മസ്കത്ത്: ലോകമെമ്പാടുമുള്ള ആളുകളെ പ്രചോദിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന വനിതകളുടെ പട്ടികയിൽ ഇടംപിടിച്ച് ഒമാനിലെ റുമൈത അൽ ബുസൈദിയും. ബി.ബി.സി തയാറാക്കിയ 100 പേരുടെ പട്ടികയിൽ മുൻ യു.എസ് പ്രഥമ വനിത മിഷേൽ ഒബാമ, മനുഷ്യാവകാശ അഭിഭാഷക അമൽ ക്ലൂണി, ഹോളിവുഡ് താരം അമേരിക്ക ഫെരേര എന്നിവർക്കൊപ്പമാണ് റുമൈതയും ഇടംനേടിയിരിക്കുന്നത്.
‘സയൻസ്, ഹെൽത്ത് ആൻഡ് ടെക്’ വിഭാഗത്തിന് കീഴിലാണ് റുമൈതയെ തെരഞ്ഞെടുത്തിരിക്കുന്നത്. ‘ഒമാനി സ്ത്രീകളും പെൺകുട്ടികളും, നിങ്ങൾ കാലാവസ്ഥ പരിഹാരത്തിന്റെ ഭാഗമാണ്’ എന്ന വിഷയത്തിൽ 2021ലെ ടെഡ് ടോക്കിൽ ഇവർ പങ്കെടുത്തിരുന്നു. ഒരു ദശലക്ഷത്തിലധികം കാഴ്ചക്കാരാണ് ഇതിന് ലഭിച്ചത്.
അൽ ബുസൈദിയുടെ വൈദഗ്ധ്യം കാരണം അറബ് യൂത്ത് കൗൺസിൽ ഫോർ ക്ലൈമറ്റ് ചേഞ്ച്, എൻവയൺമെന്റ് സൊസൈറ്റി ഓഫ് ഒമാൻ എന്നിവയിൽ പങ്കെടുക്കാനും ഇവർക്കായി. ദക്ഷിണ ധ്രുവത്തിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഒമാനി വനിതയും അറബ് സ്ത്രീകളെ ബിസിനസ് ചർച്ചാ കഴിവുകൾ വികസിപ്പിക്കാൻ സഹായിക്കുന്നതിനുള്ള പ്ലാറ്റ്ഫോമായ വുമെക്സിന്റെ സ്ഥാപകയുമാണ്.
കാലാവസ്ഥാ വ്യതിയാനത്തെ മറികടക്കാനുള്ള ഒന്നാമത്തെ പരിഹാരമായി സ്ത്രീകളെയും പെൺകുട്ടികളെയും ശാക്തീകരിക്കുക എന്നതാണ് റുമൈത അൽ ബുസൈദിയ മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.