പാലത്തായി, വാളയാർ, കൊട്ടിയൂർ... പെൺകുട്ടികളുടെ വിലാപങ്ങൾ പേരിനൊപ്പം ചേർത്ത് പറയുന്ന ദേശങ്ങളുെട എണ്ണം കൂടുകയാണ്. നെയ്ത്തിരിവിളക്കിലെ ചെറുനാളം പോലെ ചാഞ്ചാടി നടന്നിരുന്ന കുഞ്ഞുങ്ങളെ, പാതിയിൽ കെടുത്തിയവരിൽ അധ്യാപകനും അങ്കിളും ആത്മീയാചാര്യനും അധികാരമുള്ളവരും എല്ലാമുണ്ട്. കുഞ്ഞുടുപ്പുകളിലേക്കും പുതപ്പുകളിലേക്കും കൈനീട്ടിചെന്നവരുടെ വിലാസങ്ങൾ അവിടെയും അവസാനിക്കില്ല...
കെടുത്തിക്കളഞ്ഞിട്ടും നീറിപ്പുകയുന്ന നോവ് പേറുന്ന നാലാം ക്ലാസുകാരി ഞാൻ ആക്രമിക്കപ്പെട്ടു എന്ന് വിളിച്ച് പറഞ്ഞിട്ടും, കുറ്റാരോപിതനായ അധ്യാപകന് ജാമ്യം കിട്ടിയതിനെ കുറിച്ച് ചോദിക്കുേമ്പാൾ, ആ പൈതലിെൻറ മുറിവിനെ ചൊല്ലി 'നാട്ടില് വ്യത്യസ്ത അഭിപ്രായമാണുള്ളതെന്ന്' പറയുന്ന ഭരണാധികാരിയുള്ള നാട് കൂടിയാണിത്.
വാളയാറിലെ ഒറ്റമുറിവീട്ടിൽ 'തൂങ്ങിമരിച്ച' ആ രണ്ട് കുട്ടികളുടെ നീതിക്ക് വേണ്ടിയുള്ള ശബ്ദങ്ങളെ അടച്ചുപിടിച്ചതും രാഷ്ട്രീയമായിരുന്നു. കുറ്റാരോപിതര്ക്കുവേണ്ടി കോടതിയില് ഹാജരായ വക്കീലിനെ വിചാരണക്കിടയിൽ ശിശുക്ഷേമ സമിതി അധ്യക്ഷനായും നിയമിച്ച നാടാണിത്. കേരളത്തിൽ 2019 ൽ മാത്രം 3,609 പോക്സോ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതിലെത്ര കേസുകൾ നാം കേട്ടിട്ടുണ്ട്? എത്രപേർക്ക് നീതി കിട്ടി? പാലത്തായിയും വാളയാറും കൊട്ടിയൂരും നമ്മളുടെ കുട്ടികൾക്ക് നൽകുന്ന പാഠം എന്താണ്? അവർക്ക് നീതി ലഭ്യമാക്കുന്നതിൽ നാം ഉൾപ്പെടുന്ന സമൂഹത്തിനും സാമൂഹികസംഘടനകൾക്കും ഒന്നും ചെയ്യാനില്ലേ?
ഇൗ സാമൂഹിക ഉത്തരവാദിത്തം വ്യവസ്ഥാപിതമായി നിർവഹിക്കുന്ന ഒരു കൂട്ടായ്മയാണ് ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'നക്ഷത്ര'. തിരുവനന്തപുരം സ്വദേശി ഷെറിൻ ബോസ്േകാ എന്ന മലയാളി പെൺകുട്ടി തുടക്കം കുറിച്ച കൂട്ടായ്മ. ലൈംഗികാതിക്രമത്തിനിരയായ കുട്ടികൾക്ക് നിയമസഹായം നൽകുക, അവർക്ക് നീതി ലഭ്യമാക്കാൻ കോടതിയിൽ ഇടപെടലുകൾ നടത്തുക എന്നിവയാണ് 'നക്ഷത്ര' യുടെ പ്രധാന ദൗത്യങ്ങൾ. എട്ട് വർഷത്തിനുള്ളിൽ തമിഴ്നാടിനെ തന്നെ പിടിച്ചുലച്ചതടക്കമുള്ള 80ഒാളം പോക്സോ കേസിൽ ഇൗ കൂട്ടായ്മ ഇടപെട്ട് കഴിഞ്ഞു. ഏറെ വെല്ലുവിളികൾ നിറഞ്ഞ വഴിയാണിതെന്ന് തിരിച്ചറിഞ്ഞ് തന്നെയാണ് ഷെറിനും കൂട്ടരും പോരാട്ടം തുടരുന്നത്.
മാസ്റ്റേഴ്സ് ചെയ്യാനാണ് ഷെറിൻ ചെന്നൈ ലയോള കോളജിൽ എത്തുന്നത്. പഠനത്തിെൻറ ഭാഗമായി കൊൽക്കത്തയിലെയും മുംബൈയിലെയും ചുവന്ന തെരുവുകൾ സന്ദർശിച്ചതോടെ ഷെറിെൻറ ജീവിതത്തിലും ചിന്തയിലും മാറ്റങ്ങൾക്ക് തുടക്കമാവുകയായിരുന്നു. ഈ രണ്ടിടങ്ങളിലും ചെറിയ പെൺകുട്ടികൾ വ്യാപകമായി ലൈംഗിക ചൂഷണങ്ങൾക്കിരയാകുന്നതായി ബോധ്യപ്പെട്ടു. ആ കുട്ടികളെ പറ്റിയുള്ള ഷെറിെൻറ ആകുലതകൾ കേട്ട പ്രഫ. അൽബോൺസ് രാജാണ് നീ അവർക്ക് വേണ്ടി ഒരു എൻ.ജി.ഒ തുടങ്ങൂ എന്ന് പറയുന്നത്. ആ വാക്ക് വലിയ ധൈര്യവും ഊർജവുമായിരുന്നുവെന്ന് ഷെറിൻ പറയുന്നു. ഇറങ്ങിത്തിരിച്ചപ്പോൾ വെല്ലുവിളികളും പിറകെക്കൂടി. എൻ.ജി.ഒ ആയി രജിസ്ട്രേഷൻ നടത്തണമെങ്കിൽ ഓഫിസും വിലാസവും വേണം. എന്നാൽ, ലൈംഗികാതിക്രമത്തിന് ഇരയായ കുട്ടികളുടെ നീതിക്ക് വേണ്ടി പ്രവർത്തിക്കുന്ന കൂട്ടായ്മക്ക് ഒരു ഇടം നൽകാൻ ആ മഹാനഗരത്തിൽ ആരും തയാറായില്ല.
രിചയക്കാരും സുഹൃത്തുക്കളും വാതിലുകൾ അടച്ചപ്പോഴും പ്രഫസർ തന്നെ മുന്നോട്ട് വന്നു. അദ്ദേഹത്തിെൻറ വീട് തന്നെ ഓഫിസാക്കാൻ അനുവദിച്ചു. അങ്ങനെ അൽബോൺസ് രാജും ഷെറിനും ചേർന്ന് 'നക്ഷത്ര'ക്ക് തുടക്കം കുറിച്ചു. പ്രോഗ്രാം കോഒാഡിനേറ്ററായി ചിന്ദുഷാജനും ഒപ്പം ചേർന്നു. ഇവർ മൂന്ന് പേരുമാണ് നക്ഷത്രയുെട മുന്നണിേപ്പാരാളികൾ. കുട്ടികളുടെ ക്ഷേമം മുന്നിൽ കണ്ട് പ്രവർത്തിക്കുന്ന എണ്ണമറ്റ എൻ.ജി.ഒകൾ ഉണ്ട്. വിദ്യാഭ്യാസവും സാമൂഹികവുമായ പിന്തുണകളും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നവയാണവ. എന്നാൽ, ലൈംഗിക അതിക്രമത്തിനിരയായ കുട്ടികൾക്ക് നീതി ലഭിക്കാൻ, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഇരകൾക്ക് നിയമപരവും മാനസികവുമായ പിന്തുണ നൽകാൻ അധികമാരും ഇല്ലാത്ത അവസ്ഥയുണ്ട്. അതിന് പരിഹാരമാണ് നക്ഷത്ര.
പോക്സോയിൽ (ലൈംഗികാക്രമണങ്ങളില് നിന്ന് കുട്ടികൾക്ക് സംരക്ഷണം നൽകുന്ന നിയമം) ഒരു പ്രധാന പഴുതുണ്ട്, കേസ് രജിസ്റ്റർ ചെയ്ത് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിക്ക് ജാമ്യം ലഭിക്കും എന്നതാണത്. അത് പലതരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. നാർകോട്ടിക്ക്, പോട്ട കേസുകളിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെങ്കിൽ 180 ദിവസം വരെ ജാമ്യം കൊടുക്കരുതെന്നാണ് നിയമം. അതിനേക്കാൾ വലിയ കുറ്റകൃത്യമാണ് പോക്സോ. അതിനാൽ ഈ കേസിൽ ജാമ്യം ലഭിക്കാനുള്ള കാലാവധി 90ൽനിന്ന് 180 ആക്കണമെന്നാണ് ഷെറിനും 'നക്ഷത്ര'യും ആവശ്യപ്പെടുന്നത്. അതിനുള്ള പ്രവർത്തനങ്ങളും സമാന്തരമായി നടന്നുകൊണ്ടിരിക്കുകയാണ്.
180 ദിവസം എന്ന് എന്തുകൊണ്ട് പറയുന്നുവെന്ന് മനസ്സിലാക്കാൻ, ഒരു കേസ് ഹിസ്റ്ററി ഷെറിൻ പറഞ്ഞു. ''വീട്ടിൽ അതിക്രമിച്ച് കയറി ആക്രമി ആറ് വയസ്സുകാരിയുടെ തല ഭിത്തിയിലിടിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം ബലാത്സംഗം ചെയ്യുന്നു. 28 ദിവസമാണ് അവൾ ആശുപത്രിയിൽ കിടന്നത്. തലയിൽ അഞ്ച് തുന്നലും കാലുകൾക്കിടയിൽ നാല് തുന്നലുമുണ്ടായിരുന്നു. ആ കുഞ്ഞ് ജീവനുമായി മല്ലിടുേമ്പാൾ, കുറ്റകൃത്യം ചെയ്ത പ്രതിക്ക് 24 ദിവസത്തിനുള്ളിൽ ജാമ്യം അനുവദിച്ചു. കുട്ടി അപകടനില തരണം ചെയ്തിട്ടില്ല, അപ്പോഴാണ് നിയമത്തിെൻറ പഴുതിലൂടെ കുറ്റവാളി പുറത്തിറങ്ങുന്നത്. ലൈംഗികപീഡനത്തിനിരയായാൽ കുഞ്ഞ് ഉടൻ ആ സംഭവം രക്ഷിതാക്കളോടോ മറ്റോ പറയണമെന്നില്ല. ദിവസങ്ങൾ കഴിഞ്ഞോ, മാസങ്ങൾ കഴിഞ്ഞോ ആകാം.
ചിലപ്പോൾ കുട്ടി ഗർഭിണിയായ ശേഷമായിരിക്കും പറയുന്നത്. ഇത്തരം കേസുകളിൽ കൃത്യവും ശാസ്ത്രീയവുമായ തെളിവുകൾ കണ്ടെത്തുക പൊലീസിന് വെല്ലുവിളിതന്നെയാണ്. ഈ സാഹചര്യത്തിൽ കുട്ടിയുടെ മൊഴി വളരെ പ്രധാനമാണ്. അത് ലഭ്യമാക്കുന്നത് വൈകിക്കുന്നതിലൂടെ കുറ്റവാളിക്ക് ജാമ്യം ലഭിക്കാനുള്ള അവസരം ഒരുക്കുകയാണ്. പോക്സോ കേസിൽ ഒരു കുട്ടിയാണ് ഇര. അവൾ പരാതി കൊടുക്കുന്നതിന് പിന്നിൽ അവൾ സംഭരിച്ച മാനസികമായ ധൈര്യം മാത്രമല്ല, പ്രതി ശിക്ഷിക്കപ്പെടുമെന്നും താൻ സുരക്ഷിതയാകുമെന്നുമുള്ള വിശ്വാസവും കൂടിയാണ് പ്രവർത്തിക്കുന്നത്. അത് തകരുന്നത് കേസിനെ പോലും ബാധിക്കും- ഷെറിൻ പറയുന്നു.
കുട്ടികളുടെയും സ്ത്രീകളുടെയും സാമൂഹിക മുന്നേറ്റം, ക്ഷേമം എന്നിവ ഉറപ്പാക്കുക എന്ന ദൗത്യം കൂടിയുണ്ട് ശിശുക്ഷേമ സമിതി, വനിത കമീഷൻ എന്നിവക്ക്. എന്നാൽ, ഇപ്പോൾ അതിെൻറയെല്ലാം തലപ്പത്ത് നിയമിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും ഒരു യോഗ്യതയുമില്ലാത്ത രാഷ്ട്രീയ നോമിനികളാണ്. അതുകൊണ്ട് തന്നെ നീതിക്കൊപ്പമായിരിക്കില്ല, അഴിമതിക്കൊപ്പമായിരിക്കും അവർ. പ്രതിഭാഗം വക്കീലിനൊപ്പംനിന്ന് ഇരകളെയും സാക്ഷികളെയും ഭീഷണിപ്പെടുത്തിയോ പണം വാഗ്ദാനം ചെയ്തോ പ്രോസിക്യൂഷൻ വാദങ്ങളെ നിരാകരിക്കുന്ന വാദങ്ങൾ കുട്ടികളെ കൊണ്ട് പറയിപ്പിക്കും.
അങ്ങനെ കേസ് ഇല്ലാതാക്കും. ലൈംഗികാതിക്രമണത്തിനിരയായ പത്ത് പേരിൽ രണ്ടോ, മൂന്നോ പേരായിരിക്കും കേസ് കൊടുക്കാൻ പോലും ധൈര്യം കാണിക്കുക. ആ ഒരു ധൈര്യത്തെയാണ്ചില പബ്ലിക് പ്രോസിക്യൂട്ടർമാർ ചോർത്തിക്കളയുന്നത്. അഴിമതി കാണിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ച മൂന്ന് പബ്ലിക് പ്രോസിക്യൂട്ടർമാരെ ഷെറിെൻറ നിയമ ഇടപെടലുകൾ മൂലം കേസുകളിൽ നിന്ന് ഒഴിവാക്കിയിരുന്നു.
സേലം വാഴപ്പാടിയിൽ 2014 ൽ അച്ഛനും അമ്മക്കുമൊപ്പം കിടന്നുറങ്ങിയ പത്ത് വയസ്സുകാരിയെ പ്രാദേശിക രാഷ്ട്രീയനേതാക്കൾ തട്ടിക്കൊണ്ട്പോയി പീഡിപ്പിച്ച് കൊന്ന ശേഷം ആരാധനാലയത്തിന് മുന്നിലെ ആൽമരത്തിൽ നഗ്നയായി കെട്ടിത്തൂക്കി. വലിയ ചർച്ചയായ കേസാണ്.എന്നിട്ടും പബ്ലിക് പ്രോസിക്യൂട്ടർ പ്രതികൾക്കൊപ്പമായിരുന്നു. ഭീഷണിയിൽ പേടിച്ച് പോയ ആ കുട്ടിയുടെ രക്ഷിതാക്കൾ നിയമസഹായവുമായെത്തിയ ഞങ്ങളോട് സഹകരിക്കാൻ പോലും ഭയന്നു. പക്ഷേ, ആ കുട്ടിയുടെ അമ്മ പറഞ്ഞു, ഞാൻ എവിടെയും വരാം, എെൻറ മകൾക്ക് നീതി ലഭിക്കണം, അവരെ വെറുതെ വിടാൻ അനുവദിക്കരുതെന്ന്.
പരാതികൊടുത്ത് പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി പുതിയ ആെള നിയമിച്ചു. 2018 ൽ ഇരട്ട ജീവപര്യന്തമാണ് കോടതി പ്രതികൾക്ക് ശിക്ഷ വിധിച്ചത്. തിരുവള്ളൂരിൽ രണ്ട് കേസുണ്ടായിരുന്നു. സെറിബ്രൽ പാൾസിയുള്ള, സംസാരിക്കാനും നടക്കാനും മറ്റും പ്രയാസമുള്ള കുട്ടിയെ പീഡിപ്പിച്ച കേസാണ് ഒന്ന്. കേസിലെ പ്രതിക്ക് ഇരിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ കസേര കൊടുക്കും. ഇരയുടെ രക്ഷിതാക്കളെ തറയിലിരുത്തും. ഇതുൾെപ്പടെ രണ്ട് കേസിലും രക്ഷിതാക്കൾക്ക് പബ്ലിക് പ്രോസിക്യൂട്ടർ പ്രതിഭാഗത്തിനൊപ്പം നിന്ന് പണം വാഗ്ദാനം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടികൾ കോടതിയിൽ പരാതി നൽകിയതോടെ, പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി.
സാമ്പത്തികമായ പിന്നാക്കാവസ്ഥ മൂലം അനാഥാലയത്തിൽ കഴിഞ്ഞ ആറ് കുട്ടികളെ പ്രധാനാധ്യാപകൻ പീഡിപ്പിച്ച കേസാണ് രണ്ടാമത്തേത്. പീഡനമേറ്റ കുഞ്ഞിനോട് അധ്യാപകൻ പറയുകയാണ് നീ ഇത് പുറത്ത് പറഞ്ഞാൽ ഞാൻ തലയിൽ പെട്ടിയുംവെച്ച് വീട്ടിലേക്ക് പറഞ്ഞ് വിടും എന്ന്. പട്ടിണി കിടക്കേണ്ടി വരും എന്നർഥം.ഇരകളുടെ ഇത്തരം സാമൂഹിക അവസ്ഥകളെയാണ് അവർ ചൂഷണം ചെയ്യുന്നത്. അതിൽ ഒരു കുട്ടിക്ക് ചിക്കൻപോക്സ് വന്ന് വീട്ടിൽ പോയതോടെയാണ് പീഡനം പുറത്തറിയുന്നത്. ''ഹെഡ്മാസ്റ്റർ നല്ല മനുഷ്യനാണ് നിങ്ങൾ ഇങ്ങനെയെല്ലാം പറഞ്ഞാൽ ദൈവം നിങ്ങളെ ശിക്ഷിക്കും'' എന്ന് പറഞ്ഞാണ് പബ്ലിക് പ്രോസിക്യൂട്ടർ കുട്ടികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചത്. അതുനടക്കാതെയായപ്പോൾ ഭീഷണി, പിന്നെ പണം വാഗ്ദാനം ചെയ്യൽ. കുട്ടികളുടെ പരാതിയിൽ പബ്ലിക് പ്രോസിക്യൂട്ടറെ അറസ്റ്റ് ചെയ്തു. ഇപ്പോൾ പബ്ലിക് പ്രോസിക്യൂട്ടർക്ക് എതിരെയുള്ള കേസിലും പോക്സോ കേസിലും വിചാരണ നടക്കുകയാണ്. ഇതിന് പുറമെ തമിഴ്നാടിനെ തന്നെ പിടിച്ചുലച്ചകേസായിരുന്നു ഹാസിനി കേസ്.
അതിൽ വക്കീലിനെ നിയമിച്ചതും കേസ് നടത്തിയതും 'നക്ഷത്ര'യായിരുന്നു. ഏഴ് വയസ്സുകാരിയായ ഹാസിനിയെന്ന പെൺകുട്ടിയെ അയൽവാസിയും ടെക്കിയുമായ ദശ്വന്ത് എന്ന 23 കാരൻ പീഡിപ്പിച്ച് കൊന്ന ശേഷം കത്തിച്ച് കളയുകയായിരുന്നു. ആ കേസിൽ പ്രതിക്ക് വധശിക്ഷ ലഭിച്ചു. കേസുകളുമായി ഇറങ്ങിത്തിരിക്കുേമ്പാൾ നേരിടാത്ത വെല്ലുവിളികൾ ഇല്ലെന്ന് ഷെറിൻ പറയുന്നു. ഈ ശരീരത്തിൽ ഒടിയാനൊന്നുമില്ല, പ്രതികളും അവരുടെ ആളുകളും ചേർന്ന് കൈ അടിച്ച് ഒടിച്ചു. തള്ളിയിട്ട് പല്ല് രണ്ടെണ്ണം പോയി, എന്ന് കരുതി പിന്മാറാനൊന്നും പോകുന്നില്ല.
ഒരു കുഞ്ഞ് അതിക്രമത്തിനിരയായാൽ ആ കുടുംബത്തിനാവശ്യമായ പിന്തുണയാണ് സമൂഹം നൽകേണ്ടതെന്ന് ഷെറിൻ പറയുന്നു. പലപ്പോഴും നമ്മുടെ നാട്ടിലുള്ള പ്രവണത അതല്ല. മാതാപിതാക്കളെ കുറ്റം പറയാനാണ് സമൂഹത്തിനിഷ്ടം. നാം മനസ്സിലാക്കേണ്ട കാര്യം, ഇത് മാതാപിതാക്കളുടെ കുറ്റമല്ല. വളരെ ക്രൂരനായ ഒരു മനുഷ്യെൻറ ചെയ്തികളാണെന്ന് മനസ്സിലാക്കണം. അതുകൊണ്ട് ഇരയ്ക്കൊപ്പം കേസിെൻറ അവസാനം വരെ നമ്മളുണ്ടാവണം. കാരണം ആ കുട്ടിയും കുടുംബവും നേരിടുന്ന വെല്ലുവിളികൾ ഭീകരമാണ്. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ പാതിവഴിയിൽ അവർ വീണ് പോകരുത്.
ഒപ്പം ഉണ്ടാകണം. വർഷങ്ങൾ എടുത്തേക്കാം, നീതിയിലേക്ക് അവരെത്താൻ. കാരണം ആ കുട്ടി പൊതുസമൂഹത്തിലേക്ക് വരണം, മറ്റുള്ളവരെ പോലെ പഠിക്കുകയും തൊഴിലെടുക്കുകയും ജീവിക്കുകയും വേണം. രക്ഷിതാക്കൾക്കും കുട്ടികൾക്കും ആവശ്യമുള്ള പിന്തുണ കൊടുക്കുക എന്നതാണ് 'നക്ഷത്ര'യുടെ പ്രവർത്തന രീതി. പഠിക്കണമെന്ന് ആഗ്രഹമുള്ള കുട്ടികൾക്ക് പഠിക്കാനും മറ്റും അവസരം ഒരുക്കും. ഇത്തരമൊരു ഭീകര അവസ്ഥയിലൂടെ വന്ന കുട്ടികൾക്ക് പഠിക്കാനൊന്നും താൽപര്യമുണ്ടാവില്ല. അവരെ പഠനത്തിലേക്ക് തിരികെ കൊണ്ട് വരികയടക്കമുള്ള പ്രവർത്തനങ്ങളും നമ്മുടെ ഭാഗത്ത് നിന്നുണ്ടാകണം.
മാതാവോ പിതാവോ മാത്രമുള്ള കുട്ടികൾ, അല്ലെങ്കിൽ ചോദിക്കാനും പറയാനും ആരും ഇല്ലെന്ന് സമൂഹം കരുതുന്ന കുട്ടികൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എല്ലാമാണ് കൂടുതലായും ചൂഷണം ചെയ്യപ്പെടുന്നത്. എന്നാൽ, അവിടെ മാത്രമാണെന്ന് കരുതരുത്. ഏത് വീട്ടിലും അത് സംഭവിക്കാം. ഏതു വീട്ടിലും കുട്ടികളെ തേടി ആ കൈകൾ എത്താം. അതുകൊണ്ട് കുട്ടികൾക്ക് ചെറുപ്പം മുതലേ ധൈര്യം പകർന്ന് കൊടുക്കണം. പലപ്പോഴും രക്ഷിതാക്കൾ തിരക്കിലായിരിക്കാം. എപ്പോഴും കൂടെയുണ്ടാകാൻ കഴിഞ്ഞ് കൊള്ളണമെന്നില്ല. പക്ഷെ, ഫോണിലൂടെയാണെങ്കിലും അവളോട് പറയണം മോളെ നിനക്കൊരു പ്രശ്നമുണ്ടെങ്കിൽ ഞങ്ങൾ ഉണ്ടായിരിക്കും എന്ന്. നിനക്ക് എന്തും തുറന്ന് പറയാനുള്ള ഒരിടം ഞങ്ങൾക്കിടയിലുണ്ടെന്ന് അവളെ ബോധ്യപ്പെടുത്താനും കഴിയണം.
അവൾ എന്ത് പറഞ്ഞാലും വിശ്വസിക്കാനുള്ള മനസ്സ് രക്ഷിതാക്കൾക്കുണ്ടായിരിക്കണം. പലപ്പോഴും രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന സമീപനം എന്താണെന്ന് വെച്ചാൽ, ഏറ്റവും അടുത്ത ബന്ധുവായിരിക്കും കുട്ടിയോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടാവുക. കുട്ടി അതേപ്പറ്റി സൂചിപ്പിക്കുേമ്പാൾ ആട്ടിയോടിക്കുകയല്ല വേണ്ടത്, അവൾ പറയുന്നത് വിശ്വസിക്കുകയാണ് വേണ്ടത്. അത് മതി. അത് കുഞ്ഞിന് നൽകുന്ന ഒരു പാഠം ഉണ്ട് എനിക്ക് അച്ഛനോടും അമ്മയോടും എന്തും പറയാമെന്നുള്ള പാഠമാണത്. ആ ഒരു ധൈര്യം, ആ വിശ്വാസം മതി കുട്ടിക്ക് ഏത് പ്രതിസന്ധിയെയും അതിജീവിക്കാനുള്ള ഊർജം ലഭിക്കാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.