കോട്ടയം: അഞ്ചാംക്ലാസിൽ തുടങ്ങിയ ഓട്ടവും ചാട്ടവും നാട്ടകം ഗവ. കോളജിലെ പ്രീഡിഗ്രി കാലം കഴിഞ്ഞതോടെ പൊന്നമ്മ ഉപേക്ഷിച്ചു. 20 വർഷം കഴിഞ്ഞ് 2017ൽ കോട്ടയം നഗരത്തിലെ കൂട്ടയോട്ടത്തിൽ പങ്കെടുക്കാൻ ആ പഴയ ഇഷ്ടം പൊടി തട്ടിയെടുത്തു. ഒന്നാംസ്ഥാനം കിട്ടിയതോടെ അതൊരു തുടക്കമായി. ഏഴുവർഷത്തിനിടെ സ്വന്തമാക്കിയത് സ്വർണവും വെള്ളിയും വെങ്കലവുമടക്കം 84 മെഡൽ.
ശ്രീലങ്കയിലും അയോധ്യയിലും നടക്കുന്ന വെറ്ററൻസ് മീറ്റിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് ചിങ്ങവനം പന്നിമറ്റം സ്വദേശിനിയായ 59കാരി പൊന്നമ്മ. ട്രാക്കിൽ മാത്രമല്ല, ജീവിതത്തിലും പൊന്നമ്മ ദീർഘദൂര ഓട്ടമത്സരത്തിലാണ്. 18ാം വയസ്സിലായിരുന്നു വിവാഹം. 28 വയസ്സുള്ളപ്പോൾ ഭർത്താവ് ദിലീപ് രോഗബാധിതനായി മരിച്ചു. രണ്ട് പെൺമക്കളെയുംകൊണ്ട് സ്വന്തമായി വീടുപോലുമില്ലാത്ത പൊന്നമ്മ അന്തംവിട്ടുനിന്നില്ല. മാസം 200 രൂപക്ക് ജൂസ് കടയിൽ ജോലിക്ക് പോയി. പിന്നീട് കൂടുതൽ കടകളിലും വീടുകളിലും ജോലിയെടുത്തു. രണ്ടു മക്കളെയും പഠിപ്പിച്ച് വിവാഹം ചെയ്തയച്ചു. സ്വന്തമായി വീടുമായി. 2017ൽ റബർ സിറ്റിയുടെ കൂട്ടയോട്ടത്തിൽ പങ്കെടുത്തതിനെ തുടർന്നാണ് വെറ്ററൻസ് മീറ്റുകളുടെ ഭാഗമായത്.
ആ വർഷം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന മീറ്റിൽ 200, 400, 800 തുടങ്ങി മൂന്ന് ഇനങ്ങളിൽ സ്വർണവുമായി മടങ്ങി. 2018ൽ സ്പെയിനിൽ നടന്ന ലോക വെറ്ററൻസ് മീറ്റിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തു. 195 രാജ്യങ്ങൾ പങ്കെടുത്ത മത്സരത്തിൽ 25ാം സ്ഥാനം നേടി. മൂന്നരലക്ഷം രൂപ വേണമായിരുന്നു സ്പെയിനിൽ പോകാൻ. ആധാരം പണയംവെച്ച് വായ്പയെടുത്തു. അവിടുന്നങ്ങോട്ട് എല്ലാ മത്സരങ്ങൾക്കും പണം കടം വാങ്ങിത്തന്നെയാണ് പോകുന്നത്.
നാട്ടകം ഗവ. കോളജ് വിദ്യാർഥിനിയായിരിക്കുമ്പോൾ എൻ.സി.സി പരിശീലനത്തിന്റെ ഭാഗമായി മണിക്കൂറിൽ 250 കിലോമീറ്റർ ദൂരത്തിൽ പോകുന്ന വിമാനത്തിൽനിന്ന് പാരച്യൂട്ടിൽ ചാടിയവരിലൊരാളാണ് പൊന്നമ്മ. മൂന്നു വനിതകളാണ് അന്ന് ചാടിയത്. ഒരാൾ പൊന്നമ്മയുടെ സഹോദരി നിർമലയായിരുന്നു. കായികമത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ സ്വന്തം സന്തോഷം മാത്രമേ പൊന്നമ്മ നോക്കുന്നുള്ളൂ.
പഴങ്കഞ്ഞിയാണ് പൊന്നമ്മയുടെ കരുത്ത്. പോഷകാഹാരം കഴിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും നടന്നിട്ടില്ല. മക്കളും മരുമക്കളും പ്രോത്സാഹനവുമായി കൂടെയുണ്ട്. എന്നാൽ, സാമ്പത്തിക ബുദ്ധിമുട്ട് പിന്നിലേക്ക് വലിക്കും. ദിവസവും രണ്ടുനേരം നാഗമ്പടം സ്റ്റേഡിയത്തിൽ പരിശീലനത്തിന് വന്നിരുന്നു. രണ്ടുനേരം ബസ് ചാർജ് തന്നെ 60 രൂപ വേണം. അതുകൊണ്ട് സ്റ്റേഡിയത്തിലെ പരിശീലനം ഒരു നേരമാക്കി ചുരുക്കി. 22ന് അയോധ്യയിലേക്കും 31ന് ശ്രീലങ്കയിലേക്കും പോകണം. സ്വീഡനിൽ ഇന്റർനാഷനൽ മത്സരത്തിനും സെലക്ഷൻ കിട്ടിയിട്ടുണ്ട്. അതിനുവേണ്ട പണം കണ്ടെത്താനുള്ള ഓട്ടത്തിലാണ് പൊന്നമ്മ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.