കോഴിക്കോട്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടറുടെ നിർദേശം അനുസരിച്ച് രോഗികളെ പരിചരിച്ച സ്റ്റാഫ് നഴ്സ് സഫിയ യൂസഫ് ഇനി സ്റ്റെതസ്കോപ് അണിഞ്ഞ് രോഗികളെ പരിശോധിക്കും. കുഞ്ഞുനാളിലെ മനസ്സിൽ താലോലിച്ച, രണ്ടു തവണ കൈയെത്തും ദൂരത്തുനിന്ന് നഷ്ടപ്പെട്ട സ്വപ്നം 39 ാം വയസ്സിൽ സാക്ഷാത്കരിക്കുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത ആനന്ദത്തിലാണ് സഫിയ.
സംസ്ഥാനത്ത് ഗവ. നഴ്സുമാർക്ക് എം.ബി.ബി.എസ് പഠനത്തിന് സർവിസ് ക്വോട്ടയിൽ സർക്കാർ നീക്കിവെച്ച ഏക സീറ്റിനാണ് സഫിയ അർഹത നേടിയത്. ഈ മാസം എട്ടിന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് അഡ്മിഷൻ നേടുമ്പോൾ സഫിയയുടെയും പിതാവിന്റെയും സ്വപ്നമാണ് പൂവണിയുന്നത്.
പിതാവിന്റെ പ്രേരണയിൽ ഡോക്ടറാവണമെന്ന മോഹം മനസ്സിൽ താലോലിച്ച് 2003ലും 2004ലുമായി രണ്ടു തവണ എൻട്രസ് പരീക്ഷ എഴുതിയെങ്കിലും എം.ബി.ബി.എസ് എന്ന ലക്ഷ്യത്തിലെത്തിയില്ല. എൻജിനീയറിങ്ങിന് സാധ്യത ഉണ്ടായിരുന്നെങ്കിലും ചേർന്നതുമില്ല. പിന്നീട് 2005ൽ നഴ്സിങ്ങിന് ചേർന്നു. 2017ൽ തൃശൂർ മെഡിക്കൽ കോളജ് ചെസ്റ്റ് ഹോസ്പിറ്റലിൽ നഴ്സായി ജോലിയിൽ കയറി. എങ്കിലും ഡോക്ടറാവണമെന്ന മോഹം സഫിയ കൈവിട്ടില്ല.
അതിനിടെ വിവാഹം കഴിഞ്ഞ് മൂന്നു കുട്ടികളുടെ മാതാവായി. ഭർത്താവ്, കെട്ടിടനിർമാണ കോൺട്രാക്ടറായ കോട്ടപ്പുറം കുഴികണ്ടത്തിൽ ഹനീഫ, സഫിയയുടെ സ്വപ്നസാക്ഷാത്കാരത്തിന് പൂർണ പിന്തുണ നൽകി. അങ്ങനെ 38ാം വയസ്സിൽ ജോലിയിൽനിന്ന് ലീവെടുത്ത് നീറ്റ് പരിശീലനത്തിനായി കൊയിലാണ്ടി ഡോക്ടർ ജെ.പിസിൽ പ്രവേശനം നേടി. കുട്ടികളെ ഭർത്താവിനൊപ്പം തൃശൂരിൽ നിർത്തിയ സഫിയ പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.
ഫലം വന്നപ്പോൾ 515 മാർക്ക്. സർവിസ് ക്വോട്ടയിൽ അലോട്ട്മെന്റ് ലഭിച്ചതോടെ എം.ബി.ബി.എസിന് പ്രവേശനം നേടി തിരുവനന്തപുരത്തേക്ക് പോകാനുള്ള തയാറെടുപ്പിലാണ് കാട്ടൂർ സ്വദേശി മുൻ പ്രവാസി യൂസഫ് - ലൈല ദമ്പതികളുടെ മകളായ സഫിയ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.