എടവണ്ണപ്പാറ: സാമൂഹിക സേവന രംഗത്ത് വേറിട്ട പ്രവർത്തനങ്ങളിലൂടെ നാല് പതിറ്റാണ്ട് പൂർത്തിയാക്കുകയാണ് വാഴക്കാട് ഗ്രാമപഞ്ചായത്തിലെ വെട്ടത്തൂർ മണ്ണാടിയിൽ റുഖിയ്യ അശ്റഫ്. നാട്ടിലെ പാവങ്ങൾക്കും പ്രയാസമനുഭവിക്കുന്നവർക്കും എന്നും അത്താണിയാണിവർ. ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടിവന്ന ഇവർ അധ്യാപകർക്കും സഹപാഠികൾക്കും കുടിവെള്ളമെത്തിച്ചുകൊടുത്ത് തുടങ്ങിയതാണ് സേവന പ്രവർത്തനം.
അസൗകര്യങ്ങൾ നിറഞ്ഞ കൊച്ചുവീട്ടിൽനിന്ന് രാവിലെ ഏഴിന് യാത്ര തിരിക്കുന്ന റുഖിയ്യയുടെ കൈയിൽ എന്നുമൊരു തുണിസഞ്ചിയുണ്ടാകും. ഇത് നിറയെ പ്രദേശത്തെ നിരാലംബരും നിർധനരുമായ മനുഷ്യരുടെ പ്രയാസങ്ങളാകും. വർഷങ്ങളായി അപേക്ഷ നൽകിയിട്ടും റേഷൻ കാർഡ് ലഭിക്കാത്തവർ, കുടുംബ പെൻഷനു വേണ്ടി കാത്തിരിക്കുന്നവർ, മതിയായ ചികിത്സ ലഭിക്കാതെ പ്രയാസപ്പെടുന്ന നിത്യരോഗികൾ തുടങ്ങി നൂറുകണക്കിനാളുകൾക്ക് വേണ്ടി ഓഫിസുകൾ കയറിയിറങ്ങി ലക്ഷ്യം പൂർത്തിയാക്കുന്ന റുഖിയ്യ ആരിൽനിന്നും പ്രതിഫലം കൈപ്പറ്റാറില്ല. സുമനസ്സുകളായ ചിലർ നൽകുന്ന സാമ്പത്തിക സഹായങ്ങളാണ് ഇതിനായി വിനിയോഗിക്കുന്നത്. നീതി നിഷേധിക്കപ്പെട്ടവർക്കായി സജീവമായി ഇടപെടുന്ന റുഖിയ്യ ലീഗൽ സർവിസസിൽ സജീവ സാന്നിധ്യമാണ്. കിടപ്പിലായ നിത്യരോഗികളെ പരിചരിക്കാനാണ് കൂടുതൽ സമയം ചെലവഴിക്കുന്നത്. ഇതിനിടയിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ എത്തിച്ച് നൽകാനും ഇവർ സമയം കണ്ടെത്തുന്നു. അതിനാൽ വിവിധ മേഖലകളിലുള്ളവരുമായി അടുത്ത ബന്ധം കൈമുതലായുണ്ട്.
നെഹ്റു യുവകേന്ദ്ര യൂത്ത് അവാർഡ്, യുവജന ക്ഷേമ അവാർഡ്, സാക്ഷരത മിഷൻ അവാർഡ്, വികച്ച സേവനത്തിനുള്ള സുതാര്യ കേരളം അവാർഡ് തുടങ്ങി നാൽപതിൽപരം പുരസ്കാരം തേടിയെത്തിയിട്ടുണ്ട്. സമീപ പ്രദേശമായ കിളിക്കതടായിൽ താമസിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് യാത്ര ചെയ്യാൻ ഇരുചക്ര വാഹനവും പഠനത്തിന് ലാപ്ടോപ്പും ലഭ്യമാക്കാനുള്ള ശ്രമത്തിലാണിപ്പോൾ. കർഷകനായ ഭർത്താവ് അശ്റഫ് സേവന പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായി ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.