത്.
ക്ലാസുകളിലൂടെയും യൂട്യൂബ് വിഡിയോകളിലൂടെയും പാഠഭാഗങ്ങൾ ഹൃദിസ്ഥമാക്കി. പ്ലസ്ടുവിന് നാല് എ പ്ലസും ഒരു എയും ബി പ്ലസുമാണ് ലഭിച്ചത്. എൽഎൽ.ബിയാണ് ഈ യുവതിയുടെ ആഗ്രഹം. തുടർപഠനം ആഗ്രഹിക്കുമ്പോഴും വീൽചെയർ കയറ്റാവുന്ന ഒരു വാഹനം ഇല്ല എന്നുള്ള പ്രയാസംകൂടി ഷിബിനക്കുണ്ട്. ആശുപത്രിയിൽ പോകാനും തുടർപഠനത്തിനും ഇത്തരത്തിലുള്ള ഒരു വാഹനം അത്യാവശ്യമാണ്. സമാനമായ പ്രതിസന്ധി അനുഭവിക്കുന്നവരുടെ കൂട്ടായ്മയായ ‘മൈന്റ് ട്രസ്റ്റിന്റെ എക്സിക്യൂട്ടിവ് മെംബറും വുമൺ എംപവർമെന്റ് വിങ്ങിന്റെ കോഓഡിനേറ്ററും കൂടിയാണ് ഷിബിന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.