ദോഹയിലെ പഞ്ചനക്ഷത്ര ഹോട്ടലായ റിറ്റ്സ് കാൾട്ടണിന്‍റെ വിശാലമായ ഇടനാഴിയിൽ കാൽപന്തുകളിയിലെ ഇതിഹാസം കഫുവിനെയും അർജന്‍റിന മുൻ സൂപ്പർ താരം ഹാവിയർ മഷറാനോയെയും കാത്തിരിക്കുകയാണ് മാധ്യമപ്പട. ലോകകപ്പ് വേദിയായ ഖത്തറിന്‍റെ മണ്ണിൽ വിശ്വമേളക്ക് വിളംബരമായി അരങ്ങേറിയ ഫിഫ അറബ് കപ്പിന്‍റെ നിമിഷങ്ങൾ ഒപ്പിയെടുക്കാനെത്തിയ മാധ്യമങ്ങളുടെ വലിയ സംഘമുണ്ട്. സൂപ്പർതാരങ്ങൾ മുന്നിലെത്തും മുമ്പേ മൈക്കും, കാമറയുമായി ഒരുക്കങ്ങൾ പൂർത്തിയാക്കാനുള്ള തിരിക്കിലാണ് എല്ലാവരും.
അതിനിടയിലാണ് മാധ്യമപ്പടക്ക് മുന്നിലേക്ക് പുഞ്ചിരിക്കുന്ന മുഖവുമായി പാന്‍റും ടീ ഷർട്ടുമണിഞ്ഞ് ഒരു യുവതിയുടെ വരവ്. പെരുമഴക്ക് കാത്തിരിക്കുന്നവർക്കിടയിലേക്ക് പെയ്തിറങ്ങിയ ചാറ്റൽ മഴപോലെ അവളെത്തി. ആർക്കും തിരക്കില്ല. ചിത്രം പകർത്താനുള്ള ബഹളങ്ങളില്ല. പലയിടങ്ങളിൽനിന്ന് പലഭാഷകളിലായി ചോദ്യങ്ങളുയർന്നു. സ്പാനിഷിലും അറബിയിലും ഇംഗ്ലീഷിലും ഹിന്ദിയിലുമായി മുഴങ്ങിയ ചോദ്യങ്ങൾക്ക് വിവർത്തകരുടെ സഹായമില്ലാതെ പലഭാഷകളിൽ മറുപടി നൽകി അവർ മുന്നേറുന്നു. രാഷ്ട്രീയവും ജീവിതവും ഫുട്ബാളും ലോകകപ്പും മെഡിസിനുമെല്ലാം ഭംഗിയുള്ള വാക്കുകളിൽ ഒഴുകിപ്പരക്കുന്നു. പന്തുമായി മൈതാനത്ത് കുതിക്കുന്ന ഒരു ഫുട്ബാളറുടെ മെയ്വഴക്കത്തോടെ ചോദ്യങ്ങളെ അവർ ഡ്രിബ്ൾ ചെയ്ത് മറികടന്നു.
ഇത്, പ്രചോദനത്തിന്‍റെ ഇത്തിരിവെട്ടം തേടുന്നവർക്ക് ജീവിതോർജത്തിന്‍റെ സൂര്യൻ തന്നെ സമ്മാനിക്കാൻ ശേഷിയുള്ള നാദിയ നദീം എന്ന അഫ്ഗാൻ ഫുട്ബാളർ. അഫ്ഗാനിലെ സമകാലിക രാഷ്ട്രീയവും, താലിബാൻ ഭരണം പിടിച്ചതും അഭയാർഥി പ്രവാഹവുമെല്ലാം ചോദ്യമായപ്പോൾ, ജീവിതംകൊണ്ട് മറുപടി നൽകിയ നാദിയക്ക് പറയാനും ഏറെയുണ്ടായിരുന്നു. അനുഭവങ്ങളുടെ സർവവിജ്ഞാന കോശംപോലെ പടർന്നുപന്തലിച്ച നാദിയയുടെ ആ ജീവിതം ഇങ്ങനെയാണ്.
താലിബാൻ വീണ്ടും അഫ്ഗാന്റെ ഭരണചക്രം കൈപ്പിടിയിലൊതുക്കിയ ഈ കാലത്ത് നാദിയയുടെ ഓർമകൾ പിന്നിലേക്ക് പോകും. ക്രോസ് ബാറിൽ തട്ടി മടങ്ങുന്ന ഒരു പന്തുപോലെ ആ ഓർമകൾ പിച്ച് ചെയ്യുന്നത് രണ്ടുപതിറ്റാണ്ട് പിറകിലേക്കാണ്. കൃത്യമായി പറഞ്ഞാൽ സഹസ്രാബ്ദത്തിന്റെ തുടക്കമായ 2000. അഫ്ഗാനെ രാഷ്ട്രീയമായും സാമൂഹികമായും നിലംപരിശാക്കിയ ഒന്നാം താലിബാൻ ഭരണകൂടത്തിന്‍റെ അവസാന നാളുകളായിരുന്നു അത്.
പുരാതന സംസ്കാരങ്ങളും പാരമ്പര്യങ്ങളുമായി സഹസ്രനൂറ്റാണ്ടുകളുടെ സമ്പന്നമായ പശ്ചാത്തലങ്ങളുള്ള പരോപമിസസ് പർവതങ്ങളോട് ചേർന്ന ഹെരാത് പട്ടണത്തിൽ 1988ലായിരുന്നു നാദിയയുടെ ജനനം. അഫ്ഗാൻ നാഷനൽ ആർമിയിൽ ജനറലായിരുന്നു പിതാവ് റബാൻ നദീം ഖാൻ. ഉമ്മയും അഞ്ചു പെൺമക്കളും അടങ്ങുന്ന സന്തുഷ്ട കുടുംബം. അഫ്ഗാനിലെ കലങ്ങിമറിയുന്ന രാഷ്ട്രീയ സാഹചര്യങ്ങൾക്കൊപ്പം അവരുടെ ജീവിതവും മാറിമറിഞ്ഞു. അങ്ങനെ, 1996ൽ താലിബാൻ അധികാരത്തിലെത്തിയതോടെ സൈനിക ജനറലായ റബാൻ ഖാന്‍റെ കുടുംബവും നോട്ടപ്പുള്ളികളായി.
ബന്ധുക്കൾ ഏറെയും വിവിധ രാജ്യങ്ങളിലേക്ക് പലായനം ചെയ്തെങ്കിലും സൈനികന്‍റെ ധൈര്യവും മനോബലവും പ്രകടിപ്പിച്ച റബാൻ ഖാൻ ജന്മനാട്ടിൽ തന്നെ തുടരുകയായിരുന്നു. അങ്ങനെയിരിക്കെ 2000ത്തിൽ ഒരു ദിനം ജോലി ആവശ്യാർഥം പുറത്തുപോയ പിതാവിനെ ദിവസങ്ങൾ കഴിഞ്ഞിട്ടും കാണാനില്ല. കുടുംബത്തിൽ ആധിയായി. ഒടുവിലെത്തിയ ആ വേദനിപ്പിക്കുന്ന സത്യത്തിനുമുന്നിൽ മാതാവ് ഹാമിദ തളർന്നുപോയി. കരുത്തനായ ആ സൈനിക ജനറലിനെ താലിബാൻ വെടിവെച്ച് കൊലപ്പെടുത്തിയിരിക്കുന്നു. അപ്പോഴും നാദിയ ഉൾപ്പെടെ മക്കളാരും പിതാവ് ഇനിയില്ലെന്ന് വിശ്വസിക്കാനൊരുക്കമല്ലായിരുന്നു.
പതിവായി ഹോക്കി കളിക്കുന്ന, ഒരു സൈനികന്‍റെ ആരോഗ്യമുള്ള അദ്ദേഹത്തെ ആർക്കും കീഴടക്കാനാവില്ലെന്ന വിശ്വാസത്തിലായിരുന്നു മക്കൾ. പക്ഷേ, പിതാവില്ലാത്ത വീട്ടിൽ, അഞ്ചു പെൺമക്കളുമായി ഇനി ജീവിതം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞ ഹാമിദ അധികം വൈകാതെ രാജ്യം വിടാൻ തീരുമാനിച്ചു. ഏതാനും വസ്ത്രങ്ങളുമെടുത്ത് ഒരു രാത്രിയുടെ മറവിൽ ട്രക്കിൽ കയറി അഫ്ഗാൻ വിട്ട് അവർ പാകിസ്താനിലെ പെഷാവറിലെത്തി. ബന്ധുക്കളുള്ള ലണ്ടനായിരുന്നു ലക്ഷ്യം. ഏതാനും മാസം പാകിസ്താനിൽ കഴിഞ്ഞശേഷം, വ്യാജ പാസ്പോർട്ട് സംഘടിപ്പിച്ച് പെഷാവറിൽനിന്നും ഇറ്റലിയിലെ മിലാനിലേക്ക് വിമാനം കയറി.
അവിടെനിന്നും ഏജന്‍റിന്‍റെ സഹായത്തോടെ ട്രക്കിൽ ലണ്ടനിലേക്ക്. ദിവസങ്ങൾ പിന്നിട്ട യാത്രക്കിടയിൽ ഒരിടത്തെത്തിയപ്പോൾ ട്രക്ക് ഡ്രൈവർ പുറത്തിറങ്ങാൻ പറഞ്ഞു. ലണ്ടൻ എത്തിയെന്നുംപറഞ്ഞ് വിജനമായ പാതയിൽ ഞങ്ങളെ ഉപേക്ഷിച്ച് ട്രക്ക് കടന്നു. കുഞ്ഞുനാളിൽ കേട്ടുപതിഞ്ഞ 'ബിഗ് ബെൻ' ആയിരുന്നു ഞാൻ നോക്കിയത്. പക്ഷേ, മരങ്ങൾ മാത്രം. വഴിയിൽ കണ്ട ഒരാളോട് ഇതേതാണ് സ്ഥലമെന്ന് ചോദിച്ചു. അദ്ദേഹം കേൾക്കാത്തൊരു പേരു പറഞ്ഞു. ഡെന്മാർക് എന്ന യൂറോപ്പിലെ കൊച്ചുരാജ്യമായിരുന്നു അത്. അധികം വൈകാതെ അഭയാർഥി ക്യാമ്പിലെ വേലിപ്പടർപ്പുകൾക്കുള്ളിലായി ജീവിതം. മാസങ്ങളുടെ ഇടവേളയിൽ ഇത്രയും സംഭവിക്കുമ്പോൾ 11 വയസ്സായിരുന്നു നാദിയക്ക്.
ആദ്യമായി കണ്ട ഫുട്ബാൾ
യുദ്ധഭൂമിയിൽനിന്നും ഓടിയെത്തിയവരായതിനാൽ അഭയാർഥി ക്യാമ്പും ഒരു തടവുജീവിതമായിരുന്നു. ക്യാമ്പിനോട് ചേർന്നായിരുന്നു പ്രാദേശിക ഫുട്ബാൾ ക്ലബായ ഗുഗ് ബോൾഡിന്‍റെ ഗ്രൗണ്ടും ഓഫിസും. കുറ്റിക്കാടിനും മരങ്ങൾക്കും അപ്പുറത്തെ ക്ലബിൽ നിന്നും കുട്ടികളും മുതിർന്നവരും പരിശീലിക്കുന്നതിന്‍റെയും കളിക്കുന്നതിന്‍റെയും ശബ്ദങ്ങൾ മാത്രം കേൾക്കാം. ഇക്കാലത്ത് ക്യാമ്പിൽ രാവിലെ ഒമ്പതുമുതൽ ഒരുമണിവരെ ഭാഷാ പഠനമുണ്ടായിരുന്നു. അതുകഴിഞ്ഞാൽ ഒഴിവുസമയമാണ്. പക്ഷേ, ഞങ്ങൾക്ക് പുറത്തേക്കു പോകാനോ മറ്റോ അനുവാദമില്ലായിരുന്നു.
അങ്ങനെ ഒരു ദിവസം സഹോദരിമാർക്കൊപ്പം കുറ്റിച്ചെടിയുടെ പടർപ്പുകളിൽ ഒളിച്ച് വേലിക്കരികിലെത്തി. അവിടെ ഇരുന്ന് അകലത്തെ ഫുട്ബാൾ ക്യാമ്പിൽ കുട്ടികൾ പരിശീലിക്കുന്നത് നോക്കിയിരുന്നു. പെൺകുട്ടികൾ ഫുട്ബാൾ കളിക്കുന്നത് അന്ന് ആദ്യമായാണ് കാണുന്നത്. 'പോണി ടെയ്ൽ' മാതൃകയിൽ മുടികെട്ടിയ പെൺകുട്ടി പന്തിനെ മെരുക്കുന്നതും നോക്കി മണിക്കൂറുകൾ ഇരുന്നു. ഒരു നാൾ അവളെ പോലെ കളിക്കാൻ കൊതിച്ചു. ഈ കാഴ്ചകൾ പതിവായി. ദൂരെനിന്നും നോക്കിക്കാണുന്നത് ക്യാമ്പിൽ സഹോദരിമാർക്കൊപ്പം പരിശീലിച്ചു. പുരുഷ ടീമിന്‍റെ കളിയും പരിശീലനവും കണ്ടിരുന്നു. രണ്ടുമൂന്നു മാസം ഈ പതിവ് തുടർന്നു. അങ്ങനെ ഒരു ദിനം കോച്ചിനെ കണ്ട് പരിശീലനത്തിന് കൂട്ടുമോ എന്നു ചോദിക്കാൻ തീരുമാനിച്ചു. പക്ഷേ, ഭാഷ വശമില്ലായിരുന്നു. അല്ലെങ്കിലും ഫുട്ബാളിന് എന്ത് ഭാഷ... ആംഗ്യത്തിലൂടെ ആവശ്യം ബോധിപ്പിച്ചു. ഒരു നിമിഷം എന്നെയും അദ്ഭുതപ്പെടുത്തുന്നതായി പ്രതികരണം. കടന്നുവരാൻ പറഞ്ഞു. പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. ജീവിതത്തിന് ടേണിങ് പോയന്‍റായി കോച്ചിന്‍റെ ആ 'വിളി'.
ദിവസവും പരിശീലനമായി. ക്യാമ്പിലെ ഓരോ കുട്ടിയെക്കാളും മികച്ചവൾ ആവണമെന്നായിരുന്നു ലക്ഷ്യം. 11ാം വയസ്സിൽ ആറുമുതൽ എട്ടുമണിക്കൂർ വരെ പരിശീലനമായി. ഒാരോ ദിവസവും മെച്ചപ്പെട്ടുവന്നു. പന്തിനെ അനുസരിപ്പിച്ച് നാദിയ വിജയംകണ്ടുതുടങ്ങി. അങ്ങനെ യൂത്ത് ടീമിൽ ഇടം ലഭിച്ചു. അവിടെ നിന്നും കളി ശ്രദ്ധയിൽ പതിഞ്ഞതോടെ ബി52 ആൽബർഗ് എന്ന പ്രദേശത്തെ പ്രമുഖ ക്ലബിലെത്തി. അവിടെയായിരുന്നു പ്രഫഷനൽ ഫുട്ബാളിലേക്കുള്ള തുടക്കം.
അഭയാർഥി ക്യാമ്പിൽനിന്നും തിരക്കേറിയ ലീഗ് ഫുട്ബാളിന്റെ ഭാഗമായി ജീവിതം മാറി. അഫ്ഗാനിലെ യുദ്ധഭൂമിയിൽനിന്നും പലായനം ചെയ്തെത്തിയ കൗമാരക്കാരി ഡെന്മാർക്കിലെ ശ്രദ്ധേയ താരമായി വളർന്നു. അധികം വൈകാതെ പൗരത്വം നേടി 2009ൽ ദേശീയ ടീമിലും ഇടംപിടിച്ചു. രണ്ടാം ഡിവിഷൻ ക്ലബായ സ്കോവ്ബാകനിലും ഒന്നാം ഡിവിഷൻ ടീമായ ഫോർച്യുണയിലും കളിച്ച്, യൂറോപ്പിലെ മുൻനിരക്കാരായ മാഞ്ചസ്റ്റർ സിറ്റിയിലും, പാരിസ് സെന്‍റ് ജർമനിലും എത്തി നാദിയ നദീമിന്‍റെ പോരാട്ട ജീവിതം.
അന്താരാഷ്ട്ര ഫുട്ബാളിൽ 99 മത്സരങ്ങളിൽ നിന്ന് ഇതിനോടകം 38 ഗോളുകൾ നേടി ഡെന്മാർക്കിന്‍റെ 'ലേഡി പെലെ' ആയി മാറി. ഫ്രഞ്ച് ക്ലബായ പി.എസ്.ജിയുടെ നായക വേഷത്തിലെത്തി ടീമിനെ ലീഗ് ചാമ്പ്യന്മാരാക്കി സൂപ്പർതാരമായി. യുദ്ധവും സംഘർഷവും എല്ലാം നഷ്ടപ്പെടുത്തിയ നാട്ടിൽനിന്നും ഒളിച്ചോടി, ശേഷം അവൾ കീഴടക്കിയത് ലോകഫുട്ബാളിന്റെ സ്വപ്നകിരീടങ്ങൾ. ഗോളടിച്ചുകൂട്ടിയും കിരീടങ്ങൾ വെട്ടിപ്പിടിച്ചും നടത്തിയ കുതിപ്പിൽ കളിക്കളവും പുറംലോകവും അവൾ കാൽക്കീഴിലാക്കി. ഡെന്മാർക് ഫുട്ബാളർ പുരസ്കാരം, നിരവധി രാജ്യാന്തര ബ്രാൻഡുകളുടെ അംബാസഡർ പദവി, സ്പോർട്സിനും ലിംഗസമത്വത്തിനും നൽകിയ സംഭാവനകൾക്ക് യുനെസ്കോയുടെ ആദരം, കായികലോകത്തെ ഏറ്റവും കരുത്തയായ വനിതകളിൽ ഒരാളായി ഫോബ്സിന്റെ അംഗീകാരം... അങ്ങനെ നേട്ടങ്ങളായി ഓരോന്നും വെട്ടിപ്പിടിച്ചു.
'മൈ സ്റ്റോറി'
ഫിഫ അറബ് കപ്പിൽ അതിഥിയായാണ് നാദിയ നദീം ഖത്തറിലെത്തിയത്. വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുത്ത അവർ ഖത്തർ അഭയംനൽകിയ അഫ്ഗാനികളുടെ ക്യാമ്പിലുമെത്തി. 20 വർഷം മുമ്പ് സമാനമായ സാഹചര്യത്തിൽ രാജ്യം വിട്ട് ഓടി, സ്വപ്നങ്ങൾക്ക് പിറകെ തളരാതെ സഞ്ചരിച്ച് ലോകത്തെ ഏറ്റവും മികച്ച വനിത ഫുട്ബാളർമാരിൽ ഒരാളായി മാറിയ തന്‍റെ കഥ അവരുമായി പങ്കുവെച്ചു. സുപ്രീം കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിന്‍റെ ഭാഗമായി ദോഹയിലെ അഫ്ഗാൻ ക്യാമ്പിലെത്തിയ അവർ അനുഭവത്തിന്‍റെ വെളിച്ചത്തിൽ അവർക്ക് ഊർജം പകർന്നു. 'വീടും നാടും വിട്ട് വരുന്നത് ഒരിക്കലും എളുപ്പമല്ല. പ്രത്യേകിച്ച് എല്ലാം ഉപേക്ഷിച്ച് വരാൻ നിർബന്ധിക്കപ്പെടുന്ന സാഹചര്യത്തിൽ. ഈപ്രതിസന്ധിയിൽ ലക്ഷ്യം എളുപ്പമല്ല. പക്ഷേ സാധ്യമാണ്. ലക്ഷ്യം നേടാൻ നിങ്ങൾ പ്രയത്നിക്കുന്നുവെങ്കിൽ ഒരുനാൾ അത് നിങ്ങളുടേതാവും. ഒരിക്കലും പ്രതീക്ഷ നഷ്ടപ്പെടരുത്. ചുറ്റിലും ഇരുട്ടായി തോന്നുമെങ്കിലും, നിങ്ങൾ വെളിച്ചത്തിനായി പരതുക. അതിശയകരമായ ജീവിതം മുന്നിലുണ്ട്' -എല്ലാം നഷ്ടപ്പെട്ടവർക്ക് മുന്നിലിരുന്ന് നാദിയ ഇതു പറയുമ്പോൾ കൗമാരക്കാരുടെ കണ്ണിൽ പ്രതീക്ഷയുടെ തീജ്വാല മിന്നിമറിയുകയായിരുന്നു.
തന്‍റെ മാതൃമണ്ണിൽ സംഘർഷങ്ങളൊന്നുമില്ലാത്ത നല്ലനാളുകൾ തിരികെയെത്തും, തന്നെപ്പോലെ പുതുതലമുറയിലെ പെൺകുട്ടികൾ ആ മണ്ണിൽ പന്തുതട്ടും, എല്ലാം നഷ്ടപ്പെട്ട് ഓടിയ മണ്ണിലേക്ക് സമാധാനത്തോടെ തിരികെയെത്താൻ കഴിയും.... അഫ്ഗാനിലെ സമകാലിക രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ശുഭാപ്തി വിശ്വാസത്തോടെ നാദിയയുടെ പ്രതികരണങ്ങൾ ഇങ്ങനെയായിരുന്നു. കളത്തിന് പുറത്തും ഇവർ ഉരുക്കുവനിതയാണ്. ഡാനിഷ്, ഇംഗ്ലീഷ്, ജർമൻ, പേർഷ്യൻ, ദാരി, ഉർദു, ഹിന്ദി, അറബിക്, ഫ്രഞ്ച് എന്നീ ഒമ്പതു ഭാഷകൾ അനായാസം സംസാരിക്കുന്ന നാദിയ 33ാം വയസ്സിലും സജീവം.
അമേരിക്കൻ ക്ലബായ റേസിങ് ലൂസിവില്ലെയുടെ കളിക്കാരിയായി, ജീവിതപ്രചോദനം പകരുന്ന പ്രഭാഷകയായി, യുനെസ്കോ ഗുഡ്വിൽ അംബാസഡറായി, ഖത്തർ ലോകകപ്പ് ഉൾപ്പെടെയുള്ള വലിയ മാമാങ്കങ്ങളുടെ പ്രചാരകയായി അങ്ങനെ നീളുന്ന തിരക്കുകൾ. ഫുട്ബാളർ എന്ന കരിയറിനൊപ്പം പഠനവും കൈവിട്ടില്ല. കളിക്കൊപ്പം ജീവിതലക്ഷ്യമായി താലോലിച്ച ആതുരസേവകയുടെ കുപ്പായത്തിലും യോഗ്യതനേടി. ഖത്തറിലെ സന്ദർശനവും കഴിഞ്ഞ് അവർ നേരെ പറന്നത് ആർഹസ് സർവകലാശാലയിലെ മെഡിക്കൽ കോഴ്സിന്റെ അവസാന വർഷ പരീക്ഷകൾക്കായിരുന്നു. ജനുവരിയോടെ ഡോക്ടർ ബിരുദവും ആ തലപ്പാവിൽ മറ്റൊരു പൊൻതൂവലായി ചേർക്കപ്പെടുന്നു. സജീവ ഫുട്ബാളിന്റെ പടിയിറങ്ങുമ്പോൾ, ജനങ്ങളുടെ വേദന അരികെനിന്ന് ഒപ്പിയെടുക്കാൻ ഡോക്ടറുടെ വേഷമാണ് ഏറ്റവും നല്ലതെന്ന് നാദിയ പറയുന്നു.
ഹോളിവുഡിലെ ത്രില്ലർ സിനിമയുടെ കഥയെ പോലും വെല്ലുന്ന നാദിയയുടെ ജീവിത കഥ 'മൈ സ്റ്റോറി' എന്ന പേരിൽ ആത്മകഥയായും, ഡോക്യൂമെന്‍ററി ഫിലിമായും ഇതിനകം ആസ്വാദകരിലെത്തി.
●
തീയിൽ കുരുത്ത പെണ്ണിന്‍റെ ജീവിതം വായിച്ച ഒരാൾ ട്വിറ്ററിൽ കുറിച്ചതിങ്ങനെ...'11ാം വയസ്സിൽ താലിബാന്‍റെ കരങ്ങളാൽ പിതാവിനെ നഷ്ടപ്പെട്ട ബാലിക, ഡെന്മാർക്കിലേക്ക് പലായനം ചെയ്ത കൗമാരം. ദേശീയ ടീമിനും ലോകപ്രശസ്ത ക്ലബുകൾക്കുമായി ഫുട്ബാൾ കളിച്ച യൗവനം. പഠിച്ചു നേടിയ ഡോക്ടർ ബിരുദം, സംസാരിക്കുന്നത് ഒമ്പതു ഭാഷകൾ, ഫോബ്സ് പട്ടികയിൽ ഇടം... നിങ്ങളുടെ മക്കൾ ഒരു റോൾമോഡലിനെ തേടുന്നുവെങ്കിൽ നാദിയ നദീമിനെ കാണിച്ചുകൊടുക്കുക...'
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.