മൂന്ന് പതിറ്റാണ്ടിന്റെ നടന പാരമ്പര്യം, അകക്കാമ്പുള്ള എഴുത്തു ജീവിതം, ചിത്രരചനയിലെ അപാര വൈദ്ഗദ്യം, അന്താരാഷ്ട്ര യോഗ്യതാ പത്രങ്ങളുള്ള യോഗ പരിശീലക. നിഖില സുകുമാരകലകളുടെ ഔന്നിത്യങ്ങളിൽ സവിശേഷ മുദ്ര പതിപ്പിച്ചിരിക്കുകയാണ് കൊല്ലം കടപ്പാക്കട സ്വദേശി ഡോക്ടർ പ്രീയുഷ സജി. മൂന്നാം വയസ്സിൽ നൃത്ത രംഗത്തേക്ക് ചുവടു വെക്കുന്നതോടെയാണ് സാമൂഹിക മണ്ഡലത്തിലേക്ക് പ്രീയുഷ സഞ്ചരിക്കുന്നത്.
സ്കൂൾ - യൂനിവേഴ്സിറ്റി യുവജനോത്സവങ്ങളിൽ നിറസാന്നിധ്യ യൗവ്വനം, ദക്ഷിണ കന്നഡ ഇന്റർ കൊള്ളീജിയറ്റ് മത്സരങ്ങളിൽ നിരവധി അംഗീകാരങ്ങൾ; ഒട്ടനവധി പുരസ്കാരങ്ങൾ ഇതായിരുന്നു ഡോ. പ്രീയുഷയുടെ സുവർണ കാലഘട്ടം. ആദ്യകാലങ്ങളിൽ കലോത്സവ വേദികളും ക്ഷേത്രങ്ങളുമായിരുന്നു പ്രധാന നൃത്ത പ്രദർശന വേദികൾ. അധ്യാപക ദമ്പതികളായ കെ വിജയന്റെയും സുലോചനയുടെയും ശിക്ഷണ വൈഭവത്തിൽ മകൾ ആർജിച്ചെടുത്തത് ബൃഹത്തായ ശിഷ്യഗുണം കൂടിയായിരുന്നു.
കലാമണ്ഡലം വിജയകുമാരി, നടന ഭൂഷണം മണി, സരസ്വതി മൽഹോത്ര, പ്രേം മേനോൻ, അശോകൻ മാസ്റ്റർ തുടങ്ങിയ ഗുരുവര്യന്മാരുടെ സാമീപ്യം ഈ കലാകാരിയിൽ നിന്നും ഒരു പൂർണ്ണ കലാതിലകത്തെ വാർത്തെടുക്കാൻ പര്യാപ്തമാക്കി. അജ്മാൻ കൾച്ചറൽ സെന്ററിൽ ജൂൺ 15ന് അരങ്ങേറിയ സീത നൃത്ത ശിൽപത്തിൽ രണ്ടു മണിക്കൂറിലധികം ദൈർഘ്യമുള്ള പരമ്പരാഗത മാർഗങ്ങൾ ഭരതനാട്യ കച്ചേരിയായി അവതരിപ്പിച്ചത് ഏറെ ജനശ്രദ്ധ നേടിയിരുന്നു. ‘സീത’യുടെ ആശയം, നിർമാണം, അവതരണം എന്നിവ പൂർണമായും ഡോക്ടറുടെ സ്വ സംഭാവനയായിരുന്നു. കഠിനാധ്വാനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും പര്യായമായിട്ടല്ലാതെ സീത നൃത്താവിഷ്കാരത്തെ വ്യാഖ്യാനിക്കാനാവില്ല.
നൃത്ത ജീവിതത്തിനപ്പുറം എഴുത്തിലും സജീവമാണിവർ. 2020 ഷാർജ പുസ്തക മേളയിൽ തന്റെ ആദ്യ പുസ്തകം ‘ഓർമയുടെ നീല ശംഖു പുഷ്പങ്ങൾ’ പ്രസിദ്ധീകരിച്ചു. ‘ലാൽ ബാഗ് എക്സ്പ്രസ്സ് 12607’, ’കഥ പറയുന്ന ഗ്രാമം’ തുടങ്ങിയ നോവലുകളിൽ സഹ എഴുത്തുകാരിയായി. ചിത്രരചനയിലെ താൽപര്യം ഈ കലാകാരിക്ക് 2017 ലും 2022ലും ജി.സി.സിയുടെ ഏറ്റവും വലിയ പെയിന്റിങ് എക്സിബിഷനിൽ സ്വീകാര്യത നൽകി.
അന്താരാഷ്ട്ര നിലവാരമുള്ള ഒത്തിരി അംഗീകൃത യോഗ പരിശീലന പത്രങ്ങളും ഇവർ കരസ്ഥമാക്കിയിട്ടുണ്ട്. ഏറ്റവും സ്വാധീനമുള്ള കലകളിൽ അഗ്രഗണ്യയായ ഈ സ്ത്രീ കഥാപാത്രം അകത്തളങ്ങളിൽ കലയും കഴിവുകളും ഹോമിക്കപ്പെട്ടു കഴിയുന്നവർക്ക് ഏറെ മാതൃകാവാഹമാണ്. ഇവയ്ക്ക് പുറമേ കേരളത്തിലെ ഗവൺമെന്റ് ഹോമിയോ മെഡിക്കൽ ഓഫീസർ തസ്തിക ഡോക്ടർ പ്രീയുഷയെ ഇന്നും കാത്തിരിക്കുകയാണ്. ഇടക്കാലത്ത് എട്ടുവർഷത്തോളം യു.എ.ഇയിൽ ഹോമിയോ ഡോക്ടറായും സേവനമനുഷ്ഠിച്ചു.
ശേഷം തങ്ങളുടെ തന്നെ സ്റ്റാർട്ടപ്പായ സ്കൈലാർക് ഇന്റീരിയർ എൽ.എൽ.സി; ഇന്റീരിയർ കോൺട്രാക്റ്റിങ് സ്ഥാപനത്തിന്റെ ലീഡിങ് ഹെഡായും പ്രവർത്തിച്ചു. തന്റെ പ്രവർത്തന മണ്ഡലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും കുടുംബിനിയുടെ റോളും ഭംഗിയായി നിർവഹിക്കാൻ തനിക്ക് കഴിയുന്നുണ്ടെന്ന ആത്മിവിശ്വാസവും പങ്കുവെക്കുന്നു പ്രീയൂഷ. ഭർത്താവ് സജി ആനന്ദിനും മക്കൾ ശ്രുതിനാനന്ദയ്ക്കും പ്രണവാനന്ദിനുമൊപ്പം കുടുംബസമേതം യു.എ.ഇയിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.