കോട്ടയം: പെൺജീവിതങ്ങൾക്ക് സധൈര്യം സഞ്ചരിക്കാൻ കാവലാളാവുകയാണ് കോട്ടയത്തെ പിങ്ക് പൊലീസ്. സദാസമയവും നിരത്തിലൂടെ സുരക്ഷാക്കണ്ണുമായി നീങ്ങുന്ന പിങ്ക് വാഹനം ഒട്ടേറെപ്പേർക്ക് തുണയാണ്.
നമ്മളറിയാതെ നമ്മളിൽ പലർക്കും കരുതലും തുണയും ആവുന്നുണ്ട് ഇവർ. സഹായം ലഭിച്ചവനും നൽകിയവനും മാത്രമറിയുന്ന എത്രയോ പ്രവർത്തനങ്ങൾ. ഇതുവരെ ആയിരക്കണക്കിന് സ്ത്രീകൾക്കും കുട്ടികൾക്കും അവർ തണലൊരുക്കി. ഇന്ന് വനിതദിനം ആചരിക്കുേമ്പാൾ കൃത്യനിർവഹണത്തിെൻറ സംതൃപ്തിയിലാണിവർ.
2017 ജൂണിലാണ് കോട്ടയത്ത് പിങ്ക് പൊലീസ് പ്രവർത്തനം തുടങ്ങിയത്. ജില്ലയിൽ മൂന്ന് വാഹനങ്ങളാണ് ഇവർക്കുള്ളത്. കോട്ടയം, ചങ്ങനാശ്ശേരി, പാലാ എന്നിവിടങ്ങളിലായി 16പേർ സേനയിലുണ്ട്. ഒരു വാഹനത്തിൽ എസ്.ഐ, ഡ്രൈവറടക്കം മൂന്ന് സിവിൽ പൊലീസ് ഓഫിസർമാർ എന്നിവരാണുണ്ടാവുക. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് ഇവരുടെ പ്രവർത്തനം. രാത്രി എട്ടിന് വനിത ഹെൽപ്ലൈെൻറ പട്രോളിങ് വാഹനമെത്തുന്നതോടെ ഇവർ പിൻവാങ്ങും.
കഴിഞ്ഞ ദിവസം തിരുനക്കരയിൽ സംശയാസ്പദമായി കണ്ട 17കാരിയെ രക്ഷാകർത്താക്കളെ വിളിച്ചുവരുത്തി ഏൽപിച്ച ഒടുവിലത്തെ സംഭവമടക്കം ഇവർക്കുപറയാൻ നിരവധി രക്ഷാപ്രവർത്തനങ്ങളുടെ കഥയുണ്ട്. നഗരത്തിലെ കോളജ് വിദ്യാർഥിനികളുടെ താമസസ്ഥലത്തെത്തി സ്ഥിരം നഗ്നതപ്രദർശനം നടത്തുന്നവനെ ൈകയോടെ പിടികൂടി അഴികൾക്കുള്ളിലാക്കി.
പ്രളയസമയത്ത് പതിനാറിൽചിറ ഭാഗത്ത് വീട്ടിലൊറ്റപ്പെട്ട വയോധികയെ രക്ഷിച്ചത് ജനൽ ചാടിക്കടന്നാണ്. എന്തുപറഞ്ഞിട്ടും അവർ വാതിൽ തുറക്കാൻ കൂട്ടാക്കുന്നില്ല. ഒടുവിൽ അഴി തകർന്നുകിടക്കുന്ന ജനലിലൂടെ അകത്തുകടന്നാണ് ഇവരെ പുറത്തെത്തിച്ച് മക്കൾക്കൊപ്പമാക്കി.
സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ നൽകുന്ന ഇവർ സുരക്ഷിതരാണോ. സകല സ്ത്രീകളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഇവർക്കുമുണ്ട്. പൊലീസ് യൂനിഫോം കണ്ടാലും പൊലീസ് വാഹനം കണ്ടാലും ചിലർക്ക് ഒരു കുലുക്കവുമില്ല. മദ്യപിച്ചുവന്ന് ശല്യപ്പെടുത്തുന്നതും വാഹനത്തിലേക്ക് ഒളിഞ്ഞുനോക്കുന്നതുമെല്ലാം പതിവാണ്.
കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വാഹനം നിർത്തിയിട്ട് ഒറ്റക്കിരുന്ന പൊലീസ് ഉദ്യോഗസ്ഥക്കുനേരെയാണ് കഴിഞ്ഞദിവസം ശല്യമുണ്ടായത്. അടുത്തിടെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ രാത്രി ഒറ്റപ്പെട്ടുനിന്ന യുവതിയെ ജീപ്പിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ വനിത ഉദ്യോഗസ്ഥയുടെ നെഞ്ചിലാണ് ചവിട്ടുകിട്ടിയത്.
വഴിതെറ്റിയെത്തിയതും വീടുവിട്ടിറങ്ങിയതുമായ കുട്ടികളെ തിരിച്ചെത്തിക്കുേമ്പാൾ മാതാപിതാക്കളുടെ നന്ദിയോടെയുള്ള കൂപ്പുകൈയാണ് ഇവർക്ക് കിട്ടുന്ന സന്തോഷം.
ആരുമില്ലാത്ത അമ്മമാരെ അനാഥാലയങ്ങളിലാക്കി മടങ്ങിയാലും ഇടക്ക് അന്വേഷിച്ചുചെല്ലും. അവരുടെ ചിരിയും സന്തോഷവും കാണുന്നതിലേറെ വേറെയെന്ത് ആനന്ദം.
കോവിഡ് കാലമായതിനാൽ നഗരത്തിൽ അലഞ്ഞുതിരിയുന്നവരെയോ ആരുമില്ലാതെ കണ്ടെത്തുന്നവരെയോ താമസിപ്പിക്കാൻ കഴിയുന്നില്ലെന്നതാണ് ഇപ്പോഴത്തെ ബുദ്ധിമുട്ട്. എല്ലായിടത്തും കോവിഡ് പരിശോധന നടത്തിയ ശേഷമേ പ്രവശേിപ്പിക്കാനാവൂ.
എങ്കിലും എല്ലാവരും എടുക്കുന്നില്ല. കഴിഞ്ഞദിവസം നാഗമ്പടം ബസ്സ്റ്റാൻഡിൽനിന്ന് മാനസിക വൈകല്യമുള്ള പെരുമ്പാവൂരുകാരിയായ സ്ത്രീയെ കണ്ടുകിട്ടി.
വിലാസം കൃത്യമായി പറഞ്ഞെങ്കിലും ബന്ധുക്കളെ കിട്ടിയില്ല. ഭർത്താവും മകനും ഉപേക്ഷിച്ചുപോയെന്നാണ് അറിഞ്ഞത്. അവരെയും കൊണ്ട് പലയിടത്തും പോയെങ്കിലും എവിടെയും പ്രേവശിപ്പിക്കാനായില്ല. കോവിഡ് ടെസ്റ്റ് നടത്തി പാലായിലെ സ്ഥാപനത്തിലെത്തി രാത്രിയാണ് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.