പന്തളം: ഇരുവരുടെയും ഓർമകളിൽ 1973ലെ പൊലീസ് വെടിവെപ്പിന്റെ വെടിയൊച്ച ഇപ്പോഴും മുഴങ്ങുന്നു. അന്നത്തെ സമരത്തിൽ ജയിൽവാസമനുഭവിച്ച ചേരിക്കൽ വില്ലിയാരിൽ വി.എൻ. മംഗളാനന്ദനോട് സ്മരണകൾ പങ്കുവെക്കുമ്പോൾ കിഴക്കെ കണ്ണപാണ്ടിയിൽ തങ്കമ്മയുടെ വാക്കുകൾ വിറച്ചില്ല. ഊന്നുവടിയിൽ മുറുകെപ്പിടിച്ച് പന്തളം രക്തസാക്ഷി നാരായണപിള്ളയുടെ സഹധർമിണി കാരിരുമ്പിന്റെ കരുത്തോടെ സ്മരണകളെ വാചാലമാക്കി.
ഭക്ഷ്യക്ഷാമത്തിനെതിരെ 1973 ആഗസ്റ്റ് രണ്ടിന് സി.പി.എം പ്രഖ്യാപിച്ച കേരള ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പന്തളത്ത് നടന്ന പ്രകടനത്തിനുനേരെ കുരമ്പാല അമ്പലത്തിനാൽ ചൂരയിലായിരുന്നു പൊലീസ് വെടിവെപ്പ്. നാരായണപിള്ളയും ഭാനുവും രക്തസാക്ഷികളായ സമരം തങ്കമ്മക്ക് ഇന്നും നടുക്കുന്ന ഓർമയാണ്.
വെടിവെപ്പിൽ നാരായണപിള്ളക്കും ഭാനുവിനും നാണുവിനും കുമാരനും പരിക്കേറ്റെന്നാണ് ആദ്യം അറിഞ്ഞതെന്ന് തങ്കമ്മ ഓർക്കുന്നു. പിന്നെ ഒറ്റ ഓട്ടമായിരുന്ന ആശുപത്രിയിലേക്ക്. നാരായണപിള്ളയും ഭാനുവും രക്തസാക്ഷിത്വം വരിച്ചെന്ന സത്യം പിന്നീട് അറിഞ്ഞ് ഒന്ന് വിറങ്ങലിച്ച് നിന്നു. പിന്നെ തളർന്നില്ല ഒരിക്കലും; അതേസമയം ഇന്നും പ്രതിഷേധത്തിന്റെ തീക്കനലെരിയുന്നുണ്ട് -തങ്കമ്മ പറഞ്ഞു.
പന്തളം സമരത്തിൽ ജയിൽവാസം അനുഭവിച്ചവരിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക സി.പി.എം പ്രവർത്തകനാണ് മംഗളാനന്ദൻ. സമരത്തിന് നേതൃത്വം നൽകിയ എ.കെ. ആചാരി, പി.കെ. കുമാരൻ, ടി.കെ. ദാനിയൽ, ടി.എസ്. രാഘവൻപിള്ള തുടങ്ങിയവർ കാലയവനികക്കുള്ളിൽ മറഞ്ഞു. മുടിയൂർക്കോണത്തുനിന്നും ചേരിക്കലിൽനിന്നും സംഘടിച്ച പ്രവർത്തകരുമായുള്ള പ്രകടനം ടി.കെ. ദാനിയൽ, എ.കെ. ആചാരി, പി.ടി. രാഘവൻ എന്നിവരുടെ നേതൃത്വത്തിലും കുരമ്പാലയിൽനിന്നുള്ള പ്രകടനം ടി.എസ്. രാഘവൻപിള്ള, എൻ.ജി. രാഘവൻപിള്ള എന്നിവരുടെ നേതൃത്വത്തിലും മുട്ടം കോളനിയിൽനിന്നുള്ള പ്രകടനം പി.കെ. കുമാരൻ, കെ.കെ. ചെല്ലപ്പൻ എന്നിവരുടെ നേതൃത്വത്തിലും പന്തളത്തെത്തി സംയുക്ത പ്രകടനമായപ്പോഴേക്കും പ്രതിഷേധക്കടലായി മാറിയിരുന്നെന്ന് മംഗളാനന്ദൻ പറയുന്നു.
കുരമ്പാല അമ്പലത്തിനാൽ ചുരയിൽവെച്ച് ലാത്തിച്ചാർജ് നടന്നപ്പോൾ അവിടെയുള്ള കയ്യാല ചാടി മംഗളാനന്ദനും സഹപ്രവർത്തകരും സമീപത്തെ മാവിന്റെ ചുവട്ടിലേക്ക് മാറിയപ്പോഴാണ് വെടിയൊച്ച ഉയർന്നത്. അലറി വിളിച്ച് പല ഭാഗങ്ങളിലേക്ക് പ്രവർത്തകർ ചിതറി. രണ്ട് വെടിയുണ്ടകൾ മാവിലേക്കും തുളഞ്ഞുകയറി. വെടിയേറ്റ ഈ മാവ് മുത്തശ്ശി മാവായി കാലങ്ങൾ വെടിവെപ്പിന്റെ മൂകസാക്ഷിയായിരുന്നു.
സമരത്തിന്റെ പേരിൽ പൊലീസ് കണ്ടാലറിയാവുന്ന 23 പേരുടെ പേരിൽ കേസെടുത്തു. കരിങ്ങാലി പുഞ്ചയിലെ തുരുത്തേൽ രണ്ടുദിവസം ഒളിവിലിരുന്നു. തുടർന്ന്, പാർട്ടി നിർദേശപ്രകാരം കുരമ്പാലയിലെ നെടിയകാലായിൽ ജനാർദനൻ പിള്ളയുടെ വീട്ടിൽ വെച്ച് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി മാവേലിക്കര സബ് ജയിലിലേക്ക് അയച്ചു. ഇടക്ക് ദേഹാസ്വാസ്ഥ്യം തോന്നിയപ്പോൾ ജയിലിലെ ആശുപത്രി സെല്ലിലിട്ടു. അവിടെ മറ്റ് കുറ്റവാളികൾക്കൊപ്പം വിസർജ്യങ്ങൾക്കിടയിലായിരുന്നു അഞ്ചുദിവസം.
മറ്റ് കുറ്റവാളികൾക്കൊപ്പം ജയിലിൽ അടച്ചപ്പോൾ സമരക്കാർക്ക് വേറെ സെല്ല് വേണമെന്ന് ആവശ്യപ്പെട്ട് ഒരു ദിനം എല്ലാവരും പി.കെ. കുമാരന്റെ നേതൃത്വത്തിൽ നിരാഹാരം കിടന്നു. പിന്നീട് പ്രതികൾക്ക് പ്രത്യേക സെല്ല് നൽകി. 22 ദിവസത്തെ ജയിൽവാസത്തിനുശേഷമാണ് എല്ലാവരും പുറത്തിറങ്ങിയതെന്ന് മംഗളാനന്ദൻ ഓർക്കുന്നു. മാവേലിക്കര, ചെങ്ങന്നൂർ കോടതികളിലായിരുന്നു വിസ്താരം. കോടതി പിന്നീട് പ്രതികളെ വെറുതെ വിട്ടു.
യൗവനത്തിലെ സമരപങ്കാളിത്തവും ജയിൽവാസവും തരിമ്പും തളർത്താതെ മംഗളാനന്ദൻ സി.പി.എമ്മിലും തുടർന്ന് സി.ഐ.ടി.യുവിലും സജീവ സാന്നിധ്യമായി. കുറച്ചുനാളത്തെ പ്രവാസ ജീവിതത്തിനുശേഷം മടങ്ങിയെത്തി സി.ഐ.ടി.യു മുടിയൂർക്കോണം മേഖല സെക്രട്ടറിയും പിന്നീട് കർഷകസംഘം മേഖല സെക്രട്ടറിയുമായി. പന്തളം രക്തസാക്ഷി മണ്ഡപത്തിൽ ബുധനാഴ്ച രാവിലെ 10ന് കൊടിയുയരുമ്പോൾ അമ്പതാമാണ്ടിലും അണയാത്ത സ്മരണകളോടെ തങ്കമ്മയും മംഗളാനന്ദനും പാർട്ടി പ്രവർത്തകർക്കൊപ്പം രക്തപുഷ്പങ്ങളർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.