കൊല്ലം: ഗീത സിസ്റ്റർ ഇല്ലേ, ആ സിസ്റ്റർ ഉണ്ടെങ്കിൽ ഒരു ധൈര്യമാണ് എന്നു പറഞ്ഞ്വരുന്ന മനുഷ്യർ... 23 വർഷത്തെ ആതുരസേവനത്തിലൂടെ താൻ നേടിയ ഏറ്റവും വിലപിടിച്ച സമ്പാദ്യം ആ മനുഷ്യരാണെന്ന് പറയും എ.ആർ. ഗീത എന്ന ആരോഗ്യപ്രവർത്തക. ‘‘കണ്ടാൽ കൈപിടിച്ച് സ്നേഹം പങ്കുവെക്കുന്നവർ, കണ്ടില്ലെങ്കിൽ സിസ്റ്റർ ഇന്ന് ഇല്ലേ എന്ന് പരിഭവിക്കുന്നവർ... ഒരു നഴ്സിന് ലഭിക്കാവുന്ന ഏറ്റവും വലിയ സംതൃപ്തിയാണ് ആ കരുതൽ.’’
രോഗികളിൽനിന്ന് ലഭിക്കുന്ന പരിഗണനയും സ്നേഹവും വിവരിക്കുമ്പോൾ ജില്ല ആശുപത്രി ഗ്രേഡ്-വൺ നഴ്സിങ് ഓഫിസർ എ.ആർ. ഗീതയുടെ കണ്ണുകളും പുഞ്ചിരിക്കും. രാജ്യത്തെ മികവുറ്റ നഴ്സിന് ലഭിക്കുന്ന ദേശീയ ഫ്ലോറൻസ് നൈറ്റിങ്ഗേൽ പുരസ്കാര നിറവിലിരുന്നാണ് തന്റെ പ്രിയപ്പെട്ട മനുഷ്യരെക്കുറിച്ച് അവർ വാചാലയായത്.
അഞ്ചുവർഷമായി അവരുടെ ലോകമാണ് ജില്ല ആശുപത്രിയിലെ ഓങ്കോളജി വാർഡ്. അസുഖവും അതിലേറെ വേദനയും നിറഞ്ഞ ഓങ്കോളജി വാർഡിൽ മരുന്നിനൊപ്പം കരുതലും സ്നേഹവും കൂടി പങ്കുവെക്കണമെന്ന് ഗീതക്ക് നിർബന്ധമുണ്ട്. കീമോതെറപ്പി പോരാട്ടത്തിൽ തളർന്നുപോകാതെ എല്ലാം ശരിയാകുമെന്ന് പറഞ്ഞ് ഒപ്പം നിൽക്കുന്ന പ്രിയപ്പെട്ടയാളായി ആ വാർഡിൽ അവർ മാറും.
വാക്കിലും പ്രവൃത്തിയിലുമുള്ള പോസിറ്റിവിറ്റി മുന്നിലെത്തുന്ന രോഗിക്കും കൂട്ടിരിപ്പുകാർക്കുമെല്ലാം പകർന്ന് നൽകണമെന്നതാണ് അവരുടെ മോട്ടോ. ‘‘നമ്മൾ രോഗിയെ അറിയണം, കൂട്ടിരിപ്പുകാരെയും. ഒരുപാട് സമ്മർദം അനുഭവിച്ചാണ് രണ്ടു കൂട്ടരും വരുക. ഓങ്കോളജി വാർഡിൽ എത്തുന്നവർ അനുഭവിക്കുന്ന മനോസമ്മർദം വിവരണാതീതമാണ്. അവിടെ ശബ്ദത്തിന്റെ മോഡുലേഷൻ പോലും കൈവിട്ടുപോകാൻ പാടില്ല.
കീമോതെറപ്പി സ്വീകരിക്കുന്നവർക്ക് കൈയിലെ ഞരമ്പ് കിട്ടുന്നത് മുതൽ കൗണ്ട് താഴ്ന്ന് ഗുരുതരാവസ്ഥയിലാകുന്നതു വരെ പലവിധ വെല്ലുവിളികളാണുള്ളത്. പ്രത്യക്ഷത്തിലെ ആ വെല്ലുവിളികൾക്ക് അപ്പുറമാണ് മനസ്സ് തളരാതെ അവരെ പോസിറ്റിവായി പിടിച്ചുനിർത്തുന്നത്.’’ ജില്ല ആശുപത്രിയിൽ ഓങ്കോളജി തുടങ്ങിയത് മുതൽ അവിടെയുള്ള ഗീതക്ക് ഡിപ്പാർട്മെന്റ് മാറാൻ അവസരമുണ്ടായിട്ടും ഒരിക്കൽ പോലും മനസ്സ് അനുവദിക്കാതിരുന്നതും ആ പോസിറ്റിവ് സമീപനത്തിന്റെ തുടർച്ചയാണ്. അവർ ഉൾപ്പെടുന്ന ആരോഗ്യസംഘം ഇതിനകം 24000ത്തിലധികം കീറോതെറപ്പിയാണ് വാർഡിൽ നൽകിയത്.
2017ൽ തിരുവനന്തപുരം ആർ.സി.സിയിൽനിന്ന് നേടിയ കീമോതെറപ്പി ട്രെയിനിങ്ങാണ് ഈ വഴിയിൽ കരുത്തായത്. അതിനു മുമ്പ് ഡയാലിസിസ്, കാഷ്വൽറ്റി, ജെറിയാട്രിക്, ബേൺസ്, ഓപറേഷൻ തിയറ്റർ എന്നിങ്ങനെ പലവിഭാഗങ്ങളിലെ പരിചയസമ്പത്തിനുടമ ഇക്കാലയളവിൽ എണ്ണിയാലൊടുങ്ങാത്ത ജീവനുകൾ രക്ഷിച്ചെടുത്തതിന്റെ സംതൃപ്തിയും പങ്കുവെച്ചു.
കൊല്ലം ഗവ. നഴ്സിങ് കോളജിന്റെ 95-98 നഴ്സിങ് ബാച്ചിൽനിന്ന് രാജ്യത്തെ മികവുറ്റ നഴ്സിലേക്ക് വളർന്നത് നിസ്വാർഥ സേവനപാതയിലൂടെ സ്വയംഅർപ്പിച്ചാണ്. അവസരങ്ങൾ കൈമുതലാക്കി വൈദഗ്ധ്യം വളർത്തുന്നത് ശീലമാക്കിയതാണ് തന്നെ ഇവിടെ എത്തിച്ചതെന്ന് ഗീത പറയുന്നു.
തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍നിന്ന് എമർജൻസി കെയർ ട്രെയിനിങ്, പാലിയേറ്റിവ് കെയർ ഫൗണ്ടേഷൻ കോഴ്സ്, ആലപ്പുഴ മെഡിക്കല്‍ കോളജിൽനിന്ന് ഹീമോ ഡയാലിസിസ് ആൻഡ് പെരിട്ടോണിയൽ ഡയാലിസിസ് എന്നിങ്ങനെ നിരവധി പരിശീലനങ്ങളിലൂടെ തന്നിലെ ആരോഗ്യ പ്രവർത്തകയെ അവർ തേച്ചുമിനുക്കിയതാണ്. രോഗീ പരിചരണത്തിലും സേവനത്തിലും എപ്പോഴും മുൻനിരയിൽ തന്നെയുള്ളയാൾക്ക് പുരസ്കാരങ്ങൾ പലതും ലഭിച്ചിട്ടുണ്ട്.
2021ൽ ജില്ല ആശുപത്രിയിലെ മികച്ച സ്റ്റാഫ് നഴ്സായി. 2022ൽ ജില്ലയിലെ മികച്ച നഴ്സുമായി. കഴിവും ജോലിയിലെ മികവും പൂർത്തിയാക്കിയ പരിശീലനങ്ങളും പാലിയേറ്റിവ് ഉൾപ്പെടെ രോഗീപരിചരണ പ്രവർത്തനങ്ങളുമെല്ലാം ദേശീയ പുരസ്കാരത്തിന് വഴിയൊരുക്കി.
22ന് ഡൽഹിയിൽ പ്രസിഡന്റിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്നതിന്റെ ആഹ്ലാദം പങ്കുവെക്കുന്ന ഗീത, മികച്ച സേവനം തുടരാനുള്ള പ്രോത്സാഹനമായാണ് നേട്ടത്തെ കാണുന്നത്. പുതിയ പരിശീലനങ്ങൾക്ക് അവസരം ലഭിച്ചാൽ പോകുമെന്ന് ഉറപ്പിച്ച് പറയുന്ന അവർ, നഴ്സിങ് മേഖലയിലെ സഹപ്രവർത്തകരോട് പറയുന്നതും അത്തരം അവസരങ്ങൾ കൈവിടരുതെന്നാണ്.
കൊല്ലം തിരുമുല്ലവാരം വിഷ്ണത്ത്കാവിൽ എസ്.എം.ആർ.എ സുഗീതം വീട്ടിലേക്ക് നേട്ടമെത്തിയതിനു പിന്നിൽ ഭർത്താവ് കെ.എൻ. സുനിൽകുമാറും (സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് എസ്.ഐ കൊല്ലം) മക്കളായ അഖിലിന്റെയും(എൻജിനീയർ) ആര്യയുടെയും(എം.ബി.ബി.എസ് വിദ്യാർഥി) പിന്തുണയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.