കോഴിക്കോട്: ആദ്യം മുടിമുറിക്കാൻ നിന്നുകൊടുത്തത് എൻ.എസ്.എസ് ലീഡർ ഹന്ന ഷെറിനായിരുന്നു. പിന്നെ ഫസ മുസ്തഫയും തൻഹ ഫാത്തിമയും ദേവാംഗനയും ശ്രുതിലയയും കെസിയയും ശീതളും ദിയ മധുവും ദേവനന്ദയും മുടി മുറിച്ചു നൽകി. എണ്ണ തേച്ച് മിനുക്കിയും ഷാംപൂ പതപ്പിച്ചും പൊന്നുപോലെ പരിപാലിച്ച തലമുടി മടികൂടാതെ മുറിച്ചു നൽകുമ്പോൾ അവരുടെ മനസ്സിൽ തെളിഞ്ഞത് മറ്റൊരു ചിത്രമായിരിക്കണം. കാൻസർ ചികിത്സയിൽ തലമുടിയെല്ലാം കൊഴിഞ്ഞ് ജീവിതത്തിന്റെ വെളിച്ചത്തിലേക്കിറങ്ങാൻ മടിച്ച് അങ്ങകലെയെവിടെയോ മറഞ്ഞിരിക്കുന്ന തങ്ങളെപ്പോലൊരു പെൺകുട്ടിയുടെ ചിത്രം.
കോഴിക്കോട് നഗരത്തിലെ പ്രോവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പത് വിദ്യാർഥികളും പൂർവ വിദ്യാർഥികളായ ജോഫിയയും നിജിന മേരിയുമാണ് കാൻസർ രോഗികൾക്കായി സ്വന്തം മുടി മുറിച്ചു നൽകിയത്.
കീമോ തെറപ്പിക്കുശേഷം മുടി പൂർണമായി നഷ്ടമായവർക്ക് വിഗ് നിർമിച്ച് സൗജന്യമായി നൽകുന്ന തൃശൂർ ആസ്ഥാനമായ ഹെയർബാങ്ക് എന്ന സംഘടനക്കാണ് വിദ്യാർഥികൾ മുടിമുറിച്ച് നൽകിയത്.
‘ഞങ്ങളുടെ മുടി ഇനിയും തിരികെ വരുമല്ലോ... മുറിച്ച ഈ മുടി മറ്റൊരാൾക്ക് സമാധാനം നൽകുന്നതിനെക്കാൾ വലിയ സന്തോഷം വേറെയെവിടുന്ന് കിട്ടാൻ...!’ മുടി മുറിച്ചുനൽകിയ കുട്ടികൾക്ക് പറയാനുള്ള വാക്കുകൾ ഇതായിരുന്നു.
മിറക്കിൾ ചാരിറ്റബിൾ അസോസിയേഷനും പ്രോവിഡൻസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടിക്ക് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ സിൽവി ആന്റണി, പ്രോഗ്രാം ഓഫിസർ ഐറിൻ ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.